പുതിയ ആശയങ്ങളും പുതിയ വികസനങ്ങളും; സര്‍ക്കാരിന്റെ കേരള ഡയലോഗ് ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങളും വികസന മാതൃകകളും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന കേരള ഡയലോഗ് എന്ന ഓണ്‍ലൈന്‍ സംവാദ പരിപാടി ഇന്ന് മുതല്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ സംവാദ പരിപാടി സംപ്രേഷണം ചെയ്യും.

ലോക പ്രശസ്ത പണ്ഡിതരായ നോം ചോസ്‌കി, അമര്‍ത്യ സെന്‍, സൗമ്യ സ്വാമി നാഥന്‍ എന്നിവര്‍ ഇന്നത്തെ എപ്പിസോഡില്‍ സംസാരിക്കും. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാം, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍ എന്നിവരാണ് മോഡറേറ്റര്‍മാര്‍. അതേസമയം, 2018 ലെ പ്രളയത്തിന് ശേഷം സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച രാജ്യാന്തര ഏജന്‍സിയായ കെപിഎംജിക്ക് റിബിള്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു.

13 കമ്പനികളെ പിന്തള്ളിയാണ് 6.82 കോടിക്ക് കെപിഎംജി കരാര്‍ നേടിയത്. 24 മാസമാണ് കരാര്‍ കാലാവധി. കെപിഎംജിയുടെ സൗജന്യ സേവനം സംബന്ധിച്ച് ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ ശരിവക്കുന്നതാണ് കരാറെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 6.82 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയതില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

കെപിഎംജിക്കെതിരെ മുന്‍പ് ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണ് പുതിയ കരാറെന്നും ചെന്നിത്തല വിമര്‍ശിച്ചു. അതേസമയം, സുതാര്യമായ നടപടികളിലൂടെയാണ് കരാര്‍ നല്‍കിയതെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. പ്രളയ ശേഷം കെപിഎംജിയുമായുള്ള സഹകരണം വിവാദമായിരുന്നു. നേരത്തെ പുനര്‍നിര്‍മാണത്തിന് രൂപരേഖ തയ്യാറാക്കാന്‍ കെപിഎംജിയുടെ സൗജന്യ സേവനം കേരള സര്‍ക്കാരിന് ലഭിച്ചിരുന്നു.

Top