റോഹിങ്ക്യ; ബംഗാൾ ഉൾക്കടലിന്റെ ദ്വീപിൽ പുതിയ വീടുകൾ പണിയാൻ ബംഗ്ലാദേശ് ഭരണകുടം

Bay of Bengal

ധാക്ക : മ്യാൻമറിലെ വംശീയ കലാപം ഭയന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ ജനതകൾക്കായി ബംഗാൾ ഉൾക്കടലിന്റെ ജനവാസമില്ലാത്ത ദ്വീപിൽ പുതിയ വീടുകൾ പണിയാൻ പദ്ധതിയുമായി ബംഗ്ലാദേശ് ഭരണകുടം. ഏകദേശം 100,000 റോഹിങ്ക്യൻ അഭയാർത്ഥികൾക്കായാണ് ഇവിടെ വീടുകൾ പണിയുന്നത്.

താഴ്ന്നുകിടക്കുന്ന ദ്വീപിൽ റോഹിങ്ക്യൻ അഭയാർത്ഥികൾക്കായി വീടൊരുക്കുന്നത് താൽക്കാലിക ക്രമീകരണമാണെന്നും കോക്സ്സ് ബസാറിൽ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ എണ്ണം വർധിക്കുന്നതിനാലാണ് പുതിയ നടപടിയെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന പറഞ്ഞു.

മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ആറു ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കോക്സ്സ് ബസാറിൽ എത്തിച്ചേർന്നിട്ടുണ്ട്. കൂടാതെ കുടാപലോങ്, ബലൂഖലി മെഗാ ക്യാമ്പുകളിലും അഭയാർത്ഥികൾ താമസിക്കുന്നുണ്ട്.

അഭയാർത്ഥികൾക്ക് തിരികെ മ്യാന്‍മറിലേയ്ക്ക് പോകാനോ, അല്ലെങ്കിൽ മൂന്നാമതൊരു രാജ്യത്ത് അഭയം തേടിയിട്ടുണ്ടെങ്കിലോ മാത്രമേ ഇവിടെ നിന്ന് പോകാൻ കഴിയുകയുള്ളുവെന്ന് ബംഗ്ലാദേശ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേ സമയം ഇത് ഒരു കോൺസൺട്രേഷൻ ക്യാമ്പല്ല. എന്നാൽ ഇവിടെ ചില നിയന്ത്രണങ്ങളുണ്ടാകുമെന്നും ദ്വീപ് എപ്പോഴും പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മഴക്കാലം എത്തുന്നതിന് മുൻപ് തന്നെ അഭയാർത്ഥികളെ ഇവിടെ എത്തിക്കാനാണ് ബംഗ്ലാദേശ് ലക്ഷ്യമാക്കുന്നത്. അതിനായി ബ്രിട്ടീഷ്, ചൈനീസ് എൻജിനീയർമാരുടെ നേതൃത്വത്തിൽ ദ്വീപിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Top