പുതിയ ഹിമാലയന്‍ 452 കാമറ്റ് വൈറ്റ് കളര്‍ സ്‌കീമില്‍; നവംബര്‍ ഏഴിന് ലോഞ്ച് ചെയ്യും

ഡ്വഞ്ചര്‍ റൈഡേഴ്‌സിന്റെ സ്വപ്ന മോട്ടോര്‍സൈക്കിളാണ് 2016-ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. ഓണ്‍റോഡില്‍ എന്നപോലെ ഓഫ്-റോഡിലും പുലിയാണ് ഹിമാലയന്‍. നവംബര്‍ ഏഴിന് പരിഷ്‌കരിച്ച ഹിമാലയന്‍ പുറത്തിറക്കാനിരിക്കുകയാണ് കമ്പനി. പുത്തന്‍ ഹിമാലയന്‍ 452 മോഡലിന്റെ ടീസര്‍ വിഡിയോകളും ചിത്രങ്ങളും എന്‍ഫീല്‍ഡ് പങ്കുവച്ചിട്ടുണ്ട്. തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലാണ് വരാനിരിക്കുന്ന ഹിമാലയന്റെ പുതിയ ചിത്രം പുറത്തുവന്നത്. ഇതില്‍ മോട്ടോര്‍സൈക്കിള്‍ അതിന്റെ പുതിയ കാമറ്റ് വൈറ്റ് കളര്‍ സ്‌കീമിലാണ് കാണുന്നത്.

നിലവിലെ ഹിമാലയന്‍ 411 ഭാരമേറിയതാണെന്നും, പവറും, പെര്‍ഫോമന്‍സും അത്രപോരെന്നുമുള്ള പരാതികള്‍ പരിഹരിച്ചുകൊണ്ടാണ് പുതിയ 452 പതിപ്പിനെ ബ്രാന്‍ഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്. പുതിയ 451.65 സിസി, ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും ഹിമാലയന്‍ 452 മോഡലിന് കരുത്തേകുക. ഇതാദ്യമായാണ് റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഒരു മോട്ടോര്‍സൈക്കിളില്‍ ലിക്വിഡ് കൂളിങ് എഞ്ചിന്‍ ഉപയോഗിക്കുന്നത്. 8,000 ആര്‍പിഎം-ല്‍ 40 ബിഎച്ച് പി കരുത്തും 40 എന്‍എം ടോര്‍ക്കും എഞ്ചിന്‍ ഉത്പ്പാദിപ്പിക്കും. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയര്‍ബോക്സും, അഡ്വഞ്ചര്‍ ടൂററില്‍ ഉള്‍പ്പെടുത്തും.

വിശദമായ മാപ്പോടെ വരുന്ന പുതിയ വൃത്താകൃതിയിലുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് മോട്ടോര്‍സൈക്കിളിന്റെ ഫീച്ചറുകളിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ട്രിപ്പര്‍ നാവിഗേഷന്റെ പുതിയ തലമുറ പതിപ്പ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ റോയല്‍ എന്‍ഫീല്‍ഡ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സസ്‌പെന്‍ഷനായി മുന്നില്‍ USD ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഓഫ്സെറ്റ് മോണോഷോക്കുമായിരിക്കും നല്‍കുക. എല്‍ഇഡി ലൈറ്റിംഗും ഹസാര്‍ഡ് ലൈറ്റുകളും സൈഡ്-സ്റ്റാന്‍ഡ് കട്ട് ഓഫ് സ്വിച്ചും വാഗ്ദാനം ചെയ്യും. ട്യൂബ്ലെസ് സ്‌പോക്ക്ഡ് വീലുകളും മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഇതും സെഗ്മെന്റില്‍ പുതിയത് ആയിരിക്കും.

Top