ഗുജറാത്തില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളുമായി ബിജെപി; സംഘടനാ തലത്തില്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്

അഹമ്മദാബാദ്: ചരിത്ര വിജയം നേടി തുടര്‍ച്ചയായി ഏഴാം തവണയും അധികാരം പിടിച്ചെടുത്ത ഗുജറാത്തില്‍ ബിജെപി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി. ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഗാന്ധിനഗറില്‍ വച്ചാണ് സത്യപ്രതിജ്ഞ. മന്ത്രിസഭയില്‍ ആരൊക്കെ എന്ന കാര്യത്തില്‍ ഉടന്‍ വ്യക്തത വരും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ സത്യാപ്രതിജ്ഞാചടങ്ങില്‍ സംബന്ധിക്കുമെന്ന് ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ അറിയിച്ചു. ഗുജറാത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെയാണ് ബിജെപി തുടര്‍ഭരണം നേടുന്നത്.

ദേശീയ രാഷ്ട്രീയത്തില്‍ നരേന്ദ്ര മോദിയുടെ അപ്രമാദിത്വം ഉറപ്പിക്കുന്നതാണ് ഗുജറാത്തിലെ ബിജെപിയുടെ മിന്നുന്ന വിജയം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മാതൃക മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിന് തുടക്കമിടാന്‍ തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ സഹായിക്കും. ഹിമാചല്‍ പിടിച്ച് മുഖം രക്ഷിച്ചെങ്കിലും ദേശീയ പാര്‍ട്ടിയായി എഎപി മാറിയത് കോണ്‍ഗ്രസിന് വെല്ലുവിളിയായി മാറും.

അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടായ പശ്ചാത്തലത്തില്‍ ഗുജറാത്ത് കോണ്‍ഗ്രസില്‍ സംഘടന തലത്തില്‍ അഴിച്ച് പണി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് ഠാക്കൂര്‍ അടക്കമുള്ളവര്‍ സ്ഥാനം ഒഴിഞ്ഞേക്കും.

ഇന്നലെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രഘു ശര്‍മ സ്ഥാനം രാജി വെച്ചിരുന്നു. സംസ്ഥാന ഘടകം ഏതാണ്ട് ഒറ്റയ്ക്ക് നയിച്ച തെരഞ്ഞെടുപ്പായിരുന്നു ഗുജറാത്തിലേത്.

 

Top