പുതുതലമുറ ഒക്ടാവിയ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി സ്‌കോഡ

വര്‍ഷം പകുതിയോടെ പുതുതലമുറ ഒക്ടാവിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി സ്‌കോഡ. കഴിഞ്ഞ വര്‍ഷം നവംബറില്‍ നാലാം തലമുറ ഒക്ടാവിയ, സ്‌കോഡ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പ്രതിസന്ധി ഇല്ലായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം തന്നെ മോഡല്‍ വിപണിയില്‍ എത്തുമെന്നായിരുന്നു കമ്പനി വക്താവിന്റെ പ്രതികരണം.

മുന്‍ തലമുറ ഒക്ടാവിയയ്ക്ക് ബിഎസ് 6 മലിനീകരണ മാനദണ്ഡങ്ങള്‍ക്കുള്ള അപ്‌ഡേറ്റുകള്‍ ലഭിച്ചില്ല, അതിനാല്‍ 2020-ന്റെ തുടക്കത്തില്‍ വാഹനം രാജ്യത്ത് വില്‍പ്പനയ്‌ക്കെത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ പൂനെക്ക് സമീപം പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുക അളക്കുന്ന ഉപകരണങ്ങള്‍ സെഡാനില്‍ ഘടിപ്പിച്ചിരിക്കുന്നതായി ചിത്രങ്ങള്‍ കാണിക്കുന്നു.

രാജ്യത്തെ മിഡ് പ്രീമിയം ശ്രേണിയില്‍ സ്‌കോഡ ഒക്ടാവിയ അതിവേഗം വളര്‍ന്നു വരുന്നുണ്ടെങ്കിലും മികച്ചൊരു വില്‍പ്പന സംഖ്യ നേടിക്കൊടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പുതിയ സ്‌കോഡ ഒക്ടാവിയയില്‍ അത്യാധുനികവും നവീനവുമായ സ്റ്റൈലിംഗ് സവിശേഷതയാകും ഇടംപിടിക്കുക. ഇത് മുന്‍ഗാമിയേക്കാള്‍ നീളവും വീതിയും ഉള്ളതിനാല്‍ വലിയ ക്യാബിനും ട്രങ്കും വാഗ്ദാനം ചെയ്യുന്നുണ്ട്. വെര്‍ച്വല്‍ കോക്ക്പിറ്റ്, ഒരു പൂര്‍ണ്ണ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒന്നിലധികം എയര്‍ബാഗുകള്‍, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മറ്റ് നിരവധി പ്രീമിയം സവിശേഷതകള്‍ പുതിയ മോഡലില്‍ അടങ്ങിയിരിക്കുന്നു.

Top