ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി പുതിയ ഫോര്‍ഡ് ഫിഗോ

ക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഇന്ത്യയിലെ ജനപ്രിയ ഹാച്ച് ബാക്കാണ് ഫിഗോ. കരുത്തുകൊണ്ടും നിര്‍മ്മാണത്തികവുകൊണ്ടും എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന ഈ വാഹനം പുറത്തിറങ്ങിയ കാലം മുതല്‍ സുരക്ഷാമികവിലും മുന്നിലാണ്.

ഫിഗോയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഇടംപിടിച്ചേക്കുമെന്ന് കേട്ടുതുടങ്ങിയിട്ട് കുറച്ചുകാലമായി. ഇപ്പോഴിതാ ഈ വാര്‍ത്തകള്‍ക്ക് വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്. പെട്രോള്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയെത്തുന്ന പുതിയ ഫോര്‍ഡ് ഫിഗോ ജൂലൈ 22-ന് അവതരിപ്പിക്കുമെന്നാണ് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫോര്‍ഡിന്റെ കോംപാക്ട് എസ്‌യുവിയായ എക്കോസ്പോട്ടില്‍ നല്‍കിയിട്ടുള്ള ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും ഫിഗോയുടെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എക്കോസ്പോട്ടില്‍ 1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിന്‍ മോഡലിലാണ് ഈ ഗിയര്‍ബോക്സ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

95 ബി.എച്ച്.പി. പവറും 119 എന്‍.എം.ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഫിഗോയില്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഫിഗോ നിരത്തുകളില്‍ എത്തുന്നത്. അതേസമയം, ഫിഗോയുടെ സെഡാന്‍ മോഡലായ ആസ്പറയറിലും ഹാച്ച്ബാക്ക് പതിപ്പായ ഫ്രീസ്‌റ്റൈലിലും ഓട്ടോമാറ്റിക് നല്‍കുന്നുണ്ടോയെന്ന് വ്യക്തമല്ല.

ഫിഗോയുടെ പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിന് 18.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലേക്ക് മാറുന്നതോടെ ഇതില്‍ നേരിയ കുറവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ഡീസല്‍ എന്‍ജിനിലും ഫിഗോ നിരത്തുകളില്‍ എത്തുന്നുണ്ട്. 99 ബി.എച്ച്.പി. പവറും 215 എന്‍.എം.ടോര്‍ക്കുമേകുന്ന 1.5 ലിറ്ററാണ് ഡീസല്‍ എന്‍ജിന്‍.

ഡിസൈനിലും ഫീച്ചറുകളിലും മാറ്റം വരുത്താതെയാണ് ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പ് എത്തുന്നത്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ചിട്ടുള്ള വലിയ ഗ്രില്ലും സ്‌റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പും, മസ്‌കുലര്‍ ഭാവമുള്ള ബമ്പറും, അലോയി വീലുകളുമെല്ലാം തുടര്‍ന്നും ഫിഗോയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ആംബിയന്റ്, ട്രെന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ നാല് വേരിയന്റുകളിലാണ് ഫോര്‍ഡ് ഫിഗോ നിരത്തുകളിലെത്തുന്നത്. 2019ല്‍ അടിമുടി പരിഷ്‌കരിച്ചെത്തിയ ഫിഗോയുടെ ബിഎസ്6 പതിപ്പ് 2020 ഫെബ്രുവരിയിലാണ് കമ്പനി അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ലാറ്റിന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റി അയച്ച ഫിഗോ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഗുജറാത്തിലെ സാനന്ദിലെ പ്ലാന്റില്‍ നിര്‍മ്മിച്ച് മെക്സികോയിലെത്തിച്ച ഹാച്ച്ബാക്ക് മോഡലായ ഫിഗോയും സെഡാന്‍ മോഡലായ ആസ്പയറും നാല് സ്റ്റാര്‍ റേറ്റിങ് നേടിയാണ് സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് തെളിയിച്ചത്.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുകളാണ് ഫോര്‍ഡിന്റെ ഈ വാഹനങ്ങള്‍ സ്വന്തമാക്കിയത്. നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്സ്, സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളാണ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്. ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ക്രാഷ് ടെസ്റ്റില്‍ വിലയിരുത്തിരുന്നു.

3941 എംഎം നീളവും 1704 എംഎം വീതിയും 1525 എംഎം ഉയരവും 2490 എംഎം എംഎം വീല്‍ബേസുമുണ്ട് നിലവിലെ ഫിഗോയ്ക്ക്. 1016 മുതല്‍ 1078 കിലോഗ്രാമാണ് ഭാരം. ഡ്രൈവര്‍ പാസഞ്ചര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ വ്യൂ ക്യാമറ , ഉയര്‍ന്ന വകഭേദത്തില്‍ സൈഡ്-കര്‍ട്ടണ്‍ എയര്‍ബാഗ് (ആകെ ആറ് എയര്‍ബാഗ്), ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ലോഞ്ച് അസിസ്റ്റ് എന്നിങ്ങനെയാണ് സുരക്ഷാ സംവിധാനങ്ങള്‍.

 

Top