പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ.സൂരജിനെതിരെ വീണ്ടും എഫ്‌.ഐ.ആർ

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ വീണ്ടും എഫ്.ഐ.ആര്‍.

മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച മലപ്പുറം ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകള്‍ക്ക് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയതിലെ അഴിമതിയെക്കുറിച്ചുള്ള കേസിലാണ് പുതിയ എഫ്.ഐ.ആര്‍. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടത്. 35 കോടിയുടെ അഴിമതിയാണ് കേസില്‍ ആരോപിക്കപ്പെടുന്നത്.

കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡി കെ.എസ്.രാജു, ചീഫ് എഞ്ചിനീയര്‍ പി.കെ.സതീശന്‍, ജനറല്‍ മാനേജര്‍ ശ്രീനാരായണന്‍, മാനേജിങ് ഡയറക്ടര്‍ പി.ആര്‍ സന്തോഷ് കുമാര്‍, ഫിനാന്‍സ് മാനേജര്‍ ശ്രീകുമാര്‍ ,അണ്ടര്‍ സെക്രട്ടറി എസ്.മാലതി, കരാറുകാരായ പി.ജെ.ജേക്കബ്, വിശ്വനാഥന്‍ വാസു അരങ്ങത്ത്, കുരീക്കല്‍ ജോസഫ് പോള്‍ എന്നിവര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യാനാണ് കോടതി നിര്‍ദ്ദേശം.

പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 30-നാണ് ടി ഒ സൂരജ് അടക്കം നാലു പേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 45 ദിവസത്തിലധികമായി ജയിലില്‍ കഴിയുകയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൂരജ് ആദ്യം നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

Top