new film shajahanum parikuttyum

ഷാജഹാന്റെയും പരീക്കുട്ടിയുടെയും പ്രണയപശ്ചാത്തലത്തില്‍ രസകരമായ ഒരു പ്രണയചിത്രം ഒരുങ്ങുകയാണ് മലയാളത്തില്‍. ബോബന്‍ സാമുവല്‍ സംവിധാനംചെയ്യുന്ന ഷാജഹാനും പരീക്കുട്ടിയും എന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യയും അജു വര്‍ഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ അമലാ പോളാണ് നായിക.

സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, ശ്രീജിത് രവി, ഇര്‍ഷാദ്, വിജയരാഘവന്‍, കുഞ്ചന്‍, സുനില്‍ സുഖദ, കൊച്ചുപ്രേമന്‍, ലിയോഷ്, ഹരീഷ് കണാരന്‍, സലാം ബുഹാരി, ഷാജു ശ്രീധര്‍, കലാഭവന്‍ ഹനീഫ്, സജി മാരി, തിരുമല രാമചന്ദ്രന്‍, ഇന്ത്യന്‍ പള്ളാശേരി, ലെന, വിനയപ്രസാദ്, ശ്രുതിലക്ഷ്മി, മിനി അരുണ്‍ എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം പ്രശസ്ത സംവിധായകന്‍ റാഫിയും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജിയ എന്ന കഥാപാത്രത്തെയാണ് അമല പോള്‍ അവതരിപ്പിക്കുന്നത്. ജിയ സമ്പന്ന കുടുംബത്തിലെ അംഗമാണ്. ഈ തലമുറയിലെ പെണ്‍കുട്ടിയാണെങ്കിലും വളരെ നല്ല രീതിയില്‍ ജീവിക്കുന്ന വ്യക്തിത്വമുള്ളവരാണ്. വളരെ പ്രതീക്ഷയോടെ ഏറെ സ്വപ്നങ്ങളുള്ള പെണ്‍കുട്ടി.

കുടുംബത്തോടൊപ്പം വളരെ സന്തോഷത്തോടെ കഴിയുമ്പോഴാണ് യാദൃച്ഛികമായി ഒരു ദുരന്തം അവരുടെ ജീവിതത്തിലേക്കു കടന്നുകൂടിയത്. അതോടെ ജിയയുടെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു.ഈ സാഹചര്യത്തിലാണ് രണ്ടു ചെറുപ്പക്കാര്‍ ജിയയുടെ അടുക്കലെത്തുന്നത്.

വളരെ വ്യക്തമായ ലക്ഷ്യത്തോടെയുള്ള ഈ യുവാക്കളുടെ വരവ് ഏവരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.

ഒരു പെണ്‍കുട്ടിയെ രണ്ടുതരത്തില്‍ പ്രണയിക്കുന്ന രണ്ടുപേര്‍ പ്രണവും പ്രിന്‍സും. ഇവരുടെ രസകരമായ മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രണവായി കുഞ്ചാക്കോ ബോബനും പ്രിന്‍സായി ജയസൂര്യയും വേഷമിടുന്നു.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം വൈ.വി. രാജേഷ് . അനീഷ് ലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നാദിര്‍ഷാ, ബി.കെ. ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപിസുന്ദര്‍, നാദിര്‍ഷാ എന്നിവര്‍ ഈണം പകരുന്നു. പ്രൊഡ. കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്, കല- ഗോകുല്‍ ദാസ്.
എ.എസ്. ദിനേശ്.

Top