പുതിയ ഫിഫ റാങ്കിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു; ബ്രസീൽ ഒന്ന്, അർജന്റീന രണ്ട്

സൂറിച്ച്: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന് ശേഷമുള്ള റാങ്കിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ. ക്വാർട്ടറിൽ പുറത്തായെങ്കിലും ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ലോക ചാമ്പ്യന്മാരായ അർജന്റീന രണ്ടും റണ്ണറപ്പുകളായ ഫ്രാൻസ് മൂന്നാം സ്ഥാനത്തുമുണ്ട്. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ബെൽജിയമാണ് നാലാം സ്ഥാനത്ത്. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുണ്ട്. ഖത്തര്‍ ലോകകപ്പിന് പിന്നാലെ റാങ്കിംഗ് സംബന്ധിച്ച് ആരാധകര്‍ തമ്മില്‍ വാക്‌പോര് ശക്തമായിരുന്നു.

സൗദി അറേബ്യക്കെതിരായ തോൽവിയും ലോകകപ്പിലെ രണ്ട് നോക്കൗട്ട് മത്സരങ്ങൾ ഷൂട്ടൗട്ട് വരെയെത്തിയതുമാണ് അർജന്റീനയ്ക്ക് ലോക കിരീടം നേടിയിട്ടും ഒന്നാം സ്ഥാനം കിട്ടാതിരിക്കാൻ കാരണം. വിജയത്തിന് കിട്ടേണ്ട മുഴുവൻ പോയിന്‍റും ജയം ഷൂട്ടൗട്ടിലെങ്കിൽ ടീമിന് ലഭിക്കില്ല. റാങ്കിംഗിൽ ഏറെ പിന്നിലുള്ള സൗദിയോട് തോറ്റതോടെ ജയിച്ചാൽ കിട്ടേണ്ടിയിരുന്ന 11 പോയിന്‍റിന് പകരം 39 പോയിന്‍റുകൾ അർജന്റീനയ്ക്ക് നഷ്ടമായി. ഫ്രാൻസോ അർജന്റീനയോ 120 മിനുറ്റിനുള്ളിൽ ഫൈനലിൽ ജയിച്ചിരുന്നുവെങ്കിൽ ലോക ചാമ്പ്യൻ പട്ടത്തോടൊപ്പം ഒന്നാം സ്ഥാനവും കിട്ടിയേനെ. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മിന്നും പ്രകടനത്തോടെ പോയിന്റ് പട്ടികയിൽ ബഹുദൂരം മുന്നിലുള്ള ബ്രസീൽ ഉടനെയൊന്നും താഴെയിറങ്ങില്ല.

അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് പിന്നില്‍ നെതർലൻഡ്സ്, ക്രൊയേഷ്യ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ ടീമുകളാണ് ആദ്യ പത്തിലുള്ള മറ്റ് ടീമുകള്‍. പതിനൊന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ മൊറോക്കോയും പത്തൊൻപതാം സ്ഥാനത്തുള്ള സെനഗലുമാണ് ആദ്യ ഇരുപതിലെ ആഫ്രിക്കൻ സാന്നിധ്യം. 20-ാം റാങ്കിലുള്ള ജപ്പാനാണ് ഏഷ്യൻ ടീമുകളിൽ മുന്നിൽ. ഖത്തര്‍ ലോകകപ്പില്‍ സെമിയിലെത്തി റെക്കോര്‍ഡിട്ട ടീമാണ് മൊറോക്കോ. ആദ്യമായാണ് ആഫ്രിക്കന്‍ വന്‍കരയില്‍ നിന്നൊരു ടീം ഫുട്ബോള്‍ ലോകകപ്പില്‍ സെമിയില്‍ പ്രവേശിച്ചത്.

Top