ഏഷ്യയിലെ ഏറ്റവും ചെലവേറിയ വിവാഹമോചനം; ഒറ്റ ദിനം കൊണ്ട്‌ കോടീശ്വരി

ബെയ്ജിങ്: ഏഷ്യയിലെ ഏറ്റവും ചെലവേറിയ വിവാഹമോചനത്തിലൂടെ കോടീശ്വരിയായി മാറി യുവാന്‍ ലിപിങ് എന്ന ചൈനീസ് വനിത. ഷെന്‍സായ് കങ്തായ് ബയോളജികല്‍ പ്രൊഡക്ട്‌സ് എന്ന വാക്‌സിന്‍ കമ്പനി ഉടമയായ ഡു വെയ്മിനാണ് വിവാഹമോചനം നേടിയതിന് നഷ്ടപരിഹാരമായി 161.3 ദശലക്ഷം ഓഹരി മുന്‍ഭാര്യയുടെ പേരിലേക്ക് മാറ്റിയത്.

വിപണിയില്‍ 320 കോടി ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ സ്വന്തം പേരിലായതോടെ യുവാന്‍ കോടീശ്വരിയായി മാറിയിരിക്കുകയാണ്. ഓഹരികള്‍ സ്വന്തമായെങ്കിലും വോട്ടിങ്ങിനുള്ള അവകാശം മുന്‍ ഭര്‍ത്താവിന് നല്‍കുന്നതായാണ് അവര്‍ കരാര്‍ ഒപ്പിട്ടത്.

കനേഡിയന്‍ പൗരയായ യുവാന്‍ 2011 മെയ് മുതല്‍ 2018 ആഗസ്റ്റ് വരെ കങ്തായ് കമ്പനിയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഉപകമ്പനിയായ ബെയ്ജിങ് മിന്‍ഹായ് ബയോടെക്‌നോളജിയുടെ വൈസ് ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ബെയ്ജിങ്ങിലെ ഇന്റര്‍നാഷനല്‍ ബിസിനസ് ആന്‍ഡ് ഇക്കണോമിക്‌സ് സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കോവിഡ് 19നുള്ള വാക്‌സിന്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്തയെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ക്ക് മികച്ച വളര്‍ച്ചയായിരുന്നു കഴിഞ്ഞ കുറച്ചുകാലമായി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വിവാഹമോചന വാര്‍ത്ത പുറത്തു വന്നതോടെ നേരിയ ഇടിവ് നേരിടുന്നുണ്ട്. ഇതോടെ ഡുവിന്റെ മൊത്തം ആസ്തി 650 കോടി ഡോളറില്‍ നിന്നും 310 കോടി ഡോളറായി ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

Top