മലമ്പുഴയിലും ഒറ്റപ്പാലത്തും ചുവപ്പിന് പുതിയ മുഖങ്ങള്‍, തയ്യാറായി സി.പി.എം

വി.എസ് അച്ചുതാനന്ദന്‍ എന്ന സി.പി.എം സ്ഥാപക നേതാവ് മത്സര രംഗത്തില്ലാത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ഇനി വരാന്‍ പോകുന്നത്. ചുവപ്പ് കോട്ടയായ മലമ്പുഴ മണ്ഡലത്തിലെ വി.എസിന്റെ പിന്‍ഗാമിയെയാണ് രാഷ്ട്രീയ കേരളമിപ്പോള്‍ ഉറ്റുനോക്കുന്നത്. പാലക്കാട് ജില്ലയിലെ ഈ മണ്ഡലത്തില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത് എന്‍.എന്‍ കൃഷ്ണദാസിനും എം.ബി രാജേഷിനുമാണ്. ഇവര്‍ മത്സരിക്കുന്ന മണ്ഡലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലങ്കിലും രണ്ടു പേരും മത്സര രംഗത്തുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഇക്കാര്യം സി.പി.എം നേതൃത്വം തന്നെ സ്ഥിരീകരിക്കുന്നുണ്ട്.

മലമ്പുഴ, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ ഇരുവരെയും പരിഗണിക്കുമെന്നാണ് സൂചന. മലമ്പുഴ പോലെ തന്നെ സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണ് ഒറ്റപ്പാലം മണ്ഡലം. നിലവില്‍ പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി പി.ഉണ്ണിയാണ് ഇവിടെ നിന്നുള്ള എം.എല്‍.എ. ഇദ്ദേഹം വീണ്ടും മത്സരിക്കാനുള്ള സാധ്യത വളരെ കുറവാണ്. നിലവില്‍ പാലക്കാട് ജില്ലയില്‍ നിന്നും 12 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 9 മണ്ഡലങ്ങളും നിലവില്‍ ഇടതുപക്ഷത്തിനൊപ്പമാണ്. സി.പി.എം 7, സോഷ്യലിസ്റ്റ് ജനത 1, സി.പി.ഐ 1, എന്നിങ്ങനെയാണ് മുന്നണിയിലെ സീറ്റുനില. മലമ്പുഴ, തരൂര്‍, കോങ്ങാട്, ആലത്തൂര്‍, നെന്മാറ, ഷൊര്‍ണ്ണുര്‍, ഒറ്റപ്പാലം, പട്ടാമ്പി, ചിറ്റൂര്‍ എന്നിവയാണ് ഇടതുപക്ഷത്തിന്റെ കൈവശമുള്ള മണ്ഡലങ്ങള്‍.

യു.ഡി.എഫിന് മൂന്ന് സീറ്റുകളാണുള്ളത്. പാലക്കാട്, തൃത്താല, മണ്ണാര്‍ക്കാട് എന്നിവയാണിത്. ഈ മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരം കടുപ്പിക്കാനാണ് സി.പി.എം ഒരുങ്ങുന്നത്. പ്രതിരോധവുമായി ഷാഫി പറമ്പിലും വി.ടി ബല്‍റാമും രംഗത്തിറങ്ങുന്നതോടെ പാലക്കാട് ജില്ലയില്‍ ഇത്തവണ തീ പാറുന്ന മത്സരമാണ് നടക്കുവാന്‍ പോകുന്നത്. സംസ്ഥാന ഭരണം പിടിക്കണമെങ്കില്‍ യു.ഡി.എഫിന് പാലക്കാട്ടു നിന്നും എം.എല്‍.എമാരുടെ എണ്ണം കൂട്ടേണ്ടത് അനിവാര്യമാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നുള്ള രണ്ട് സീറ്റിലും വിജയിച്ചിരുന്നത് യു.ഡി.എഫാണ്. ആലത്തുര്‍, പാലക്കാട് മണ്ഡലങ്ങളിലെ പരാജയം ഇടതുപക്ഷത്തെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു. വയനാട്ടിലെ രാഹുല്‍ എഫക്ടായിരുന്നു പാലക്കാട്ടേക്കും ആഞ്ഞ് വീശിയിരുന്നത്.

അതേസമയം ലോകസഭ തിരഞ്ഞെടുപ്പിലെ ഈ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ ഇല്ലങ്കിലും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. ഇടതുപക്ഷമാകട്ടെ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. ഇതിനായി സി.പി.എം ഇപ്പോള്‍ തന്നെ സംഘടനാപരമായ കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. യുവ പ്രാതിനിധ്യം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വര്‍ദ്ധിപ്പിക്കാനും ആലോചനയുണ്ട്. അങ്ങനെയെങ്കില്‍ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുക. അപ്രതീക്ഷിതമായി യുവ നേതൃത്വത്തിന് പരിഗണന നല്‍കി ഞെട്ടിച്ച ചരിത്രമാണ് പാലക്കാട്ടെ സി.പി.എമ്മിനുള്ളത്.

1993-ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ അന്നത്തെ ഒറ്റപ്പാലം മണ്ഡലം സി.പി.എം പിടിച്ചെടുത്തത് 26 വയസ്സു മാത്രമുണ്ടായിരുന്ന ശിവരാമനിലൂടെയാണ്. കോണ്‍ഗ്രസ്സ് ഹാട്രിക് വിജയം നേടിയ മണ്ഡലത്തില്‍ വമ്പന്‍ ഭൂരിപക്ഷത്തിലൂടെയായിരുന്നു ഈ അട്ടിമറി. ഇതിനു ശേഷം യുവാവായ എസ്.അജയകുമാറിനും ഈ മണ്ഡലത്തില്‍ പലവട്ടം സി.പി.എം അവസരം നല്‍കുകയുണ്ടായി. മണ്ഡലം പുനര്‍നിര്‍ണ്ണയത്തില്‍ ഒറ്റപ്പാലം ആലത്തൂരായി മാറിയപ്പോള്‍ രണ്ട് തവണയാണ് എസ്.എഫ്.ഐ നേതാവായിരുന്ന പി.കെ ബിജുവും തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ ഇടതുപക്ഷത്തിന് കാലിടറിയത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാത്രമാണ്.

നഷ്ടപ്പെട്ട ഈ സ്വാധീനം തിരിച്ചു പിടിക്കുക എന്നത് ചെമ്പടയെ സംബന്ധിച്ച് അഭിമാനപ്രശ്‌നം കൂടിയാണ്. ഈ ദൗത്യത്തിന്റെ മുന്നണി പോരാളികളായാണ് എം.ബി രാജേഷിനെയും എന്‍.എന്‍ കൃഷ്ണദാസിനെയും സി.പി.എം കളത്തിലിറക്കുന്നത്. ഇത് ജില്ലയിലെ പാര്‍ട്ടി അണികള്‍ക്കാകെ ആവേശം പകരുമെന്നാണ് കണക്ക് കൂട്ടല്‍. രാജേഷും, കൃഷ്ണദാസും മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമാരാണ്. എസ്.എഫ്.ഐ യിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഇരുവരും അനവധി തവണ പൊലീസ് മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. കൃഷ്ണദാസ് 1996 മുതല്‍ 2009 വരെ പാലക്കാട്ട് നിന്നുള്ള ലോകസഭാംഗമായിരുന്നു. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ തിളങ്ങാനും കൃഷ്ണദാസിന് കഴിഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന എം.ബി രാജേഷ് 2009ലും 2014ലും ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. പി.കെ.ബിജുവിനെ പോലെ കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് രാജേഷിനും തിരിച്ചടി നേരിട്ടിരുന്നത്. ഈ തിരിച്ചടിക്ക് ഒരു പകരം വീട്ടല്‍ തന്നെയാണ് രാജേഷും ആഗ്രഹിക്കുന്നത്. കൃഷ്ണദാസിനും രാജേഷിനും ഒപ്പം യുവാക്കള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കൂടിയായാല്‍ തൂത്ത് വാരാമെന്നതാണ് സി.പി.എം പ്രതീക്ഷ. ഇതിന് അനുസരിച്ചുള്ള നീക്കങ്ങളാണ് അണിയറയിലിപ്പോള്‍ നടക്കുന്നത്. അനാരോഗ്യം കാരണം വി.എസ് ഇത്തവണ മത്സര രംഗത്തുണ്ടാവില്ലങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം സി.പി.എം അണികള്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയായാല്‍ പോലും വി.എസിന്റെ സാന്നിധ്യം ഉറപ്പു വരുത്തണമെന്നതാണ് അണികളുടെ ആവശ്യം.

അന്നത്തെ സാഹചര്യമനുസരിച്ച് എല്ലാ സാധ്യതയും പരിശോധിക്കുമെന്നാണ് ഇതേ കുറിച്ച് സി.പി.എം നേതൃത്വം നല്‍കുന്ന മറുപടി. വി.എസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് ഗുഡ് ബൈ പറയുന്നത് വലിയ നഷ്ടമായാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. രാഷ്ട്രീയ – കക്ഷി ഭേദമന്യേ എല്ലാ വിഭാഗത്തിന്റെയും അംഗീകാരം നേടിയ പ്രവര്‍ത്തനമാണ് വി.എസ് കാഴ്ച വെച്ചിരുന്നത്. പ്രായം വകവയ്ക്കാതെ നടത്തിയ നേരിട്ടുള്ള ഇടപെടലുകളാണ് വി.എസിന്റെ ജനപ്രീതിക്ക് ആധാരം.

ആലപ്പുഴ നോര്‍ത്ത് പുന്നപ്ര വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും നാലു മക്കളില്‍ നാലാമനായി 1923 ഒക്ടോബര്‍ 20നാണ് ഈ വിപ്ലവകാരി ജനിച്ചത്. വിഎസിനു നാലര വയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നാലെ അച്ഛനും. പറവൂര്‍, കളര്‍കോട്, പുന്നപ്ര സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം. കുടുംബം പോറ്റാനായി സ്‌കൂള്‍ ഉപേക്ഷിച്ചു ജ്യേഷ്ഠന്റെ തുണിക്കടയില്‍ സഹായിയായി കൂടി. കയര്‍ ഫാക്ടറി തൊഴിലാളിയായി ജോലി ചെയ്യവെ പി. കൃഷ്ണപിള്ള കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നിയോഗിച്ചു. അന്നു തുടങ്ങിയതാണു വിഎസിന്റെ പോരാട്ടങ്ങള്‍.

പുന്നപ്ര വയലാര്‍ സമരകാലത്ത് ക്രൂരമായ മര്‍ദ്ദനത്തിനാണ് വി.എസ് വിധേയനായത്. 1952ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി. 1956 മുതല്‍ ജില്ലാ സെക്രട്ടറി. 1964ല്‍ പാര്‍ട്ടി പിളര്‍ന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1967 ജൂലൈ 18നായിരുന്നു വി.എസിന്റെ വിവാഹം. ചേര്‍ത്തല കുത്തിയതോടു സ്വദേശി വസുമതിയമ്മയായിരുന്നു വധു. പാര്‍ട്ടി നേതാവ് എന്‍. സുഗതന്റെ നിര്‍ബന്ധപ്രകാരം 43ാം വയസിലായിരുന്നു വിവാഹം.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷനല്‍ കൗണ്‍സിലില്‍ നിന്നു 1964ല്‍ ഇറങ്ങി വന്ന 32 പേരില്‍ ഇന്ന് ജീവിച്ചിരിക്കുന്നതും 97കാരനായ വിഎസ് മാത്രമാണ്. എട്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം ഇതുവരെ മത്സരിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചു പ്രാവശ്യവും ജയിച്ചു. രണ്ടു തവണ പ്രതിപക്ഷ നേതാവുമായി. ഇടതുമുന്നണി കണ്‍വീനറായി മുന്നണിയെയും നയിച്ചു. നിലവില്‍ സിപിഎം കേന്ദ്ര കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാണ് വി.എസ്.

Top