ആന്റി കറപ്ഷന്‍ ഇന്‍ഡക്‌സിന്റെ പുതിയ പതിപ്പ് ഈ വര്‍ഷം; ജേക്കബ് തോമസ്

ഇരിങ്ങാലക്കുട: താന്‍ സര്‍വീസിലിരിക്കെ തയ്യാറാക്കിയ ആന്റി കറപ്ഷന്‍ ഇന്‍ഡക്‌സിന്റെ പുതിയ പതിപ്പ് ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് മുന്‍ ഡിജിപിയും ഇരിങ്ങാലക്കുടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ഡോ. ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയിലെ പ്രൊഫഷണലുകളുമായി വികസന കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

‘വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിയുടെ തോത് ശാസ്ത്രീയമായി പരിശോധിക്കുന്ന കേരള ആന്റി കറപ്ഷന്‍ ഇന്‍ഡക്‌സില്‍ 2017 ല്‍ ഒന്നാം സ്ഥാനത്തെത്തിയത് തദ്ദേശ സ്വയംഭരണ വകുപ്പായിരുന്നു. തൊട്ടുപിന്നില്‍ റവന്യൂ വകുപ്പും. അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍, പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച 26 നിര്‍ദ്ദേശങ്ങളില്‍ ഒന്നു പോലും നടപ്പായില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ തയ്യാറാക്കുന്ന പുതിയ ഇന്‍ഡക്‌സില്‍ കൂടുതല്‍ കൃത്യതയും സമഗ്രമായ വിലയിരുത്തലുകളും യഥാര്‍ത്ഥ്യമാക്കുന്നതിന് വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ പ്രാരംഭ നടപടികള്‍ തുടങ്ങിയതായും പഴയതിനെ അപേക്ഷിച്ച് കൂടുതല്‍ രംഗങ്ങളിലേക്ക് വ്യാപിച്ച അഴിമതിയുടെ തോത് വിശകലന വിധേയമാക്കുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

 

Top