വിദേശ രാജ്യങ്ങളില്‍നിന്നും തൊഴിലാളികളെ കണ്ടെത്തുന്നതിന് പുതിയ ഇ-വിസ സംവിധാനം

ദോഹ: വിദേശ രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിന് പുതിയ ഇ-വിസ സംവിധാനം നടപ്പാക്കുമെന്ന് ഭരണനിര്‍വ്വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം.

തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച മന്ത്രാലയത്തിലെ സ്ഥിര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പകരമാണ് പുതിയ ഓണ്‍ലൈന്‍ വിസ സംവിധാനം.

പുതിയ സംവിധാനം വ്യവസായ, നിക്ഷേപ മേഖലകള്‍ക്കും, രാജ്യത്തെ തൊഴിലുടമകള്‍ക്കും പ്രയോജനകരമാകുമെന്ന് മന്ത്രാലയത്തിലെ തിരഞ്ഞെടുപ്പ് വകുപ്പ് ഡയറക്ടര്‍ ഫവാസ് അല്‍ റായീസ് പറഞ്ഞു.

കമ്പനിയെക്കുറിച്ചുള്ള കാര്യങ്ങളും, ഏത് തരം തൊഴിലാളികളെയാണ് വേണ്ടത് തുടങ്ങിയ വിവരങ്ങളെല്ലാം ഓണ്‍ലൈനിലെ അപേക്ഷയില്‍ വ്യക്തമാക്കണം. കമ്പനികളിലെ മാനവ വിഭവശേഷി വകുപ്പാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഓണ്‍ലൈന്‍ വിസ സംവിധാനത്തിന്റെ ബീറ്റ്‌ പതിപ്പ് ഈ മാസം പുറത്തിറക്കും, അതിനു ശേഷമായിരിക്കും ഓണ്‍ലൈന്‍ വിസ സംവിധാനം നടപ്പാക്കുക.

പ്രാദേശിക തൊഴിലാളി വിപണിയിലെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന തരത്തിലാകും പുതിയ സംവിധാനമെന്ന് ലേബര്‍ പരിശോധനാവകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍മീര്‍ വ്യക്തമാക്കി.

Top