കൂടുതല്‍ പേര്‍ക്ക് അവസരം ; ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചതായി സൗദി അറേബ്യ

hajj

ന്യൂഡല്‍ഹി: ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ച് സൗദി അറേബ്യ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 39,005 സീറ്റുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തിനനുവദിച്ചിരിക്കുന്ന സീറ്റുകളുടെ എണ്ണം 1,75,025 ആയി. മുന്‍ വര്‍ഷം 1,36,020 സീറ്റുകളാണ് ഉണ്ടായിരുന്നത്.

സൗദി സര്‍ക്കാരുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഹജ്ജ് കരാറില്‍ ഒപ്പിട്ടത്. ഇന്ത്യക്കായി ലഭിക്കുന്ന സീറ്റുകളില്‍ 75 ശതമാനം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കും 25 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുമായി പങ്കുവെയ്ക്കും.

അഞ്ചാം വര്‍ഷക്കാര്‍ക്കുള്ള പ്രത്യേക ക്വാട്ടയും അപേക്ഷകള്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സീറ്റുകളും അടക്കം കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ തന്നെ 11,197 സീറ്റുകള്‍ കേരളത്തിന് ലഭിച്ചിരുന്നു.

ഇക്കൊല്ലം ക്വാട്ട വര്‍ധിപ്പിച്ചതിനാല്‍ ആനുപാതികമായി കേരളത്തിന് ലഭിക്കുന്ന വിഹിതത്തില്‍ നേരിയ വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു.

Top