New Dawood Ibrahim photo

ന്യൂഡല്‍ഹി: കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഫോട്ടോ പുറത്ത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ വിവേക് അഗര്‍വാള്‍ ഏതാനും വര്‍ഷം മുന്‍പ് പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് ദേശീയമാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

ചിത്രം പുറത്തു വന്നതോടെ ദാവൂദ് പാകിസ്താനില്‍ ഇല്ലെന്ന അധികൃതരുടെ വാദമാണ് പൊളിയുന്നത്. മൊയീന്‍ കൊട്ടാരത്തിലായിരുന്നു ദാവൂദ് അന്ന് താമസിച്ചിരുന്നത്. പിന്നീട് പുതിയ ബംഗ്ലാവിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

1993-ല്‍ രാജ്യത്തെ ഞെട്ടിച്ച മുംബൈ സ്ഫോടനപരമ്പരക്ക് ശേഷം പുറത്തു വരുന്ന ദാവൂദിന്റെ ആദ്യത്തെ പൂര്‍ണകായ ചിത്രമാണിത്. വെളുത്ത കുര്‍ത്തയും കറുത്ത കോട്ടും ധരിച്ച ദാവൂദിന് ഏകദേശം 60 വയസോളം തോന്നിക്കും. ചിത്രം പുറത്തായതോടെ ദാവൂദ് പ്ലാസ്റ്റിക് സര്‍ജ്ജറിക്ക് വിധേയനായെന്ന വാര്‍ത്തകളും തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ദാവൂദിന്റെ മകനെ അധോലോക പ്രവര്‍ത്തനങ്ങലില്‍ നിന്നും പൂര്‍ണമായി മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദാവൂദ് ഇതിനായി ബിസിനസുകളും ചില കമ്പനികളും ആരംഭിച്ചതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top