മുല്ലപ്പെരിയാറില്‍ പുതിയ ഡാം വരുന്നു ! ഡിസംബറില്‍ സ്റ്റാലിനുമായി ചര്‍ച്ച, പദ്ധതി അണിയറയില്‍

തിരുവനന്തപുരം: വിവാദങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന് വെളിപ്പെടുത്തി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിസംബറില്‍ ചേരുന്ന തമിഴ്‌നാട് – കേരള മുഖ്യമന്ത്രിമാരുടെ ചര്‍ച്ചയില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയുണ്ടാക്കുകയും പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

അതിനിടെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് കേരളം തയ്യാറാക്കി വരികയാണ്. 1500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പുതിയ ഡി പി ആര്‍ ഡിസംബറില്‍ സര്‍ക്കാരിന്റേയും കേന്ദ്ര ജല കമ്മിഷന്റേയും പരിഗണനക്ക് സമര്‍പ്പിക്കും.

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ നിലവില്‍ ആശങ്ക വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ ദിവസങ്ങളായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 136 അടിയായതോടെ ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയിലെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് നല്‍കും. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Top