മുംബൈയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു; ആശങ്കയില്‍ നഗരം

ന്യൂഡല്‍ഹി: മുംബൈയില്‍ ആശങ്കയുയര്‍ത്തി കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 602 കോവിഡ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ഒരു മരണവുമുണ്ടായി. 77 ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നാണ്.

ഒക്ടോബര്‍ ആറിന് മുംബൈയില്‍ 629 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2,813 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി 1.52. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,423 പരിശോധനകള്‍ നടത്തി.

ഉത്തര്‍പ്രദേശില്‍നിന്നു മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമിക്രോണിനെതിരായ തയാറെടുപ്പുകള്‍ വിലയിരുത്തി. രാജ്യത്ത് ഇതിനകം 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 236 ഒമിക്രോണ്‍ കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.

മഹാരാഷ്ട്രയില്‍ 65 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 64, തെലങ്കാന 24, രാജസ്ഥാന്‍ 21, കര്‍ണാടക 19, കേരളം 15, ഗുജറാത്ത് 14 എന്നിങ്ങനെയാണ് ഒമിക്രോണ്‍ കേസുകള്‍. ഡെല്‍റ്റ വകഭേദത്തെക്കാള്‍ കുറഞ്ഞത് മൂന്ന് ഇരട്ടിയെങ്കിലും വ്യാപനശേഷിയുള്ളതാണ് ഒമിക്രോണ്‍ വകഭേദമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളടക്കം പരിശോധിക്കണമെന്നു സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top