New CM locked Police association ; considered only honest officers

തിരുവനന്തപുരം: സത്യസന്ധരും കര്‍ക്കശക്കാരുമായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിണറായി സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കും.

പൊലീസിനു മേല്‍ ഉണ്ടാകുന്ന അവിഹിത സ്വാധീനങ്ങള്‍ക്ക് അറുതി വരുത്തുക എന്നതോടൊപ്പം നീതിയുക്തമായി നിയമനം നടപ്പാക്കാന്‍ എല്ലാവിധ സ്വാതന്ത്ര്യവും എസ്‌ഐ മുതല്‍ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നത് പോലെ ഭരണപക്ഷ അനുകൂല പൊലീസ് അസോസിയേഷന്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരം ഉദ്യോഗസ്ഥരെ തെറിപ്പിക്കുന്ന പരിപാടിയും നിയമനം നല്‍കുന്ന ഏര്‍പ്പാടും അവസാനിപ്പിക്കും. നിലവിലെ പൊലീസ് അസോസിയേഷന്‍ നേതാവ് അജിത്തിനെതിരായ പരാതിയിലും തുടര്‍ നടപടി ഉണ്ടായേക്കും.

കഴിവ് തെളിയിച്ച ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ ശുപാര്‍ശക്കപ്പുറം പരിഗണന നല്‍കാനാണ് തീരുമാനം.

ക്രമസമാധാന കുറ്റാന്വേഷണ വിഭാഗങ്ങളിലും വിജിലന്‍സിലും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് മുന്‍പ് ഇവരുടെ ബാക്ക്ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് വിശദമായി പരിഗണിക്കുമെന്നാണ് അറിയുന്നത്.

പൊലീസിലെ അഴിച്ചുപണി പൂര്‍ത്തിയായി കഴിഞ്ഞാല്‍ പിന്നെ അനാവശ്യമായി ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുന്ന നിലപാട് സിപിഎം ഘടകങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്ന നിര്‍ദ്ദേശം മുകളില്‍ നിന്ന് തന്നെ നല്‍കുമെന്നാണ് സൂചന.

മുന്‍പ് എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലും പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്‌റ്റേഷനുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ക്കും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. പൊലീസ് അസോസിയേഷന്‍ നേതാക്കളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന സാഹചര്യം വരെയുണ്ടായി.

ഇതിന് സമാനമായ രൂപത്തിലാണ് ഇപ്പോള്‍ പിണറായിയുടെ ഭരണകാലത്തും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

എംഎല്‍എമാരുടെയും മന്ത്രിമാരുടെയും പാര്‍ട്ടി ഓഫീസുകളില്‍ നിന്നുപോലും ഉദ്യോഗസ്ഥരെ വിളിച്ച് വിരട്ടുന്ന നിലവിലെ സാഹചര്യം ഇനി നടപ്പാകില്ല. മന്ത്രിമാരുടെ സ്റ്റാഫ് 25 എന്ന നിലയിലേക്ക് നിജപ്പെടുത്തിയത് തന്നെ പിണറായിയുടെ താല്‍പര്യപ്രകാരമാണ്.

സ്റ്റാഫുകളെ തിരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന വ്യക്തമായ നിര്‍ദ്ദേശവും ഇതിനകം തന്നെ പിണറായി നല്‍കിയിട്ടുണ്ട്.

കര്‍ക്കശക്കാരനായ പാര്‍ട്ടി നേതാവില്‍ നിന്ന് ജനകീയനായ മുഖ്യമന്ത്രി എന്ന നിലയിലേക്കുള്ള പിണറായിയുടെ പ്രയാണത്തെ രാഷ്ട്രീയ കേരളം ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ഉറ്റു നോക്കുന്നത്.

Top