രാജ്യത്ത് 7,774 കൊവിഡ് കേസുകള്‍ കൂടി; കേരളത്തിന് ഉള്‍പ്പടെ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 7,774 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 306 മരണവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 8464 പേര്‍ രോഗമുക്തി നേടി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 92,281 ആയി.

രാജ്യത്ത് കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, കോവിഡ് 19 സ്ഥിതിഗതികള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. പുതിയ കോവിഡ് പോസിറ്റീവ് കേസുകളുടെ ക്ലസ്റ്ററുകള്‍ തടയുന്നതിന് ജില്ലതലത്തില്‍ നടപടികള്‍ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയക്കുകയും ചെയ്തു.

കേരളം ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ടാഴ്ചയായി 10 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്രം അറിയിച്ചു. മിസോറാം, സിക്കിം എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.

ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 19 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിനും 10നും ഇടയിലാണെന്നും കേന്ദ്രം വ്യക്തമാക്കി. പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന 27 ജില്ലകളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

ഏതെങ്കിലും ജില്ലയില്‍ കേസുകളുടെ വര്‍ധനവ് രേഖപ്പെടുത്തുകയാണെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കടുത്ത പ്രാദേശിക നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഭൂഷണ്‍ കത്തില്‍ ചൂണ്ടിക്കാട്ടി. പരിശോധന വര്‍ധിപ്പിക്കണമെന്നും വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 33 ആയി വര്‍ധിച്ചിരുന്നു. ഡല്‍ഹിയില്‍ രണ്ടാമത്തെ കേസ് കഴിഞ്ഞദിവസം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍ എന്നിവയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങള്‍.

Top