സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; യൂത്ത് കോണ്‍ഗ്രസുകാർക്കെതിരെ പുതിയ കേസ്

കോഴിക്കോട്: സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് കോഴിക്കോട് ബാലുശ്ശേരി പൊലീസ്. സംസ്ഥാന സെക്രട്ടറി വി ടി നിഹാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജെറില്‍ ബോസ്, ഉണ്ണികുളം മണ്ഡലം പ്രസിഡന്റ് ജിത്തുലാല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷഹബാസ് വടേരിയുടെ പരാതിയിലാണ് നടപടി.

സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഷഹബാസ് പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് പേരാമ്പ്ര കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശ പ്രകാരമാണ് ബാലുശേരി പൊലീസ് കേസെടുത്തത്. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ജിത്തുലാലിന്റെ ജനന തീയതി തിരുത്തിയെന്നാണ് പരാതി.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. പിന്നാലെ വിവിധ ജില്ലകളില്‍ നിന്നായി നിരവധി പരാതിയാണ് ഉയര്‍ന്നത്. അതിനിടെ തിരഞ്ഞെടുപ്പില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നെന്നും ആരോപണം ഉയര്‍ന്നിരുന്നു. മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതിനായി മാത്രം ഈടാക്കിയ 2 കോടി 42 ലക്ഷം രൂപ സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്ന ആരോപണം ഷബാസ് വടേരിയാണ് ഉയര്‍ത്തിയത്. സ്ഥാനാര്‍ത്ഥി നോമിനേഷന്‍ ഫീസ് ഇനത്തില്‍ 64ലക്ഷം രൂപ ഈടാക്കിയതായും ആരോപണമുണ്ട്.

Top