കുവൈത്തിൽ ഇനി പുതിയ മന്ത്രിസഭ

കുവൈത്ത്: പുതിയ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന് കീഴിലുള്ള സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു. അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് രാജിക്കത്ത് കൈമാറി.

സെയ്ഫ് പാലസില്‍ നടന്ന അസാധാരണ ക്യാബിനറ്റ് സമ്മേളനത്തിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. 11ന് പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത് പുതിയ മന്ത്രിസഭയെ തെരഞ്ഞെടുക്കും. അഞ്ച് മണ്ഡലങ്ങളില്‍ നിന്നുള്ള 50 സീറ്റുകളിലേക്ക് 22 വനിതകളടക്കം 305 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഇതില്‍ 50ല്‍ 28 സീറ്റും പ്രതിപക്ഷം നേടി. രണ്ട് വനിതകളും തെരഞ്ഞെടുക്കപ്പെട്ടു.

ആകെ 7,95,920 വോട്ടർമാരാണ് രാജ്യത്തുള്ളത്. അഭിപ്രായ വ്യത്യസങ്ങളെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടത്. അഞ്ചാമത്തെ മണ്ഡലത്തിലാണ് ഏറ്റവുമധികം വോട്ടര്‍മാരും സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നത്. ആകെ 123 സ്‍കൂളുകളാണ് പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം സജ്ജമാക്കിയിരുന്നത്.

Top