ഇന്ത്യയിൽ പരീക്ഷണം നടത്തി പുതിയ ബിഎംഡബ്ല്യു ഇലക്ട്രിക് ബൈക്ക്

ബിഎംഡബ്ല്യു തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് സിഇ02 ഇരുചക്രവാഹനം ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഇ-സ്കൂട്ടർ രാജ്യത്ത് പരീക്ഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന BMW CE 02 ഇലക്ട്രിക് 2-വീലർ കഴിഞ്ഞ മാസമാണ് ആഗോളതലത്തിൽ അനാച്ഛാദനം ചെയ്‍തത്.

ബിഎംഡബ്ലുവിന്റെ ഇന്ത്യയിലെ നിർമ്മാണ പങ്കാളിയായ ടിവിഎസ് മോട്ടോർ ഇന്ത്യയിൽ ബൈക്ക് പരീക്ഷിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. കർണാടകയിലെ ശൃംഗേരിയിലെ പൊതുസ്ഥലത്ത് രണ്ട് സിഇ 02 ടെസ്റ്റ് മോഡലുകളെ പരീക്ഷണത്തിനിടെ കണ്ടെത്തി. ബിഎംഡബ്ല്യു സിഇ02ന്റെ പരീക്ഷണ മോഡലിന്റെ ചിത്രങ്ങൾ ഓൺലൈനിൽ വൈറലായിരിക്കുകയാണ്. ബി‌എം‌ഡബ്ല്യു സിഇ 02 ഇലക്ട്രിക് സ്‌കൂട്ടറിന് വേറിട്ടതും ഫ്യൂച്ചറിസ്റ്റിക്കുമായ ഡിസൈനും ഡബിൾ-ലൂപ്പ് ട്യൂബുലാർ ഫ്രെയിമുമുണ്ട്. മുൻവശത്ത് അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ മോണോ ഷോക്ക് സെറ്റപ്പും ഇതിന്റെ സവിശേഷതയാണ്. സിംഗിൾ-സൈഡഡ് സ്വിംഗാർമും മുൻവശത്ത് 296 എംഎം ഡിസ്‌കും സിംഗിൾ-ചാനൽ എബിഎസും ഈ ബൈക്കിന് ഉണ്ട്.

ബിഎംഡബ്ല്യു സിഇ 02 15 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറിന് കരുത്തേകുന്ന ഡ്യുവൽ രണ്ട് കിലോവാട്ട് ബാറ്ററി പാക്കുകളുമായാണ് വരുന്നത്. ഇത് 95 കി.മീ / മണിക്കൂർ വേഗത വാഗ്‍ദാനം ചെയ്യുമെന്നും ഒറ്റ ചാർജിൽ 90 കിലോമീറ്റർ സഞ്ചരിക്കുമെന്നും പറയപ്പെടുന്നു. രണ്ട് കിലോവാട്ട് ബാറ്ററികളിൽ ഒന്ന് നീക്കം ചെയ്യാനുള്ള ഓപ്ഷനും ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഒരു ബാറ്ററി മാത്രം ഉപയോഗിച്ച്, പരമാവധി റേഞ്ച് 45 കിലോമീറ്ററായി കുറയുന്നു. അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 45 കിലോമീറ്ററാണ്.

0.9 kW സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിച്ച് 5 മണിക്കൂർ 12 മിനിറ്റിനുള്ളിൽ ബാറ്ററി 0 മുതൽ 100% വരെ ചാർജ് ചെയ്യാം. ഇത് 1.5 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാം. ചാർജിംഗ് സമയം മൂന്ന് മണിക്കൂർ 30 മിനിറ്റായി കുറയ്ക്കുന്നു. ആഗോള വിപണിയിൽ 7.6k USD (ഏകദേശം 6.3 ലക്ഷം രൂപ) മുതലാണ് ഇലക്ട്രിക് ഇരുചക്രവാഹനത്തിന്റെ വില.

ടിവിഎസ് ബിഎംഡബ്ല്യു ജി310 ശ്രേണിയിലുള്ള മോട്ടോർസൈക്കിളുകൾ ഇന്ത്യയില്‍ നിർമ്മിക്കുന്നു. അവ ഇന്ത്യയിൽ വിൽക്കുന്നത് മാത്രമല്ല, ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടുകയും ചെയ്യുന്നു. അതിനാൽ, പുതിയ ബിഎംഡബ്ല്യു ഇലക്ട്രിക് സ്‍കൂട്ടർ ടിവിഎസ് അവരുടെ പ്ലാന്റിൽ നിർമ്മിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top