ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിയുടെ പുതിയ ഓഡിയോ ക്ലിപ് പുറത്ത്

ബെയ്‌റൂട്ട്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിയുടെ 46 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ് പുറത്ത്.

സംഘടനയുമായി ബന്ധമുള്ള മാധ്യമ സ്ഥാപനം പുറത്തുവിട്ട ക്ലിപ്പിന്റെ കൃത്യമായ തീയതി വ്യക്തമല്ല. ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണു ബാഗ്ദാദിയുടെ ഓഡിയോ ക്ലിപ് പുറത്തിറങ്ങുന്നത്.

അമേരിക്ക ഉത്തര കൊറിയ പ്രതിസന്ധിയെക്കുറിച്ചുള്ള ബഗ്ദാദിയുടെ പരാമര്‍ശം അടങ്ങിയതാണു ഓഡിയോ സന്ദേശം.

ഇറാഖിലെ മൊസൂള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ശക്തികേന്ദ്രങ്ങളില്‍ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചും ഓഡിയോയില്‍ പറയുന്നുണ്ട്. മൊസൂളിനെക്കൂടാതെ, സിറിയയിലെ റാഖയിലും ഹാമയിലും നടക്കുന്ന ഏറ്റുമുട്ടല്‍, ലിബിയയിലെ സിര്‍ത്തിലെ ഏറ്റുമുട്ടല്‍ തുടങ്ങിയവയെക്കുറിച്ചും പരാമര്‍ശിക്കുന്ന ശബ്ദം രക്തം ചിന്തിയുള്ള പോരാട്ടം വെറുതെയാകില്ലെന്നും വ്യക്തമാക്കുന്നു.

ഖിലാഫത്ത് പ്രഖ്യാപിക്കാനായി 2014-ല്‍ മൊസൂളിലെ അല്‍ നൂഫറി പള്ളിയിലാണ് ബഗ്ദാദിയെ അവസാനമായി പൊതുമധ്യത്തില്‍ കണ്ടത്. പിന്നീട് പലതവണ മരിച്ചെന്ന വാര്‍ത്ത വന്നിരുന്നു. മേയ് 28ന് റാഖ്ഖയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്നാണ് അവസാനമായി വന്നത്. ഇക്കാര്യം സ്ഥിരീകരിച്ച് ഇറാനും രംഗത്തെത്തിയിരുന്നു.

എന്നാല്‍ യുഎസടക്കമുള്ള പല രാജ്യങ്ങളും ഇതു സ്ഥിരീകരിച്ചിരുന്നില്ല. നവംബറിനുശേഷം ഇത് ആദ്യമായാണു ബാഗ്ദാദിയുടേതെന്ന പേരില്‍ ഓഡിയോ ക്ലിപ് പ്രചരിക്കുന്നത്.

അതേസമയം, മരിച്ചുവെന്ന വാര്‍ത്തയ്ക്കു സ്ഥിരീകരണം ലഭിക്കാത്തിടത്തോളം അയാള്‍ ജീവനോടെയുണ്ടെന്നു വിശ്വസിക്കേണ്ടിവരുമെന്നാണ് ഓഡിയോ ക്ലിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് സൈനിക വക്താവ് റയാന്‍ ഡില്ലന്‍ മറുപടി നല്‍കിയത്.

ഓഡിയോ ക്ലിപ് വ്യക്തമായി പരിശോധിച്ചശേഷമേ മറുപടി പറയാനാകൂയെന്ന് യുഎസ് പ്രതിരോധ വക്താവ് രാജ്യാന്തര മാധ്യമമായ ബിബിസിയോടും വ്യക്തമാക്കി. ഇറാഖ്-സിറിയ അതിര്‍ത്തിയില്‍ ഐഎസ് അധീനപ്രദേശത്ത് ബാഗ്ദാദി ഇപ്പോഴും ഒളിവില്‍ കഴിയുന്നുവെന്നാണു സംശയം.

Top