ചെലവ് ചുരുക്കാന്‍ പുതിയ ക്രമീകരണങ്ങള്‍; ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ നിര്‍ത്തി കെ.എസ്.ആര്‍.ടി.സി

ksrtc

തിരുവനന്തപുരം: ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. ഞായറാഴ്ച മുതല്‍ രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുള്ള ചെയിന്‍ സര്‍വീസുകള്‍ മാത്രമായിരിക്കും ഫാസ്റ്റ് പാസഞ്ചറുകള്‍ നടത്തുക. ഇത്തരത്തില്‍ സര്‍വ്വീസുകളിള്‍ മാറ്റം വരുത്തുന്നതോടെ പ്രതിമാസം അഞ്ചുകോടിയോളം രൂപ ചെലവിനത്തില്‍ കുറയ്ക്കാമെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ദീര്‍ഘദൂര യാത്രക്കാര്‍, ഇനിമുതല്‍ പല ബസുകള്‍ മാറിക്കേറി യാത്രാ ചെലവ് വര്‍ധിക്കുമെന്ന ആശങ്കയിലുമാണ്.

തിരുവനന്തപുരത്തെ സെന്‍ട്രല്‍ ഡിപ്പോയില്‍ മാത്രം 20 ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചറുകളുണ്ട്. ഇവയെല്ലാം ഞായറാഴ്ച മുതല്‍ ആലപ്പുഴയിലേക്കും കോട്ടയത്തേക്കുമുള്ള ചെയിന്‍ സര്‍വീസുകളായി ചുരുങ്ങും. തിരുവനന്തപുരം-കുമളി സര്‍വീസും നിര്‍ത്തും. നെടുമങ്ങാട് ഡിപ്പോയില്‍ നിന്നുള്ള എറണാകുളം ഫാസ്റ്റ് പാസഞ്ചറുകള്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തൊടുപുഴ- തിരുവനന്തപുരം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറും സര്‍വീസ് നിര്‍ത്തും.

തിരക്കേറിയ സമയങ്ങളില്‍ എന്‍എച്ച്, എംസി റോഡുകള്‍ വഴി അഞ്ചുമിനിറ്റ് ഇടവിട്ട് ഇനി ഫാസ്റ്റ് പാസഞ്ചറുകളുണ്ടാകും. അല്ലാത്തസമയം 20 മിനിട്ട് ഇടവിട്ടും. ദീര്‍ഘദൂര റൂട്ടുകളില്‍ നിന്ന് ഫാസ്റ്റുകള്‍ പിന്‍വലിക്കുന്നതോടെ 72000 കിലോമീറ്റര്‍ ഒരു ദിവസം കുറയ്ക്കാനാകും. ഇതുവഴി 180 ബസുകള്‍ ലാഭിക്കാം. പ്രതിമാസം ഒരു രൂപപോലും വരുമാനനഷ്ടം വരില്ലെന്ന് മാത്രമല്ല, അഞ്ചുകോടിയോളം രൂപ ചെലവിനത്തില്‍ കുറയ്ക്കാം. ഒരേറൂട്ടില്‍ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റുകളുടെ മത്സരയോട്ടവും ഇതോടെ നിയന്ത്രിക്കാനാകും.

Top