ബി.ജെ.പിക്ക് ബദൽ കോൺഗ്രസ്സല്ല, വിശ്വാസ്യതയുള്ള പുതിയ ബദൽ വേണം

കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്ന ബി.ജെ.പി ലക്ഷ്യം എങ്ങനെയും സാധ്യമാക്കണമെന്ന വാശിയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വമുള്ളത്. തമ്മിലടിച്ചും, രാജിവച്ചും, പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചും, ബി.ജെ.പിയുടെ പാതയാണ് ഇക്കൂട്ടര്‍ സുഗമമാക്കുന്നത്. ജനങ്ങള്‍ക്കല്ല സ്വന്തം നേതാക്കള്‍ക്കു തന്നെ വിശ്വാസമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറിക്കഴിഞ്ഞു. മഹാകവി ഒ.എന്‍.വി പണ്ട് ഭുമിക്കൊരു ചരമ ഗീതമാണ് പാടിയതെങ്കില്‍ ഇപ്പോള്‍, കോണ്‍ഗ്രസ്സിനു ചരമഗീതം പാടേണ്ട ഘട്ടമാണ് എത്തി നില്‍ക്കുന്നത്. അധികാരമില്ലാതിരുന്നിട്ടും അധികാര മോഹം തന്നെയാണ് കോണ്‍ഗ്രസ്സിനെ ഈ അവസ്ഥയില്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സില്‍ ഒരു ജനാധിപത്യ ബോധവും ഇല്ലന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെ ഒരു ബോധം അവര്‍ക്കുണ്ടായിരുന്നു എങ്കില്‍  ജനാധിപത്യപരമായ സംഘടനാ തിരഞ്ഞെടുപ്പ് ആ പാര്‍ട്ടിയില്‍ നടക്കുമായിരുന്നു.

താഴെ തട്ട് മുതല്‍ മുകള്‍ തട്ടുവരെ നോമിനേഷന്‍ സമ്പ്രദായമാണ് കോണ്‍ഗ്രസ്സ് പിന്തുടരുന്നത്. ഇപ്പോള്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമൊന്നൊക്കെ നേതൃത്വം പറയുന്നുണ്ടെങ്കിലും അതൊന്നും കൃത്യമായി നടക്കാന്‍ പോകുന്നില്ല. ഇതെല്ലാം തിരിച്ചറിഞ്ഞാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടിരിക്കുന്നത്. മനീഷ് തിവാരി ഉള്‍പ്പെടെയുള്ളവരും ഇതേ പാതയിലാണ്. പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്നൊക്കെ ഗുലാം നബി ആസാദ് പറയുന്നുണ്ടെങ്കിലും ഒടുവില്‍ അദ്ദേഹവും ബി.ജെ.പി പാളയത്തില്‍ എത്താനാണ് സാധ്യത. ഖദറിന് കാവിയണിയാന്‍ നിമിഷ നേരം മതി എന്നത് ബി.ജെ.പിയുടെ വളര്‍ച്ചയില്‍ നിന്നു തന്നെ വ്യക്തവുമാണ്. കോണ്‍ഗ്രസ്സിനെ ഒന്നുമല്ലാതാക്കി മാറ്റാനുള്ള സംഘപരിവാര്‍ ‘അജണ്ട’ യാണ് യഥാര്‍ത്ഥത്തില്‍  അറിഞ്ഞോ അറിയാതെയോ ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വവും നടപ്പാക്കി കൊണ്ടിരിക്കുന്നത്.

പുതിയ കോണ്‍ഗ്രസ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പോടെ പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധി വലിയ പൊട്ടിത്തെറിയില്‍ കലാശിക്കും. രാജസ്ഥാന്‍ ഭരണവും നഷ്ടമാകാനാണ് സാധ്യത. മുഖ്യമന്ത്രി അശോക് ഗെലോട്ട് അതല്ലങ്കില്‍ സച്ചിന്‍ പൈലറ്റ് ഇവരില്‍ ഒരാള്‍ക്കു മാത്രമേ കോണ്‍ഗ്രസ്സില്‍ നില്‍ക്കാന്‍ സാധിക്കുകയൊള്ളൂ. ഇരു വിഭാഗവും തമ്മിലുള്ള ‘പക’ അത്രത്തോളമുണ്ട്. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകും എന്നതു കൊണ്ട് മാത്രമാണ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പദം താല്‍ക്കാലികമായി ഏറ്റെടുക്കണമെന്ന  സോണിയ ഗാന്ധിയുടെ ആവശ്യത്തിനുമേല്‍ അശോക് ഗെലോട്ട് മുഖം തിരിച്ചിരിക്കുന്നത്. ഗെലോട്ട് മാറിയാല്‍ മുഖ്യമന്ത്രി പദം ലഭിച്ചില്ലങ്കില്‍ സച്ചിന്‍ പൈലറ്റും ഉടക്കും. ജോതിരാദിത്യ സിന്ധ്യയുടെ പാത സച്ചിന്‍ പൈലറ്റ് പിന്തുടര്‍ന്നാല്‍ ഭരണമുള്ള ഏക സംസ്ഥാനത്തും കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ തീരുമാനമാകും.

അതേസമയം, കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു  ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാള്‍ സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂരിനെ മത്സരിപ്പിക്കാന്‍ ഒരു വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡിന്റെ പ്രതിനിധി ജയിക്കുമെന്ന് ഉറപ്പാണെങ്കിലും  കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും, പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാക്കാന്‍ മത്സരം അനിവാര്യമാണെന്നാണു ഈ സംഘത്തിന്റെ വിലയിരുത്തല്‍. തരൂരിനു സമ്മതമല്ലെങ്കില്‍ മനീഷ് തിവാരി മത്സരിക്കണമെന്നാണു ഈ വിഭാഗത്തിലെ പൊതു ധാരണ. രാഹുല്‍ ഗാന്ധിയാണു മത്സരിക്കുന്നതെങ്കിലും മനീഷ് തിവാരി രംഗത്തിറങ്ങിയേക്കും. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും, സംഘാംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമാണ്. പിളര്‍പ്പിലേക്കുള്ള മുന്നൊരുക്കം കൂടിയാണിത്.

പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് പാര്‍ട്ടിയെ നേര്‍വഴിക്കു നടത്തുകയെന്നതാണ് ജി 23 സംഘത്തിന്റെ പ്രഖ്യാപിത നിലപാടെങ്കിലും അതൊന്നും വിലപ്പോവാന്‍ പോകുന്നില്ല. ഇവര്‍ക്കെതിരെ രാഹുലിന്റെ ശിങ്കിടികള്‍ പിടിമുറുക്കുന്നതോടെ പാര്‍ട്ടിയില്‍ തുടരാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടാകുക. എന്തിനേറെ, ശശി തരൂരിന് തിരുവനന്തപുരത്ത് മത്സരിക്കാന്‍ പറ്റാത്ത സാഹചര്യം പോലും ഇനി ഉണ്ടായേക്കും. ഒന്നുകില്‍ ഇടതുപക്ഷത്ത്, അതല്ലങ്കില്‍ ബി.ജെ.പിയില്‍, ഈ രണ്ട് ഓപ്ഷനുകള്‍ മാത്രമാണ് തരൂരിന് മുന്നില്‍ വരാന്‍ പോകുന്നത്. ഇതിനായുള്ള ‘കളികള്‍’ കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍  കേരളത്തിലെ ഒരു വിഭാഗം നേതാക്കളും തുടങ്ങിക്കഴിഞ്ഞു. തരൂര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വരുമോ എന്ന ആശങ്കയാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃതത്തെ തരൂരിനെതിരായ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതിയില്‍ മാറ്റം ആവശ്യപ്പെട്ട്  2020 ഓഗസ്റ്റിലാണ് തിരുത്തല്‍വാദി സംഘമായി ജി 23 രൂപീകരിക്കപ്പെട്ടിരുന്നത്. അതിനെ നയിച്ച ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതോടെ നട്ടെല്ല് തകര്‍ന്ന അവസ്ഥയിലാണ് വിമതര്‍ ഉള്ളത്. എങ്കിലും,
ഹൈക്കമാന്‍ഡിന്റെ സ്ഥാനാര്‍ഥിയെ എല്ലാവരും അംഗീകരിച്ച്  പ്രസിഡന്റായി അവരോധിക്കുന്ന പതിവു രീതി പാര്‍ട്ടിയില്‍ ഇക്കുറി അനുവദിച്ചു കൊടുക്കേണ്ടെന്നാണു ഈ സംഘത്തിലെ ഭൂരിപക്ഷാഭിപ്രായം. തിരഞ്ഞെടുപ്പ് ഒഴിവായാല്‍ പാര്‍ട്ടിയെ ബാധിച്ചിട്ടുള്ള പ്രശ്‌നങ്ങള്‍ ഒരു തലത്തിലും ചര്‍ച്ചയാവില്ലന്നാണ് വിമതര്‍ ചൂണ്ടിക്കാട്ടുന്നത്.

പുതിയ കോണ്‍ഗ്രസ്സ് പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17നാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്ഥാനാര്‍ഥി മാത്രമാണുള്ളതെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബര്‍ എട്ടിനു തന്നെ വിജയിയെയും പ്രഖ്യാപിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള ആലോചനകളാണു  ജി 23 ക്യാംപില്‍ തിരക്കിട്ടു നടക്കുന്നത്. തരൂര്‍ ആയാലും തിവാരി ആയാലും വിമതര്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ്സ് നേതൃത്വമാണ് ശരിക്കും വിയര്‍ക്കുക. ഗാന്ധി കുടുംബത്തിനെതിരായ ചൂണ്ടുവിരലായാണ് അത് മാറുക. എല്ലാം ഇത്രയും കാലം  ഏകപക്ഷീയമായി നിയന്ത്രിച്ചവര്‍ക്ക് ചോദ്യങ്ങളെ ഭയമാണ്. കെ.സി വേണുഗോപാലിനെ പോലെ ഒരു ‘രണ്ടാംകിട’ നേതാവിന്റെ ഉപദേശം സ്വീകരിച്ചാണ്  നിലവില്‍ ഗാന്ധി കുടുംബം മുന്നോട്ട് പോകുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണവും  ഇത്തരം ‘ഇത്തിള്‍’ക്കണികളാണ്.

രാജ്യത്ത് കോണ്‍ഗ്രസ്സ് ശക്തമെന്ന് പറയാവുന്ന ഏക സംസ്ഥാനം രാജസ്ഥാനാണ്. എന്നാല്‍, കോണ്‍ഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പോടെ രാജസ്ഥാന്‍ ഭരണവും പിടിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി കണക്കു കൂട്ടുന്നത്. ഈ ഒരവസ്ഥയില്‍ എങ്ങനെ ബി.ജെ.പിക്ക് ബദലാവാന്‍ കോണ്‍ഗ്രസ്സിനു കഴിയുമെന്നത് പ്രസക്തമായ ചോദ്യം തന്നെയാണ്. ബി.ജെ.പിക്ക് ശക്തമായ ഭീഷണി ഉയര്‍ത്താന്‍ ശേഷിയുള്ള ഒരു പ്രതിപക്ഷം രാജ്യത്ത് ഉയര്‍ന്നു വരേണ്ടതുണ്ട്. അതൊരിക്കലും സംഘപരിവാറിന്റെ  ‘ബി ടീമായി’ മാറാനും പാടില്ല. മമത ബാനര്‍ജി ഇപ്പോള്‍ ‘തനിസ്വഭാവം’ കാണിച്ചതു പോലെ ഒപ്പമുള്ളവരെ ചതിക്കുന്ന നിലപാടുള്ളവരെ  തുടക്കത്തില്‍ തന്നെ മാറ്റി നിര്‍ത്തുകയും വേണം.

നുറു ശതമാനം കൃത്യവും വ്യക്തവുമായ ഒരു ബദലാണ് ബി.ജെ.പിക്കെതിരെ വരേണ്ടത്. നിലവിലെ സാഹചര്യത്തില്‍ അത് എളുപ്പമുള്ള കാര്യമല്ല. ബി.ജെ.പിക്കെതിരെ നില്‍ക്കുന്ന പാര്‍ട്ടികളില്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒഴികെ ഉള്ളവര്‍  അവസരം ലഭിച്ചാല്‍ മറുകണ്ടം ചാടാന്‍ മാനസികാവസ്ഥ ഉള്ളവരാണ്.ആര്‍.എസ്.എസ് അത്ര മോശമല്ലന്ന നിലപാടിലേക്ക് വീരശൂര പരാക്രമിയായ മമത ബാനര്‍ജി തന്നെ എത്തിക്കഴിഞ്ഞു. പ്രതിപക്ഷത്തെ മറ്റു ബൂര്‍ഷാ പാര്‍ട്ടികളുടെ അവസ്ഥയും  ഇതൊക്കെ തന്നെയാണ്. ഇതു തന്നെയാണ് ബി.ജെ.പിയുടെ ആത്മവിശ്വാസവും. കാവിക്ക് ‘കൃത്യവും’ ശക്തവുമായ ഒരു ബദല്‍ ദേശീയ തലത്തില്‍ അത്ര പെട്ടന്ന് സാധ്യമല്ലങ്കിലും  ഭാവിയില്‍ തീര്‍ച്ചയായും സാധ്യതയുണ്ട്.

അതിന് ആദ്യം ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് കരുത്താര്‍ജിക്കേണ്ടത്. കേരളത്തിന് പുറത്തേക്ക് ചുവപ്പിന്റെ ശക്തി വര്‍ദ്ധിപ്പിക്കണം. ഉത്തരേന്ത്യയിലെ സമര പോരാട്ടങ്ങളിലെ കരുത്ത് ജനകീയ കരുത്താക്കി മാറ്റാന്‍ ഇടപെടലുകള്‍ ഉണ്ടാകണം. ബീഹാറിലെ പോലെ ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം വിപുലപ്പെടുത്തണം. കമ്യൂണിസ്റ്റുകള്‍ക്കിടയിലെ ഭിന്നത മറന്ന്  ഒറ്റ കുടക്കീഴില്‍ അണിനിരക്കാനുള്ള മനസ്സുണ്ടാകണം. അതിനു സാധിച്ചാല്‍  ബംഗാളും ,ത്രിപുരയും തിരിച്ച് പിടിക്കാന്‍ മാത്രമല്ല  മറ്റു പല സംസ്ഥാനങ്ങളിലും ചെങ്കൊടിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കും. വൈകിയാണെങ്കിലും അതിന് കഴിയുമെന്ന് പറയുന്നത് വെറുതെയല്ല

കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ  മറ്റു ഒരു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇല്ലാത്ത പ്രത്യയശാസ്ത്ര പിന്‍ബലമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുള്ളത്. അതാകട്ടെ, കാവി രാഷ്ട്രിയത്തിന് എതിരുമാണ്. കമ്യൂണിസ്റ്റുകള്‍  ഒറ്റയാളായി അവശേഷിച്ചാലും അവര്‍ ഒരിക്കലും സംഘപരിവാറുമായി ഒരു കാലത്തും ഐക്യപ്പെടുകയില്ല. ആ ഉറപ്പ് തന്നെയാണ് ഇന്ത്യയില്‍ ചുവപ്പിന്റെ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നത്. ഭിന്നിപ്പിന്റെ രാഷ്ട്രീയം ഉയര്‍ത്തി  രണ്ടു സീറ്റില്‍ നിന്നും രാജ്യം ഭരിക്കുന്ന അവസ്ഥയിലേക്ക് ബി.ജെ.പിക്ക് എത്താമെങ്കില്‍ പാവപ്പെട്ടവന്റെ രാഷ്ട്രീയം പറഞ്ഞ് ചെങ്കോട്ടയില്‍ ചെങ്കൊടി നാട്ടാന്‍  ഭാവിയില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ക്കും കഴിഞ്ഞേക്കും. അപ്പോള്‍ മാത്രമേ സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ പോരാട്ടവും പൂര്‍ണ്ണമായും ഫലപ്രാപ്തിയില്‍ എത്തുകയൊള്ളൂ.


EXPRESS KERALA VIEW

Top