ഇപ്പോള്‍ നടക്കാന്‍ പോക്കുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ മികച്ച വിജയം നേടുക എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചും യു.ഡി.എഫിനെ സംബന്ധിച്ചും അതിനിര്‍ണ്ണായകമാണ്. ഒരു സീറ്റിലെങ്കിലും വിജയിച്ചില്ലെങ്കില്‍ അത് ബി.ജെ.പിക്കും കനത്ത പ്രഹരമായി മാറും. കേരളം ഇന്നുവരെ കണ്ടതില്‍വച്ച് ഏറ്റവും കടുത്ത മത്സരത്തിലേക്കാണ് ലോകസഭ തിരഞ്ഞെടുപ്പ് പോകുന്നത്. തീര്‍ച്ചയായും. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും അതിന്റെ വീറും വാശിയും പ്രകടമാകും.
രാജ്യത്ത് തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഏറ്റവും കൂടുതല്‍ എം.പി മാരെ സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം. 2019- ലെ അതേ വെല്ലുവിളി മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് നേരിടുന്നതിനാല്‍ കേരളത്തിലെ വിജയം ആവര്‍ത്തിക്കേണ്ടത് ആ പാര്‍ട്ടിക്ക് അനിവാര്യമാണ്. 2019-ലെ യു ഡി.എഫ് സീറ്റു നിര്‍ണ്ണയം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസ്സ് 16 സീറ്റുകളിലും മുസ്ലിംലീഗ് രണ്ട് സീറ്റിലും ആര്‍. എസ്.പിയും കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗവും ഓരോ സീറ്റുകളിലുമാണ് മത്സരിക്കുക. ലീഗ് മൂന്നാം സീറ്റിനു വേണ്ടി പിടിമുറുക്കിയാല്‍ മാത്രമാണ് ഈ നിലയില്‍ മാറ്റംവരികയൊള്ളൂ.
ഇടതുപക്ഷത്ത് സി. പി.എം 15 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ സി.പി.ഐ നാല് സീറ്റുകളിലാണ് മത്സരിക്കുക കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ്സ് മത്സരിക്കും. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണി 20സീറ്റുകളിലും മത്സരിക്കുന്നുണ്ടെങ്കിലും അവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. തൃശൂര്‍ തിരുവനന്തപുരം മണ്ഡലങ്ങള്‍ മാത്രമാണ്. അതേസമയം ബി.ജെ.പിയുടെ സാന്നിധ്യം ഭൂരിപക്ഷ മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിനാണ് വഴിയൊരുക്കുക. തൃശൂരിലും തിരുവനന്തപുരത്തുമായി കേന്ദ്രീകരിച്ച് കൂടുതല്‍ ബി.ജെ.പി ദേശീയ നേതാക്കളും ഇത്തവണ കേരളത്തില്‍ ക്യാംപ് ചെയ്യും.
ഇടതുപക്ഷത്തിനെ മുഖ്യ ശത്രുവായി കണ്ട് കളംനിറയാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്. രണ്ട് പേരുടെയും പ്രധാന പ്രചരണ വിഷയങ്ങളും ഒന്നു തന്നെയാണ്. മുഖ്യമന്ത്രിയെയും മകള്‍ വീണ വിജയനെയും മുന്‍ നിര്‍ത്തി കടന്നാക്രമിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വീണ വിജയന്റെ ഐ.ടി സ്ഥാപനമായ എക്സാലോജിക്ക്-സിഎംആര്‍എല്‍ ഇടപാടിലെ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിട്ടുകൊണ്ടുള്ള ഉത്തരവാണ് ഒരേസമയം യു.ഡി.എഫും ബി.ജെ.പിയും ആയുധമാക്കുക. തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാകുന്ന ഘട്ടത്തില്‍ ഈ കേസില്‍ വലിയ ഡവലപ്പ്മെന്റ് ഉണ്ടാകുമെന്നും അത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഗതിയെ തന്നെ മാറ്റി മറിക്കുമെന്നുമാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. ഇതേ കണക്കു കൂട്ടലില്‍ തന്നെയാണ് യു.ഡി.എഫും മുന്നോട്ട് പോകുന്നത്.
കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലുളളഏറ്റവും ഉയര്‍ന്ന അന്വേഷണത്തിനാണ് പി.സി ജോര്‍ജിന്റെ മകന്റെ പരാതിയില്‍ മോദി സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എക്സാലോജിക്കും സിഎംആര്‍എല്ലും മാത്രമല്ല കെഎസ്ഐഡിസിയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. എട്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും അതിനു ശേഷം അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം. അതായത് അന്വേഷണം യുദ്ധകാല അടിസ്ഥാനത്തില്‍ തുടങ്ങുമെന്നത് വ്യക്തം. സമയപരിധി എട്ടു മാസമാണെങ്കിലും അന്വേഷണ സംഘത്തിന്റെ തന്ത്രപരമായ നീക്കം നടക്കുക ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ നിര്‍ണ്ണായക ഘട്ടത്തിലായിരിക്കും. ആ സമയത്ത് പുറത്തുവിടുന്ന വിവരങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് ബി.ജെ.പി നേതാക്കള്‍ കരുതുന്നത്. അന്വേഷണത്തിന്റെ വിത്ത് വിതച്ചത് മോദി സര്‍ക്കാറാന്നെങ്കില്‍ ഫലം കൊയ്യാന്‍ പോകുന്നത് തങ്ങളാന്നെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഇടതുപക്ഷത്തെ അഴിമതിയുടെ കൂടാരമായി ചിത്രീകരിച്ചു കൊണ്ട് വിളപ്പെടുപ്പ് നടത്താനുള്ള തന്ത്രമാണ് ബി.ജെ.പിയും കോണ്‍ഗ്രസ്സും പയറ്റുന്നത്. 2019-ലെ സീറ്റ് നിലയില്‍ നിന്നും ഏതാനും സീറ്റുകള്‍ കുറഞ്ഞാല്‍ പോലും ബഹുഭൂരിപക്ഷത്തിലും വിജയിക്കുക എന്നതാണ് കോണ്‍ഗ്രസ്സ് നേതൃത്വം ലക്ഷ്യമിടുന്നത്. അത് സംഭവിച്ചില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യു.ഡി.എഫ് എന്ന സംവിധാനം തകരുമെന്നും നേതൃത്വം ഭയപ്പെടുന്നുണ്ട്.
ബി.ജെ.പിക്ക് ആകട്ടെ രണ്ട് സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒരു സീറ്റിലെങ്കിലും വിജയിക്കണമെന്നത് അഭിമാന പ്രശ്നമാണ്. അതിനു പോലും സാധിച്ചില്ലങ്കില്‍ മോദിയുടെ കേരളത്തിലെ ‘ഗ്യാരണ്ടിയും’ അതോടെ തീരും. അത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാന ബി.ജെ.പി ഘടകം തന്നെ പിരിച്ചുവിടാനും ബി.ജെ.പി കേന്ദ്ര നേതൃത്വം തയ്യാറായേക്കും. അതിനുള്ള സാധ്യതയും വളരെ കൂടുതല്‍ തന്നെയാണ്. തൃശൂരില്‍ പ്രധാനമന്ത്രി പലവട്ടം പറന്നിറങ്ങിയത് തന്നെ സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കാനാണ്. ഇനി കേന്ദ്രമന്ത്രിപ്പട വരാന്‍ പോകുന്നതും ഇതേ തൃശൂര്‍ക്ക് തന്നെയാണ്. എന്നിട്ടു പോലും വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതോടെ കേരളത്തിലെ പ്രതീക്ഷ മോദിക്കും അവസാനിപ്പിക്കേണ്ടി വരും.
ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ കൂടിയാണ് സാധ്യമായ എല്ലാ മാര്‍ഗ്ഗവും കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ പി.സി ജോര്‍ജിന്റെ മകന്‍ പരാതിക്കാരനായതും തൊട്ടു പിന്നാലെ തന്നെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതും അതിനുശേഷം പി.സി ജോര്‍ജും മകനും ബി.ജെ.പിയില്‍ ചേര്‍ന്നെതുമെല്ലാം കൃത്യമായ തിരക്കഥ പ്രകാരമാണ്. അതാകട്ടെ ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞിട്ടുമുണ്ട്. കേന്ദ്ര അന്വേഷണ വാര്‍ത്തയെ കേരളത്തിലെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി തന്നെ പ്രതിപക്ഷത്തിന്റെ പ്രചരണ തന്ത്രത്തിന്റെ വിജയമാണ്. വില്ലന്‍ പരിവേശം മുഖ്യമന്ത്രിക്കും മകള്‍ക്കും ചാര്‍ത്തി നല്‍കി അതുവഴി ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ഒരുകൈ സഹായമാണ് കുത്തക മാധ്യമങ്ങളും ഇപ്പോള്‍ നല്‍കി വരുന്നത്. അതിന്റെ തോത് വരും ദിവസങ്ങളിലും വര്‍ദ്ധിക്കാന്‍ തന്നെയാണ് സാധ്യത. അതായത് ഒരേ സമയം ബി.ജെ.പിയെയും യു.ഡി.എഫിനെയും മാത്രമല്ല മാധ്യമങ്ങളെയും കേന്ദ്ര ഏജന്‍സിയെയും വരെ പ്രതിരോധിക്കേണ്ട സാഹചര്യമാണ് ഇടതുപക്ഷത്തിനുള്ളത്. വലിയ ഒരു വെല്ലുവിളിയാണ് ഇതെങ്കിലും ഈ വെല്ലുവിളികളെയും അതിജീവിക്കുമെന്നാണ് ഇടതു നേതാക്കള്‍ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ ഏത് അന്വേഷണവും വരട്ടെയെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സിബിഐയേക്കാള്‍ വലുതലല്ലോയെന്നും വെല്ലുവിളിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ ആത്മവിശ്വാസമാണ് ഈ പ്രതികരണത്തിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ബിരിയാണി ചെമ്പിലെ സ്വര്‍ണ്ണം ആവി ആയ പോലെ തന്നെയാകും ഇപ്പോഴത്തെ ആരോപണങ്ങള്‍ക്കും സംഭവിക്കുക എന്നാണ് സി.പി.എം നേതൃത്വം തുറന്നടിക്കുന്നത്.
സ്വപ്ന സുരേഷിനെ മുന്‍ നിര്‍ത്തി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൊടുത്തുവിട്ട ആരോപണങ്ങളുടെ ‘മുന’ ജനങ്ങള്‍ തന്നെ ഒടിച്ചു കളഞ്ഞതും പിണറായി വിജയന്റെ നേതൃത്വത്തില്‍ വീണ്ടും തുടര്‍ഭരണം സാധ്യമായതും ചൂണ്ടിക്കാട്ടിയാണ് ലോകസഭ തിരഞ്ഞെടുപ്പിനെയും ഇടതുപക്ഷം അഭിമുഖീകരിക്കാന്‍ പോകുന്നത്. അവരുടെ സകല സംഘടനാ സംവിധാനവും ഇതിനായി തയ്യാറുമാണ്. 15 സീറ്റില്‍ കുറയാതെ നേടുമെന്നാണ് ഇടതുപക്ഷ നേതാക്കള്‍ അവകാശപ്പെടുന്നത്. വേട്ടയാടപ്പെടുന്ന എല്ലാ ഘട്ടത്തിലും ജനങ്ങള്‍ ചെങ്കൊടിക്കൊപ്പം നിന്ന ചരിത്രം തന്നെയാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
EXPRESS KERALA VIEW