യൂട്യൂബര്‍മാര്‍ക്കായി പുതിയ എഐ വീഡിയോ എഡിറ്റിംഗ് ആപ്പ്; യൂട്യൂബ് ക്രിയേറ്റ്

നറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പുതിയ ക്രിയേറ്റര്‍ ടൂളുകള്‍ അവതരിപ്പിക്കാന്‍ യൂട്യൂബ് പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനോടനുബന്ധിച്ച് ‘യൂട്യൂബ് ക്രിയേറ്റ്’ എന്ന ആപ്പിന്റെ ബീറ്റാ പതിപ്പ് ഗൂഗിള്‍ ഈ ആഴ്ച പ്രഖ്യാപിക്കുകയും ചെയ്തു. ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള മുഖ്യ എതിരാളികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായി ഈ ആപ്പ് ഉപയോഗിച്ച് വിഡിയോ എഡിറ്റിങ്ങും നിര്‍മ്മാണ പ്രക്രിയയും ലളിതമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

എ.ഐ അടിസ്ഥാനമാക്കിയുള്ള പുതിയ വിഡിയോ എഡിറ്റിങ് ആപ്പ്, ഓട്ടോമാറ്റിക് കാപ്ഷനുകളും മറ്റ് പ്രീമിയം ഫീച്ചറുകളും സൗജന്യമായി നല്‍കും. പശ്ചാത്തല ശബ്ദം ഇല്ലാതാക്കുന്നതിനുള്ള ഓഡിയോ ക്ലീനപ്പ് ടൂളും ഒരു പ്രധാന ഫീച്ചറാണ്. ഒപ്പം വോയ്സ്ഓവര്‍ ഫംഗ്ഷണാലിറ്റി, റോയല്‍റ്റി രഹിത സംഗീത ലൈബ്രറി, ഒന്നിലധികം ഇഫക്റ്റുകളും ട്രാന്‍സിഷനുകളുമൊക്കെയുണ്ട്. വിഡിയോകള്‍ പല ആസ്പക്ട് റേഷ്യോയിലേക്ക് റീസൈസ് ചെയ്യാനുള്ള ഓപ്ഷന്‍, വൈവിധ്യമാര്‍ന്ന സ്റ്റിക്കറുകള്‍/ജിഐഎഫ് -കള്‍/ഇമോജികള്‍ എന്നിവയും ഉള്‍പ്പെടുന്നു.

യൂട്യൂബിന്റെ ഹൃസ്വ വിഡിയോ പ്ലാറ്റ്ഫോമായ ‘ഷോര്‍ട്സ്’ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. ഷോര്‍ട്സ് വീഡിയോയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് പുതിയ ആപ്പ് ഏറെ ഉപകാരപ്പെടും. അതേസമയം ദൈര്‍ഘ്യമുള്ള വിഡിയോയും ആപ്പില്‍ നിര്‍മിക്കാന്‍ കഴിയും.

‘ഡ്രീം സ്‌ക്രീന്‍’ എന്ന പേരില്‍ ഷോര്‍ട്ട് വീഡിയോക്ക് വേണ്ടി തയ്യാറാക്കിയ പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു ജനറേറ്റീവ് എഐ ടൂള്‍ യൂട്യൂബ് അവതരിപ്പിച്ചിട്ടുണ്ട്. എഐ ജനറേറ്റഡ് വീഡിയോയും പശ്ചാത്തല ചിത്രവും നിര്‍മിക്കാന്‍ ഈ ടൂളിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ ഫീച്ചര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ പ്രദര്‍ശനവും യൂട്യൂബ് നടത്തിയിരുന്നു.

Top