പുതിയ മെര്‍സിഡീസ് എഎംജി G63 വിപണിയില്‍ ; വില 2.19 കോടി രൂപ

രൂപത്തിലും ഭാവത്തിലും പരിഷ്‌കാരങ്ങള്‍ വരുത്തി പുത്തന്‍ എസ്‌യുവിയുമായി മെര്‍സിഡീസ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍. മെര്‍സിഡീസ് എഎംജി G63 വിപണിയില്‍ പുറത്തിറങ്ങി. 2.19 കോടി രൂപയാണ് ജര്‍മ്മന്‍ എസ്‌യുവിയുടെ വില.

കുത്തനെയുള്ള സ്ലാറ്റുകളും ട്രാപസോഡിയല്‍ ഗ്രില്‍ ശൈലിയും മോഡലിന്റെ മുഖച്ഛായ തെല്ലൊന്നു മാറ്റിയിട്ടുണ്ട്. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പ് ഘടനയില്‍ സംഭവിച്ച മാറ്റങ്ങള്‍ മെര്‍സിഡീസിന്റെ പരുക്കന്‍ എസ്‌യുവിക്ക് ആധുനിക പരിവേഷം നല്‍കുന്നു. ബോണറ്റില്‍ നിലയുറപ്പിച്ച ഇന്‍ഡിക്കേറ്ററുകളും വശങ്ങളിലൂടെ കടന്നുപോകുന്ന ബീഡിങ് വരകളും കാണാന്‍ പാകത്തിലുള്ള ഡോര്‍ വിജാഗിരികളുമാണ് പുതിയ മെര്‍സിഡീസ് എഎംജി G63 യില്‍ ഒരുക്കിയിരിക്കുന്നത്.

21 ഇഞ്ച് ഏഴു സ്‌പോക്ക് അലോയ് വീലുകളാണ് G63 എഎംജിയില്‍. വലതുവശം ചേര്‍ന്ന പുകക്കുഴലുകളും 241 mm ഗ്രൗണ്ട് ക്ലിയറന്‍സും ജി വാഗണിന്റെ ഓഫ്‌റോഡ് വേഷം പരിപൂര്‍ണ്ണമാക്കുന്നു. ഇന്‍സ്ട്രമെന്റ് കണ്‍സോളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാവും കുടിയിരിക്കുന്ന 12.3 ഇഞ്ച് ഡിസ്‌പ്ലേയാണ് അകത്തളത്തിലെ മുഖ്യാകര്‍ഷണം.

എസ്‌യുവിയിലുള്ള 4.0 ലിറ്റര്‍ ബൈടര്‍ബ്ബോ V8 എഞ്ചിന്‍ 585 bhp കരുത്തും 850 Nm torque മാണ് പരമാവധി സൃഷ്ടിക്കുക. മുന്‍ തലമുറകളില്‍ ഇരട്ട ടര്‍ബ്ബോചാര്‍ജ്ജറുള്ള 5.5 ലിറ്റര്‍ V8 എഞ്ചിനാണ് കമ്പനി ഉപയോഗിച്ചിരുന്നത്. പുതിയ G63 എഎംജിയില്‍ ഒമ്പതു സ്പീഡ് എഎംജി സ്പീഡ്ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേന നാലു ചക്രങ്ങളിലേക്കും കരുത്തെത്തും.

Top