മുഖ്യമന്ത്രിക്ക് പറക്കാന്‍ 191 കോടിയുടെ പുതിയ വിമാനം വാങ്ങി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: മുഖ്യമന്ത്രിക്ക് പറക്കാന്‍ 191 കോടിയുടെ പുതിയ വിമാനം വാങ്ങി ഗുജറാത്ത് സര്‍ക്കാര്‍. രണ്ട് എന്‍ജിനുള്ള ബൊംബാര്‍ഡിയര്‍ ചലഞ്ചര്‍ 650 വിമാനം രണ്ടാഴ്ചയ്ക്കകം സംസ്ഥാനത്തെത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.മുഖ്യമന്ത്രി വിജയ് രൂപാണിക്കും ഗവര്‍ണറും ഉപമുഖ്യമന്ത്രിയും അടക്കമുള്ള പ്രമുര്‍ക്കായാണ് വിമാനം വാങ്ങുന്നത്.

മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖര്‍ 20 വര്‍ഷമായി ഉപയോഗിച്ചുവന്ന ബീച്ച് ക്രാഫ്റ്റ് സൂപ്പര്‍കിങ് വിമാനത്തിന് പകരമായാണ് പുതിയത് എത്തുന്നത്. വിമാനം വാങ്ങുന്നതിന് അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അടക്കമുള്ള ഏജന്‍സികളുടെ അനുമതി വാങ്ങിയശേഷമെ വിമാനം പറത്താനാകൂ.

മുമ്പ് ഉപയോഗിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ ദൂരം പറക്കാന്‍ കഴിയുന്ന വിമാനമാണ് പുതുതായി എത്തുന്നത്. ചൈന അടക്കമുള്ള അയല്‍രാജ്യങ്ങളിലേക്ക് ഇതില്‍ പറക്കാനാകും.മുമ്പത്തെ വിമാനത്തിന് ദീര്‍ഘദൂരം പറക്കാന്‍ കഴിയാത്തതിനാല്‍ മണിക്കൂറിന് ഒരുലക്ഷം രൂപവരെ ചിലവ് വരുന്ന സ്വകാര്യ വിമാനങ്ങള്‍ വിശിഷ്ട വ്യക്തികള്‍ക്കുവേണ്ടി വാടകയ്ക്ക് എടുക്കേണ്ടി വന്നിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ച് പേര്‍ക്കുമാത്രം സഞ്ചരിക്കാന്‍ കഴിയുന്ന വിമാനമായിരുന്നു മുമ്പുണ്ടായിരുന്നത്. അഹമ്മദാബാദില്‍നിന്ന് ഗുവഹാത്തിയിലെത്താന്‍ അതിന് അഞ്ച് മണിക്കൂര്‍ വേണ്ടിയിരുന്നു. എന്നാല്‍ പുതിയ വിമാനത്തിന് രണ്ട് മണിക്കൂര്‍കൊണ്ട് ഈ ദൂരം സഞ്ചരിക്കാനാവുമെന്നും അധികൃതര്‍ പറഞ്ഞു.

Top