മറക്കരുത് ഒരിക്കലും, ഒരു സഖാവും ആ ജീവത്യാഗം. പ്രതിഷേധം ശക്തം !

രിക്കലും തിരുത്താത്ത ചില ജന്മങ്ങളുണ്ട് നാട്ടില്‍. അത്തരക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലുമുണ്ട്. ഇത്തരക്കാരാണ് യഥാര്‍ത്ഥത്തില്‍ ചുവപ്പിന്റെ ശത്രുക്കള്‍. സി.പി.എമ്മും പിണറായി സര്‍ക്കാറും ഏറ്റവും ശക്തമായ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. പല വിഷയങ്ങളിലും മുറിവേറ്റ അവസ്ഥയിലാണിപ്പോള്‍ സി.പി.എം പ്രവര്‍ത്തകരുള്ളത്. ആ ‘മുറിവില്‍’ മുളക് തേക്കുന്ന ഏര്‍പ്പാടാണ് തൃശൂരിലിപ്പോള്‍ സി.പി.എം നേതൃത്വം ചെയ്തിരിക്കുന്നത്. മുന്‍ എസ്.എഫ്.ഐ നേതാവ് കൊച്ചനിയന്‍ കൊലക്കേസിലെ പ്രതി എം.കെ മുകുന്ദന് സി.പി.എം ചുവപ്പ് പരവതാനി വിരിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.

കോടതി വെറുതെ വിട്ടു എന്നത് കൊണ്ട് മാത്രം ദൃക്‌സാക്ഷികള്‍ക്ക് ആ കൊലപാതകം മറക്കാന്‍ കഴിയുകയില്ല. കോടതി മുകുന്ദനെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെങ്കില്‍ അത് പ്രോസിക്യൂഷന്റെ പരാജയമാണ്. ഈ വെറുതെ വിടലിനെ വിലയിരുത്തേണ്ടതും അങ്ങനെ തന്നെയായിരിക്കണം. കോടതിക്ക് വേണ്ടത് തെളിവുകളാണ്. അത് നല്‍കേണ്ടതാകട്ടെ പ്രോസിക്യൂഷനും പൊലീസുമാണ്. ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതാണ് സി.പി.എം നേതൃത്വം പരിശോധിക്കേണ്ടത്. അതല്ലാതെ പ്രതിയായിരുന്നയാളെ പാര്‍ട്ടിയിലെടുക്കുകയായിരുന്നില്ല വേണ്ടിയിരുന്നത്.

അന്വേഷണ സംഘത്തിന്റെ കെടുകാര്യസ്ഥത കൊണ്ടും രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടും മാത്രം അട്ടിമറിക്കപ്പെട്ട കേസുകളും രക്ഷപ്പെട്ട പ്രതികളും സംസ്ഥാനത്ത് അനവധിയുണ്ട്. ഈ പട്ടികയില്‍ മുകുന്ദനെയും കാണാനാണ് കൊച്ചനിയന്റെ സുഹൃത്തുക്കള്‍ ഇപ്പോഴും ആഗ്രഹിക്കുന്നത്. അതാകട്ടെ അവരുടെ അവകാശവുമാണ്. തൃശൂരിലെ ചില സി.പി.എം നേതാക്കള്‍, മുകുന്ദനെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്തു എന്നു കരുതി അണികള്‍ ഈ പ്രവര്‍ത്തിയെ സ്വാഗതം ചെയ്യുമെന്ന് മാത്രം കരുതരുത്. വിയോജിക്കാനുള്ള അവകാശം സി.പി.എം അണികള്‍ക്കുമുണ്ട്. എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വലിയ രോക്ഷത്തിലാണുള്ളത്. മുകുന്ദന്റെ ഇടതു പ്രവേശനത്തിനെതിരെ ഇപ്പോള്‍ ഉയരുന്ന പ്രതിഷേധങ്ങളെല്ലാം അതിന്റെ സൂചനയാണ്.

കേരളത്തിലെ ഇടതുപക്ഷത്തെ ആകെയാണ് ഈ തല തിരിഞ്ഞ തീരുമാനം മൂലം തൃശൂരിലെ സി.പി.എം പ്രതിരോധത്തിലാക്കിയിരിക്കുന്നത്. അനില്‍ അക്കരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുട്ട് പൊള്ളിക്കുന്നതും ചുവപ്പ് മനസ്സുകളെയാണ്. അടിക്കാനുള്ള വടിയാണ് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തിന് സി.പി.എം ഇപ്പോള്‍ കൊടുത്തിരിക്കുന്നത്. കുന്നംകുളത്ത് കൊല ചെയ്യപ്പെട്ട സനൂപിന്റെ ചോരപ്പാട് മായും മുന്‍പ് എടുത്ത ഈ തീരുമാനം രക്തസാക്ഷികളെയാകെ അപമാനിക്കുന്നതിന് തുല്യമാണ്.

എസ്.എഫ്.ഐ നേതാവായിരിക്കെ 1992 ഫെബ്രുവരി 29നാണ് കൊച്ചനിയന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്. കുട്ടനല്ലൂര്‍ ഗവ.കോളജ് യൂണിയന്‍ സെക്രട്ടറി കൂടിയായ ഈ വിദ്യാര്‍ത്ഥി നേതാവിനെ സര്‍വ്വകലാശാലാ കലോത്സവ വേദിയില്‍ വച്ചാണ് കൊലപ്പെടുത്തിയിരുന്നത്. കെ.എസ്.യു നേതാവായ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് കൊച്ചനിയനെ കുത്തിമലര്‍ത്തിയത്. അന്ന് ഈ കൊലയാളി സംഘത്തിലുണ്ടായിരുന്ന വ്യക്തിയാണ് മുകുന്ദന്‍. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ അര്‍ഹതപ്പെട്ട ബാഡ്ജ് ചോദിക്കാന്‍ ചെന്നപ്പോളായിരുന്നു കൊച്ചനിയന്‍ ആക്രമിക്കപ്പെട്ടത്. വയറിന് കുത്തേറ്റ് കുടല്‍മാല പുറത്തു ചാടിയ കൊച്ചനിയനെ ആശുപതിയിലെത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു.

കലോത്സവ വേദിയെ പോലും കലാപവേദിയാക്കിയതിന് വിദ്യാര്‍ത്ഥി സമൂഹം നല്‍കിയ ‘ശിക്ഷയാണ്’ കെ.എസ്.യു ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ മുഴുവന്‍ സര്‍വ്വകലാശാലാ യൂണിയനുകളും ഇന്നു ഭരിക്കുന്നത് എസ്.എഫ്.ഐയാണ്. ഒരു തിരിച്ചുവരവ് കെ.എസ്.യുവിനെ സംബന്ധിച്ച് ഇന്ന് വെറും സ്വപ്നം മാത്രമാണ്. കാമ്പസുകളില്‍ നിന്നും ആ സംഘടന തൂത്തെറിയപ്പെട്ടിരിക്കുകയാണ്. എതിരാളികളില്ലാത്ത സംഘടന എന്ന നിലയിലേക്കാണ് എസ്.എഫ്.ഐ മാറിക്കഴിഞ്ഞിരിക്കുന്നത്. കേരള സര്‍വ്വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ കൊടുക്കാന്‍ ഒരംഗം പോലും കെ.എസ്.യു വിന് ഇല്ലാത്തത് വര്‍ത്തമാന കേരളം കണ്ട ദയനീയകാഴ്ചയാണ്.

ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലും പതിനഞ്ച് എക്സിക്യൂട്ടിവില്‍ പതിമൂന്നിലും അക്കൗണ്ട്സ് കമ്മിറ്റി, സ്റ്റുഡന്റ്സ് കൗണ്‍സില്‍ എന്നിവയില്‍ മുഴുവന്‍ സീറ്റുകളിലും ഇവിടെ എസ്.എഫ്.ഐ ക്ക് എതിരാളികളേ ഇല്ലായിരുന്നു. സെനറ്റില്‍ പത്തില്‍ എഴിലും എസ്എഫ്ഐ പാനല്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എസ്.എഫ്.ഐ യുടെ ഈ വിജയ കുതിപ്പിന് പിന്നിലെല്ലാം കൊച്ചനിയന്‍ ഉള്‍പ്പെടെയുള്ള രക്തസാക്ഷികളുടെ കയ്യൊപ്പുണ്ടെന്ന കാര്യം തൃശൂരിലെ സി.പി.എം നേതൃത്വം ഓര്‍ക്കുന്നത് നല്ലതാണ്. കോര്‍പ്പറേഷന്‍ ഭരണം ലക്ഷ്യമിട്ട് നിങ്ങള്‍ ഇപ്പോള്‍ എടുത്ത തീരുമാനം,വലിയ മണ്ടത്തരമാണ്.

കൊച്ചനിയന്‍ കേസില്‍ കോടതി വിധി വന്നതോടെ ചില നേതാക്കള്‍ക്ക് എല്ലാം അടഞ്ഞ അദ്ധ്യായമായിരിക്കും. മുകുന്ദന്‍ വിശുദ്ധനുമായിരിക്കും. പക്ഷേ അണികളെ സംബന്ധിച്ച് കാര്യങ്ങള്‍ അങ്ങനെയല്ല. അവരുടെ മനസ്സിനാണ് ഇപ്പോള്‍ മുറിവേറ്റിരിക്കുന്നത്. ഇത് പൊട്ടിതെറിയില്‍ കലാശിച്ചാല്‍ വലിയ പ്രത്യാഘാതമാണുണ്ടാക്കുക. പാര്‍ട്ടി അച്ചടക്കം എന്നത് ചില നേതാക്കള്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സായി കരുതരുത്. പുതിയ കാലത്ത് അതൊന്നും നടപ്പുള്ള കാര്യവുമല്ല. സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ഉയരുന്ന പ്രതിഷേധവും അതാണ് സൂചിപ്പിക്കുന്നത്.

സി.പി.എമ്മിനെ മാത്രമല്ല എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ സംഘടനകളെ കൂടിയാണ് മുകുന്ദന്റെ ഇടതു പ്രവേശനം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അണികളുടെ ചോദ്യത്തിന് മുന്നില്‍ യുവജന – വിദ്യാര്‍ത്ഥി നേതാക്കളാണ് ഇപ്പോള്‍ പകച്ച് നില്‍ക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഇവരെല്ലാം ഒഴുക്കിയ ചോരയുടെ കൂടി ഉല്‍പ്പന്നമാണ് പിണറായി സര്‍ക്കാര്‍. മുകുന്ദനെ ‘ആനയച്ചവര്‍’ അതും കൂടി ഓര്‍ത്ത് കൊള്ളണം.’

‘മുകുന്ദേട്ടാ സി.പി.എം വിളിക്കുന്നു’ എന്ന് പറഞ്ഞ നേതാവ് ആരായാലും അയാള്‍ വര്‍ഗ്ഗ വഞ്ചകന്‍ തന്നെയാണ്. എടുത്ത് ചാടി തീരുമാനം എടുത്ത സി.പി.എം തൃശൂര്‍ ഏരിയാ നേതൃത്വത്തിനും ഗുരുതര പിഴവാണ് പറ്റിയിരിക്കുന്നത്. അണികളുടെ രോക്ഷം ഉള്‍കൊണ്ട് എടുത്ത തീരുമാനം പുനപരിശോധിക്കാനാണ് സി.പി.എം ഇനിയെങ്കിലും തയ്യാറാകേണ്ടത്. ഇക്കാര്യത്തില്‍ സംസ്ഥാന നേത്യത്വത്തിന്റെ ഇടപെടലാണ് ചുവപ്പ് സ്വപ്നം നെഞ്ചേറ്റുന്നവരും നിലവില്‍ ആഗ്രഹിക്കുന്നത്.

Top