‘സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയം’; നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ ഇന്ത്യ

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബി.ജെ.പി. നേതാവും സിനിമാതാരവുമായി സുരേഷ് ഗോപി നടത്തിയ അപമര്യാദപരമായ പെരുമാറ്റത്തെ അപലപിച്ച് നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ ഇന്ത്യ. മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സുരേഷ് ഗോപിയുടെ പെരുമാറ്റം അക്രമോത്സുകമാണ്. ജോലി സ്ഥലത്തെ കയ്യേറ്റമായി മാത്രമേ ഇതിനെ കാണാനാകൂ. സര്‍ക്കാര്‍ ഗൗരവമായി ഇതിനെ കണ്ട് ഉടന്‍ നടപടി സ്വീകരിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ഇന്നലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുകയായിരുന്നു.

‘സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ അപമര്യാദയായ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണ്. ഒരു വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കൈ വെക്കുന്ന, അദ്ദേഹത്തിന്റെ ശരീര ഭാഷ അങ്ങേയറ്റം ഔദ്ധത്യം നിറഞ്ഞതും അക്രമോല്‍സുകവുമാണ്. സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമ പ്രകാരം (POSH Act 2013) ഇത് കൃത്യമായും ജോലി സ്ഥലത്തെ കയ്യേറ്റമെന്ന നിലക്ക് മാത്രമേ കാണാനാവൂ. ഇത് ഗൗരവമുള്ള കുറ്റകൃത്യമായി കണ്ട് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. ജോലി സ്ഥലത്തെ അതിക്രമം എന്ന നിലയില്‍ തന്നെ, ഷിദയുടെ തൊഴില്‍ സ്ഥപനമായ മീഡിയ വണ്‍ ഈ വിഷയത്തെ സമീപിക്കുകയും നിയമം അനുശാസിക്കുന്ന നടപടി എടുക്കുകയും വേണമെന്ന് ആവശ്യപ്പെടുന്നു’.-നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ ഇന്ത്യ ആവശ്യപ്പെട്ടു.

Top