നെട്ടൂര്‍ കൊലപാതകം: റിമാന്‍ഡില്‍ ആയ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കി

കൊച്ചി:കുമ്പളം സ്വദേശിയായ യുവാവിനെ കൊന്ന് നെട്ടൂരില്‍ ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ റിമാന്‍ഡില്‍ ആയ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. കുമ്പളം മന്നനാട്ട് വീട്ടില്‍ വിദ്യന്റെ മകന്‍ അര്‍ജുനെ (20) കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ അഞ്ച് പ്രതികള്‍ ആണുള്ളത്. റോണി, നിപിന്‍, അനന്ദു, അജിത് കുമാര്‍ എന്നിവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി കേസില്‍ പ്രതിയാണ്. ഇവരെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.

ഒന്നാം പ്രതി നിപിന്റെ സഹോദരന്‍ ബൈക്കപകടത്തില്‍ മരിച്ചതിനെതുടര്‍ന്നുണ്ടായ സംശയവും പകയുമാണ് കൊലയില്‍ കലാശിച്ചത്.

ബുധനാഴ്ച വൈകീട്ട് നെട്ടൂര്‍ നോര്‍ത്ത് റെയില്‍വേ പാളത്തിന് പടിഞ്ഞാറു ഭാഗത്ത് ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. പ്രതികളുമായാണ് തിരച്ചില്‍ നടത്തിയത്. വ്യാഴാഴ്ച രാവിലെ മൃതദേഹം പുറത്തെടുത്തു. അസ്ഥികള്‍ മാത്രമാണ് ലഭിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

നിപിന്റെ സഹോദരന്‍ എബിന്‍ ഒരു വര്‍ഷംമുമ്പ് കളമശ്ശേരിയില്‍ബൈക്കപകടത്തില്‍ മരിച്ചിരുന്നു. എബിനും കൊല്ലപ്പെട്ട അര്‍ജുനും ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപകടം. അപകടത്തില്‍ അര്‍ജുന്‍ രക്ഷപ്പെട്ടതില്‍ നിപിന് സംശയവും അര്‍ജുനോട് പകയുമുണ്ടായിരുന്നു. അര്‍ജുനെ കൊല്ലുമെന്ന് നിപിന്‍ ഇടയ്ക്ക് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ജൂലായ് രണ്ടിന് രാത്രി പത്ത് മണിയോടെ നിപിന്റെ നിര്‍ദേശപ്രകാരം ഒരു 17-കാരന്‍ വീട്ടിലെത്തി അര്‍ജുനെ കൂട്ടിക്കൊണ്ടുപോയി. സൈക്കിളില്‍ നെട്ടൂരിലെ ഒഴിഞ്ഞ പറമ്പിലെത്തിച്ച ശേഷം ഇയാള്‍ മടങ്ങി. തുടര്‍ന്ന് നിപിനും റോണിയും ചേര്‍ന്ന് പട്ടികയും കല്ലും കൊണ്ട് തലയ്ക്കടിച്ച് അര്‍ജുനെ കൊലപ്പെടുത്തി. മറ്റുള്ളവരുമായി ചേര്‍ന്ന് മൃതദേഹം ചതുപ്പില്‍ താഴ്ത്തി.

അര്‍ജുന്‍ അടുത്ത ദിവസവും തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് പിതാവ് വിദ്യന്‍ മൂന്നിന് വൈകീട്ട് ആറോടെ പനങ്ങാട് പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ നിപിന്റെയും റോണിയുടെയും പേരും സൂചിപ്പിച്ചിരുന്നു. പോലീസ് ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഒരാഴ്ച കഴിഞ്ഞിട്ടും വിവരം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് അര്‍ജുന്റെ സുഹൃത്തുക്കള്‍ 17-കാരനെയും നിപിനെയും ചോദ്യം ചെയ്തതോടെയാണ് സൂചന ലഭിച്ചത്.

വിദ്യന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസും ഫയല്‍ ചെയ്തു. ഇതേതുടര്‍ന്ന് പോലീസ് പ്രതികളെ വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്തതോടെ അവര്‍ സംഭവം വിവരിക്കുകയും മൃതദേഹം ഒളിപ്പിച്ചയിടം പറഞ്ഞുകൊടുക്കുകയുമായിരുന്നു.

Top