എറണാകുളത്ത് യുവാവിന്റെ മരണം : നടപടി വൈകിയെന്നയാരോപണം നിഷേധിച്ച് പൊലീസ്

കൊച്ചി: എറണാകുളത്ത് യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി വൈകിയില്ലെന്ന് പൊലീസ്. അര്‍ജുനെ കാണാതായെന്ന് പരാതി കിട്ടിയ അന്നുതന്നെ എഫ്‌ഐആര്‍ എടുത്തുവെന്നും അര്‍ജുന്റെ സുഹൃത്തുക്കളും ബന്ധുക്കളും പ്രതികളെ പിടികൂടി പൊലീസിനെ ഏല്‍പിച്ചെന്ന വാദം തെറ്റാണെന്നും പൊലീസ് പറഞ്ഞു. പൊലീസാണ് പ്രതികളെ വിളിച്ചുവരുത്തിയത്. പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ പലയിടത്തായി ഒളിപ്പിച്ചുവെന്നും ഇതിനാല്‍ ടവര്‍ ലൊക്കേഷന്‍ തെറ്റിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായെന്ന് കൊല്ലപ്പെട്ട അര്‍ജുന്റെ അച്ഛന്‍ വിദ്യന്‍ പറഞ്ഞിരുന്നു. അര്‍ജുനെ കാണാതായത് രണ്ടിനാണ്. മൂന്നിന് പ്രിതികളെന്ന് സംശയിക്കുന്നവരുടെ പേരുകള്‍ പൊലീസിന് നല്‍കി. അഞ്ചിന് പ്രതികളായ റോണിയേയും നിബിനെയും പൊലീസില്‍ ഏല്‍പ്പിച്ചുവെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാതെ ഇവരെ പറഞ്ഞു വിടുകയാണുണ്ടായതെന്നും അച്ഛന്‍ പറയുന്നു. ഒമ്പതാം തിയതി വരെ പ്രതികളുടെ മൊഴി എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം പ്രതികളെ കണ്ടെത്തി പൊലീസില്‍ ഏല്‍പ്പിച്ചത് കൊല്ലപ്പെട്ട അര്‍ജുന്റെ സുഹൃത്തുക്കളെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. സംശയം തോന്നിയവരെ ചോദ്യം ചെയ്ത അര്‍ജുന്റെ സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കാന്‍ പ്രതികളെ നിര്‍ബന്ധിച്ചു.

പ്രതികളിലൊരാളായ നിപിന്‍, തന്റെ സഹോദരന്റെ അപകടമരണത്തിനു കാരണക്കാരന്‍ അര്‍ജുനാണെന്ന് സുഹൃത്തുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് നിപിന്റെ സഹോദരനൊപ്പം അര്‍ജുന്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തത്. കളമശേരിയില്‍ വച്ച് അപകടത്തില്‍ ബൈക്കോടിച്ചിരുന്നയാള്‍ മരിച്ചു. അര്‍ജുന് സാരമായി പരുക്കേറ്റിരുന്നു. അര്‍ജുന്‍ തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായും തന്റെ ചേട്ടന്റെ മരണത്തിനു പ്രതികാരം ചെയ്യുമെന്നും നിപിന്‍ പറഞ്ഞതായി വിവരം ലഭിച്ചു. ഇതോടെ പ്രതികളെ അര്‍ജുന്റെ വീട്ടില്‍ വിളിച്ചു വരുത്തി ബന്ധുക്കളും സുഹൃത്തുക്കളും ചോദ്യം ചെയ്തിരുന്നു.

സംഭവ ദിവസം ജൂലൈ രണ്ടാം തീയതി രാത്രിയോടെ സമീപപ്രദേശത്തുള്ള ഒരാളാണ് അര്‍ജുനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി പ്രതികളുടെ അടുത്തെത്തിച്ചത്. ശേഷം അര്‍ജുനെ ക്രൂരമായി മര്‍ദിച്ച ശേഷം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയെന്ന് പ്രതികള്‍ സമ്മതിച്ചതായാണ് വിവരം.

പിടിയിലായവരില്‍ ഒരാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മര്‍ദനത്തിനു നേതൃത്വം കൊടുത്തത്. പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാള്‍ കല്ലുകൊണ്ടും തലയ്ക്കടിച്ചു. യുവാവിനെ കാണാതായ രണ്ടിനു രാത്രി 10ന് വീട്ടില്‍ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളില്‍ കൃത്യം ചെയ്തതായാണു മൊഴി.

എറണാകുളം കുമ്പളം സ്വദേശി അര്‍ജുന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. നെട്ടൂര്‍ മേല്‍പ്പാലത്തിനു വടക്ക് ഭാഗത്ത് ഒരു കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിന് പടിഞ്ഞാറു ഭാഗത്തായി ആള്‍ താമസമില്ലാത്ത കണിയാച്ചാല്‍ ഭാഗത്ത് കുറ്റിക്കാടിനുള്ളിലെ ചെളിയിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഒരാഴ്ച മുമ്പാണ് അര്‍ജുനെ കാണാതായതായി പനങ്ങാട് പൊലീസിന് പരാതി ലഭിച്ചത്. കഴിഞ്ഞ രണ്ടാം തീയതി മുതല്‍ അര്‍ജുന്‍ (20) എന്ന വിദ്യാര്‍ഥിയെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം പനങ്ങാട് പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, പൊലീസ് വേണ്ടത്ര ഗൗരവത്തില്‍ കേസന്വേഷണം നടത്തിയില്ല എന്ന് വ്യാപകമായി പരാതിയും ഉയര്‍ന്നിരുന്നു. കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ്. വിദ്യന്റെ മകനാണ് അര്‍ജുന്‍.

Top