കേരളത്തിന് സഹായ വാഗ്ദാനവുമായി നെതര്‍ലന്റ്‌സ് ഇന്ത്യക്ക് കത്ത് നല്‍കി

തിരുവനന്തപുരം: പ്രളയ ദുരന്തമനുഭവിക്കുന്ന കേരളത്തിന് കൂടുതല്‍ വിദേശ സഹായങ്ങള്‍ എത്തുന്നു. നെതര്‍ലന്റ്‌സാണ് ഇപ്പോള്‍ കേരളത്തിന് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് നെതര്‍ലന്റ്‌സ് ഇന്ത്യയ്ക്ക് കത്ത് നല്‍കി. സാങ്കേതിക സഹായമാണ് ഇവര്‍ വാദ്ഗാനം ചെയ്തിരിക്കുന്നത്. വിദഗ്ധ ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കാമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

കേരളത്തിലെ സാഹചര്യം പഠിക്കാന്‍ ഇവരുടെ സഹായം പ്രയോജനപ്പെടുത്താന്‍ സാധിക്കും. വിവിധ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനും ഈ സംഘത്തിന് കഴിയും. നെതര്‍ലന്റ്‌സ് തന്നെ വികസിപ്പിച്ച ചില സാങ്കേതിക വിദ്യകള്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണെന്നും ഇവര്‍ പറയുന്നു. ഇത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

നേരത്തെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും നെതര്‍ലന്റ്‌സ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. വെള്ളപ്പൊക്ക നിയന്ത്രണത്തില്‍ മികവു കാട്ടിയ രാജ്യമാണ് നെതര്‍ലന്റ്‌സ്. സാങ്കേതിക സഹായങ്ങള്‍ ആവശ്യമാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

വിദേശ ധനസഹായം സ്വീകരിക്കേണ്ട എന്ന് നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ജപ്പാനും നേരത്തെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സാങ്കേതിക സഹായത്തെക്കുറിച്ച് ഇത് വരെ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.

Top