ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരേ ടോസ് നേടിയ നെതര്‍ലന്‍ഡ്സ് ബൗളിങ് തിരഞ്ഞെടുത്തു

ഹൈദരാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരേ ടോസ് നേടിയ നെതര്‍ലന്‍ഡ്സ് ബൗളിങ് തിരഞ്ഞെടുത്തു. ലോകകപ്പിലെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് ഈ പോരാട്ടത്തിലൂടെ തുടക്കമാകും. ഹൈദരാബാദിലാണ് മത്സരം നടക്കുന്നത്.

ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനെതിരേ വമ്പന്‍ വിജയം നേടിയിരുന്നു. ഒന്‍പത് വിക്കറ്റിനാണ് കിവീസ് ഇംഗ്ലീഷ് പടയെ തുരത്തിയത്. മത്സരത്തില്‍ രചിന്‍ രവീന്ദ്രയും ഡെവോണ്‍ കോണ്‍വെയും സെഞ്ചുറി നേടിയിരുന്നു. മറുവശത്ത് നെതര്‍ലന്‍ഡ്സ് പാകിസ്താനോട് പൊരുതിത്തോറ്റു. തുടര്‍ച്ചയായ രണ്ടാം വിജയമാണ് കിവീസിന്റെ ലക്ഷ്യമെങ്കില്‍ ആദ്യ വിജയമാണ് നെതര്‍ലന്‍ഡ്സ് നോട്ടമിടുന്നത്.

കിവീസ് ടീമില്‍ ഒരു മാറ്റമുണ്ട്. പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസന്‍ ടീമിലിടം നേടി. മറുവശത്ത് നെതര്‍ലന്‍ഡ്സ് ടീമില്‍ പ്രധാന താരമായ ലോഗന്‍ വാന്‍ ബീക്ക് കളിക്കില്ല. വാന്‍ ബീക്കിന് പകരം സൈബ്രാന്‍ഡ് എയ്ഞ്ജല്‍ബ്രെക്ട് ടീമിലിടം നേടി. സാഖിബ് സുല്‍ഫിഖറിന് പകരം റയാന്‍ ക്ലെയ്നും ടീമിലുണ്ട്.

 

Top