nethaji is not dead in flight crash in 1945

ഹൈദരാബാദ്: 1945ല്‍ നടന്ന വിമാനാപകടത്തിന് ശേഷവും നേതാജി സുഭാഷ്ചന്ദ്രബോസ് ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച പുറത്തുവിട്ട രേഖകളിലാണ് പുതിയ വിവരങ്ങള്‍ ഉള്ളത്. 1945ന് ശേഷം നേതാജി മൂന്ന് തവണ റേഡിയോ പ്രക്ഷേപണം നടത്തി എന്നാണ് രേഖകള്‍ പറയുന്നത്. വിമാനാപകടം നടന്നതിന് ശേഷം അതേവര്‍ഷം ഡിസംബര്‍ 26നും 1946 ജനുവരി ഒന്നിനും ശേഷം 1946 ഫിബ്രവരിയിലുമായി നേതാജിയുടേതായ റേഡിയോ പ്രക്ഷേപണങ്ങള്‍ നടന്നു.

അക്കാലത്തെ ബംഗാള്‍ ഗവര്‍ണറായിരുന്ന ആര്‍.ജി. കേസെ ആണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യത്തെ പ്രക്ഷേപണത്തില്‍ താന്‍ ശക്തനായ ലോകശക്തിയുടെ സംരക്ഷണയിലാണെന്നും ഇന്ത്യയിലേക്ക് മടങ്ങിവരുമെന്നും നേതാജി പറയുന്നു. 1946 ജനുവരി ഒന്നിലെ പ്രക്ഷേപണത്തില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നും ബ്രിട്ടീഷ് സാമ്രാജ്യം തകരുമെന്നും നേതാജി പറയുന്നു. ഇന്ത്യയ്ക്ക് അഹിംസയിലൂടെ സ്വാതന്ത്ര്യം ലഭിക്കുകയില്ലെന്നും എന്നാല്‍ മഹാത്മാ ഗാന്ധിയോട് തനിക്ക് ബഹുമാനമുണ്ടെന്നും നേതാജി പറയുന്നു.

മൂന്നാമത്തേതും അവസാനത്തേതുമായ പ്രക്ഷേപണത്തില്‍ ജപ്പാന്റെ പരാജയത്തിനു ശേഷം ഇത് മൂന്നാം തവണയാണ് താന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നും പറയുന്നു. 1945 ആഗസ്ത് 18 നാണ് നേതാജിയുടെ മരണത്തിന് കാരണമായ വിമാനാപകടം നടന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്. ഇതിന് ശേഷവും അദ്ദേഹം ജീവിച്ചിരുന്നു എന്ന തെളിയിക്കുന്ന രേഖകളാണ് സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്.

Top