പുതിയ അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്; ഇനി കാര്യങ്ങൾ എളുപ്പമാകും

ന്യൂയോര്‍ക്ക് : ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടങ്ങൾ അറിയിക്കാനുള്ള പുതിയ മാർ​ഗം അവതരിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്. തമ്പ്‌സ് അപ്പ്, ഡബിള്‍ തമ്പ്‌സ് അപ്പ്, തമ്പ്‌സ് ഡൗണ്‍ ബട്ടനുകള്‍ ഉപയോഗിച്ച് സിനിമകളും സീരീസുകളും കാണുന്നതിനിടയില്‍ തന്നെ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഇനി മുതൽ പ്രകടിപ്പിക്കാനാവും. നിലവില്‍ ഐഒഎസ് പതിപ്പില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്.

മുന്‍പ് ഉണ്ടായിരുന്ന ഫൈവ്സ്റ്റാര്‍ റേറ്റിങ് സംവിധാനം മാറ്റി തമ്പ്‌സ് അപ്പ്/ തമ്പ്‌സ് ഡൗണ്‍ റേറ്റിങ് സംവിധാനം ഈ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ഇതിലേക്ക് ഡബിള്‍ തമ്പ്‌സ് അപ്പ് ഓപ്ഷന്‍ കൂടി ചേർത്തു. ആപ്പ് അപ്ഡേറ്റ് ചെയ്യുന്ന ഐഒഎസ് ഉപഭോക്താക്കള്‍ക്ക് നിലവിൽ ഈ ഫീച്ചർ ആസ്വദിക്കാനാകും.

ആന്‍ഡ്രോയിഡിലും മറ്റും നെറ്റ്ഫ്‌ളിക്‌സ് ആസ്വദിക്കുന്നവര്‍ക്ക് കണ്ടന്റ് തേടുന്ന സമയത്തും ലൈക്കും ഡിസ് ലൈക്കും അറിയിക്കാനവസരമുണ്ട്. ഉപഭോക്താക്കളുടെ താല്‍പര്യം അനുസരിച്ച് കണ്ടന്റ് കാണിക്കുന്നതിന് വേണ്ടിയാണ് ആപ്പ് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ആവശ്യപ്പെടുന്നത്.

ഒരു തമ്പ്‌സ് അപ്പ് ചിഹ്നം കൊണ്ട് അർത്ഥമാക്കുന്നത് ആ കണ്ടന്റ് നിങ്ങള്‍ക്ക് ഇഷ്ടമായി എന്നാണ്. രണ്ട് തമ്പ്‌സ് അപ്പ് ചിഹ്നം അര്‍ത്ഥമാക്കുന്നത് ആ കണ്ടന്റിനെ നിങ്ങളേറെ സ്‌നേഹിക്കുന്നു എന്നാണ്. തമ്പ്‌സ് ഡൗണ്‍ ബട്ടനാകട്ടെ എനിക്കിഷ്ടപ്പെട്ടില്ല എന്നും പറയുന്നു. അടുത്തിടെയാണ് നെറ്റ്ഫ്‌ളിക്‌സ് പാസ് വേഡ് പങ്കുവെക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ രാജ്യത്ത് അവതരിപ്പിച്ചത്.

പാസ്‍വേഡ് പങ്കിടുന്നതില്‍ നിലപാട് കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്. അടുത്ത കുടുംബാംഗങ്ങളല്ലാത്തവര്‍ക്ക് അക്കൗണ്ട് പാസ്‍വേഡ് പങ്കിടേണ്ട എന്നാണ് നെറ്റ്ഫ്ലിക്സിന്റെ തീരുമാനം. പ്ലാറ്റ്ഫോമിന്റെ വരുമാനം വര്‍ധിപ്പിക്കലിന്റെ ഭാഗമായാണ് തീരുമാനം. പരമാവധി പേരെ കൊണ്ട് നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബ് ചെയ്യിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പരമാവധി പേരെ കൊണ്ട് സബ്‌സ്‌ക്രിപ്ഷന് എടുപ്പിക്കാന്‍ പാസ്‍വേഡ് ഷെയറിങ് നിയന്ത്രണങ്ങളിലൂടെ സാധിക്കുമെന്നാണ് ഇക്കൂട്ടരുടെ പ്രതീക്ഷ. ഒരു വീട്ടിലുള്ളവര്‍ക്ക് ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട് എന്നതാണ് പുതിയ രീതി.

Top