‘നെറ്റ്ഫ്‌ലിക്സ് സൗത്ത് ഇന്ത്യന്‍ റാപ്’ പുറത്തിറങ്ങി

2016ലാണ് കിടിലന്‍ ത്രില്ലറുകളും റൊമാന്‍സും ട്വിസ്റ്റുകളും നിറച്ച് വെബ് സീരീസുകളും സിനിമകളുമായി ഇന്ത്യന്‍ വിപണിയിലേക്ക് നെറ്റ്ഫ്‌ലിക്സ് കടന്നുവരുന്നത്. മഹാമാരി പടര്‍ന്നുകയറിയപ്പോള്‍ തിയേറ്ററുകള്‍ നിശ്ചലമായതോടെ ലോക്ക് ഡൗണില്‍ സിനിമയും വിനോദങ്ങളുമായി നെറ്റ്ഫ്‌ലിക്സ് ഇന്ത്യ കൂടുതല്‍ സജീവമാവുകയും ചെയ്തു.

ഇപ്പോഴിതാ ദക്ഷിണേന്ത്യന്‍ സിനിമാ- സീരീസ് ആസ്വാദകരിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുകയാണ് നെറ്റ്ഫ്‌ലിക്സ്. തെന്നിന്ത്യയില്‍ നിര്‍മിക്കുന്ന കൂടുതല്‍ സിനിമകളും സീരീസുകളും, ഒപ്പം വിദേശ ചിത്രങ്ങളുടെയും സീരീസുകളുടെയും ഡബ്ബ് ചെയ്ത പതിപ്പുകളും ഇനി നെറ്റ്ഫ്‌ലിക്സിലൂടെ പ്രേക്ഷകരിലേക്ക് സുഗമമായി എത്തിക്കാനാണ് നെറ്റ്ഫ്‌ലിക്സ് സൗത്ത് എന്ന പേരില്‍ പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ട് രൂപീകരിച്ചിരിക്കുന്നത്.

ബുധനാഴ്ചയാണ് നെറ്റ്ഫ്‌ലിക്സ് സൗത്ത് എന്ന സോഷ്യല്‍ മീഡിയ പേജിന്റെ പ്രഖ്യാപനം. ഇതിന് പുറമെ, തെന്നിന്ത്യന്‍ സിനിമാപ്രേമികളെ കൂടുതല്‍ വിനോദത്തിലാക്കാന്‍ ഒരു റാപ് സോങ്ങുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്‌ലിക്സ്. ഇനി നെറ്റ്ഫ്‌ലിക്സില്‍ ദക്ഷിണേന്ത്യന്‍ തരംഗമാണെന്ന് ഇന്ന് പുറത്തുവിട്ട നമ്മ സ്റ്റോറീസ് എന്ന റാപ് ഗാനത്തില്‍ വ്യക്തമാക്കുന്നുണ്ട്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നാല് റാപ് ഗായകരാണ് നമ്മ സ്റ്റോറീസ് പാടിയിരിക്കുന്നത്.

റാപ് ഗാനത്തിലെ മലയാള ഭാഗം ആലപിച്ചിരിക്കുന്നത് നീരജ് മാധവ് ആണ്. തമിഴ് റാപ്പര്‍ അറിവ്, മലയാളിയും കന്നഡ റാപ് ഗായകനുമായ ഹനുമാന്‍കൈന്‍ഡ്, റാപ് ഗായിക സിരി നാരായണ്‍ എന്നിവരാണ് മറ്റ് ഭാഷകള്‍ക്കായി നമ്മ സ്റ്റോറീസില്‍ പങ്കാളിയായിട്ടുള്ളത്.അക്ഷയ് സുന്ദറാണ് റാപ് ഗാനത്തിന്റെ സംവിധായകന്‍. രാഘവ് ആദിത്യയാണ് കാമറ. റാപ് ഗാനം നിര്‍മിച്ചിരിക്കുന്നത് സുപരി സ്റ്റുഡിയോസാണ്.

എന്നാ കഥ എന്നാ കഥ’ അറിവിലൂടെയാണ് റാപ് ഗാനം തുടങ്ങുന്നത്. ഓരോ ഭാഷകളിലെയും സൂപ്പര്‍സ്റ്റാറുകളെയും അവിടുത്തെ സംസ്‌കാരവും അന്താരാഷ്ട്ര അംഗീകാരങ്ങളും ഉള്‍പ്പെടുത്തിയാണ് റാപ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ‘മലയാളി വന്നെടാ ആര്‍പ്പു വിളിക്കെടാ’ എന്ന് തുടങ്ങുന്ന മലയാളത്തിന്റെ റാപ് ഭാഗത്തില്‍ മമ്മൂട്ടി, ശശി തരൂര്‍ മുതല്‍ റസൂല്‍ പൂക്കുട്ടിയെ വരെ പരാമര്‍ശിക്കുന്നുണ്ട്.

ഗാനം പുറത്തുവിട്ട് മിനിറ്റുകള്‍ക്കകം ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ലോകപ്രശസ്തമായ മണി ഹീസ്റ്റിനെ നെറ്റ്ഫ്‌ലിക്സ് തമിഴില്‍ മൊഴിമാറ്റി അവതരിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും ഇനി റിലീസ് പ്രഖ്യാപിച്ചിട്ടുള്ള മണി ഹീസ്റ്റിന്റെ പുതിയ സീസണ്‍ ആസ്വദിക്കാമെന്നാണ് നെറ്റ്ഫ്‌ലിക്സ് സൗത്ത് സൂചിപ്പിക്കുന്നത്.

 

Top