ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും റഷ്യന്‍ ടി വി ഷോകള്‍ പിന്‍വലിക്കാനൊരുങ്ങി നെറ്റ്ഫഌക്‌സ്

ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും റഷ്യന്‍ ടി വി ഷോകള്‍ പിന്‍വലിക്കാനൊരുങ്ങി നെറ്റ്ഫഌക്‌സ്. ഇരുപതോളം ടി വി ഷോകളാണ് നെറ്റ്ഫഌക്‌സ് ഒഴിവാക്കാനൊരുങ്ങുന്നത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശം ശക്തമാകുന്ന സാഹചര്യത്തിലാണ് നെറ്റ്ഫഌക്‌സിന്റെ നിര്‍ണായക തീരുമാനം.

റഷ്യന്‍ ടി വി ഷോകള്‍ നിരോധിക്കുന്നതിന് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യന്‍ മാധ്യമങ്ങളെ പിന്തുണക്കാനാവില്ലെന്ന് നെറ്റ്ഫഌക്‌സ് അഭിപ്രായപ്പെട്ടു. 2021 മെയ്യിലാണ് റഷ്യയുടെ ടിവി ഷോ ആദ്യമായി നെറ്റ്ഫഌക്‌സില്‍ എത്തിയത്.

നേരത്തെ റഷ്യയിലുള്ള സിനിമാ റിലീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചാതായി ഹോളിവുഡ് സ്റ്റുഡിയോസ് അറിയിച്ചിരുന്നു. വാര്‍ണര്‍ ബ്രദേഴ്‌സും ഡിസ്‌നിയും സോണിയുമാണ് റിലീസ് നിര്‍ത്തിവയ്ക്കുക. മൂന്നാം തിയതി റിലീസ് ചെയ്യാനിരുന്ന ദ ബാറ്റ്മാന്‍’, ‘ടേണിങ് റെഡ്’, ‘മോര്‍ബിയസ്’ എന്നീ സിനിമകളുടെ റിലീസാണ് നിര്‍ത്തിവച്ചത്.

യുക്രൈനിലെ റഷ്യന്‍ അധിനിവേശവും ദാരുണമായ മാനുഷിക പ്രതിസന്ധിയും കണക്കിലെടുത്താണ് തങ്ങള്‍ റിലീസ് നിര്‍ത്താനുള്ള തീരുമാനമെടുത്തതെന്ന് ഡിസ്‌നി അറിയിച്ചിരുന്നു. ‘മോര്‍ബിയസി’ന്റെ ഉള്‍പ്പെടെ റഷ്യയില്‍ തീരുമാനിച്ചിരുന്ന തിയേറ്റര്‍ റിലീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് സോണിയും അറിയിച്ചു. യുദ്ധവും അതിനെതുടര്‍ന്നുള്ള പ്രശ്‌നങ്ങളും അവസാനിക്കാന്‍ കാത്തിരിക്കുകയാണെന്ന് പ്രൊഡക്ഷന്‍ ഹൗസുകള്‍ വ്യക്തമാക്കി.

Top