തല്ലുമാലയിലെ ആദ്യ തല്ല് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു

മീപകാലത്ത് തിയറ്ററുകളില്‍ ഏറ്റവും വലിയ വിജയം നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നാണ് തല്ലുമാല. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരെ വലിയ രീതിയില്‍ ആകര്‍ഷിച്ച ചിത്രം കൂടിയാണ് തല്ലുമാല. പേര് സൂചിപ്പിക്കുന്നതുപോലെ ആക്ഷന്‍ സീക്വന്‍സ് ഒന്നിനു പിന്നാലെ ഒന്നായി കോര്‍ത്തെടുത്താണ് ഖാലിദ് റഹ്‍മാന്‍ ചിത്രം ഒരുക്കിയത്. ഒരു മാസത്തെ തിയറ്റര്‍ പ്രദര്‍ശനത്തിനു ശേഷം നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒടിടി റിലീസ് ആയി ഇന്നലെ എത്തിയിരുന്നു. ചിത്രത്തിലെ ഒരു രസകരമായ രംഗം പ്രൊമോ വീഡിയോ എന്ന നിലയില്‍ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇപ്പോള്‍.

ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന മണവാളന്‍ വസിം ഏര്‍പ്പെടുന്ന ആദ്യത്തെ തല്ല് രംഗമാണ് ഇത്. പള്ളിയില്‍ വച്ച് ലുക്മാന്‍ അവറാന്‍ അവതരിപ്പിച്ച ജംഷിയുമായി ഉണ്ടാവുന്ന തര്‍ക്കം ഒരു തല്ലിലേക്ക് എത്തുകയാണ്. ഈ കഥാപാത്രങ്ങള്‍ക്കിടയില്‍ പിന്നീടുണ്ടാവുന്ന അടുത്ത സൗഹൃദത്തിന് തുടക്കമിടുന്നതും ഈ തല്ലാണ്.

ഓഗസ്റ്റ് 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത് 71.36 കോടിയാണ്. കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഓഗസ്റ്റ് 12 നാണ് ചിത്രം റിലീസ് ആയത്. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൗദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസ് ആയിരുന്നു തല്ലുമാലയ്ക്ക്. ഇന്ത്യന്‍ റിലീസില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്ക്രീന്‍ കൗണ്ട് ഉണ്ടായിരുന്നു. റിലീസ് ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് ഇത്. ആദ്യ നാല് ദിനങ്ങളിലെ ആഗോള ഗ്രോസ് 31 കോടി വരുമെന്നായിരുന്നു അനൗദ്യോഗിക കണക്കുകള്‍.

 

Top