പതിനാറ് തെലുങ്ക് ചിത്രങ്ങള്‍ വാങ്ങി നെറ്റ്ഫ്ലിക്സ്; പ്രഖ്യാപനം മാത്രം നടന്നത് അടക്കം ഉൾപ്പെടും

ഹൈദരാബാദ്: ആഗോള ഒ ടി ടി രംഗത്ത് വലിയൊരു ശക്തിയാണെങ്കിലും ഇന്ത്യയില്‍ എത്തിയപ്പോള്‍ പലപ്പോഴും കിതയ്ക്കുന്ന അവസ്ഥയിലായിരുന്നു ഒ ടി ടി ഭീമന്മാരായ നെറ്റ്ഫ്ലിക്സ്. പലപ്പോഴും ഇന്ത്യന്‍ കണ്ടന്റുകളുടെ കുറവാണ് ലോകത്തിലെ ഏറ്റവും വലിയ പ്രേക്ഷക സമൂഹം ഉള്ള ഇന്ത്യന്‍ വിപണിയില്‍ നെറ്റ്ഫ്ലിക്സിനെ പിന്നോട്ട് വലിച്ചത് എന്നാണ് പൊതുവില്‍ വരുന്ന വിലയിരുത്തല്‍.

ഇതിന് പരിഹാരം കാണുവാന്‍ ഒരുങ്ങുകയാണ് നെറ്റ്ഫ്ലിക്സ് എന്നാണ് പുതിയ വിവരം. ഇതിന്റെ ഭാഗമായി ഇപ്പോള്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്നത് അടക്കം 16 തെലുങ്ക് ചിത്രങ്ങളുടെ ഡിജിറ്റല്‍ അവകാശം വാങ്ങിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഇതില്‍ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ അടുത്ത ചിത്രവും ഉള്‍പ്പെടുന്നു. ഈ ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല.

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ബോലോ ശങ്കര്‍ നെറ്റ്ഫ്ലിക്സ് അവകാശം സ്വന്തമാക്കിയ 16 ചിത്രങ്ങളുടെ പട്ടികയില്‍ ഉണ്ട്. രവിതേജ നായകനായ ധമാക്ക, നാനിയുടെ ദസറ. നിഖില്‍ നായകനായ 18 പേജസ്, കല്ല്യാണ്‍ റാമിന്റെ അമിഗോസ്, വരുണ്‍ തേജയുടെ അടുത്ത ചിത്രം അടക്കം നിരവധി പ്രഖ്യാപനം നടന്ന പ്രൊജക്ടുകളുടെ അവകാശം നെറ്റ്ഫ്ലിക്സ് കരസ്തമാക്കിയിട്ടുണ്ട്.

അടുത്തിടെയായി തെലുങ്ക് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച പ്രേക്ഷക ശ്രദ്ധയാണ് ആഗോള സ്ട്രീമിംഗ് പ്ലാറ്റ്ഫോമിനെ ടോളിവുഡില്‍ വലിയ പര്‍ച്ചേസിംഗിന് പ്രേരിപ്പിച്ചത് എന്നാണ് വിവരം. അതേ സമയം മറ്റ് പ്ലാറ്റ്ഫോമുകളും ഇത്തരത്തില്‍ നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Top