പ്രതിഷേധങ്ങളെ മറികടന്ന് നെതന്യാഹു; ജുഡീഷ്യറിക്ക് കൂച്ചുവിലങ്ങിട്ട് നിയമം പാസാക്കി ഇസ്രയേൽ

നങ്ങളുടെ പ്രതിഷേധം തെല്ലും വകവയ്ക്കാതെ ഇസ്രയേൽ പാർലമെന്റ് ജുഡീഷ്യറിക്ക് കൂച്ചുവിലങ്ങിട്ട് നിയമം പാസാക്കിയതോടെ രാജ്യം പുതിയ ദിശയിലേക്ക്. പ്രതിപക്ഷം ‘നാണക്കേട്’ എന്ന് മുദ്രാവാക്യം മുഴക്കുന്നതിനിടെ 64–0 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്.

ഇസ്രയേലിന്റെ ചരിത്രത്തിൽ അടുത്തകാലത്തൊന്നും ഇത്ര വലിയൊരു പ്രക്ഷോഭം ഉണ്ടായിട്ടില്ല. ദേശീയ പതാകയുമായി ജനം തെരുവുകളിൽ നിറഞ്ഞു. ആദ്യഘട്ടത്തില്‍തന്നെ ചില ദിവസങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. തലസ്ഥാനമായ ജറൂസലമിനു പുറമെ, മുന്‍തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമായ ടെല്‍അവീവും ഹൈഫ, ബീര്‍ഷേബ തുടങ്ങിയ മറ്റു നഗരങ്ങളും പട്ടണങ്ങളും സ്തംഭിച്ചു. പല ദിവസങ്ങളിലായി പണിമുടക്കും കൂട്ട നിരാഹാര സമരങ്ങളും നടന്നു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികളുടെ മുന്നില്‍ ജനം തടിച്ചുകൂടി. എന്നിട്ടും നിയമം പാസാക്കാൻ തന്നെയായിരുന്നു നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ തീരുമാനം.

പേസ് മേക്കർ ശസ്ത്രക്രിയയെത്തുടർന്ന് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പാർലമെന്റിലെത്തി വോട്ടെടുപ്പിൽ പങ്കാളിയായി. ആശുപത്രി വിട്ടുപോരാൻ സാധിക്കുന്ന സ്ഥിതിവിശേഷമല്ലായിരുന്നിട്ടുപോലും നെതന്യാഹു നേരിട്ടെത്തുകയായിരുന്നു. കാരണം, നെതന്യാഹു ഉൾപ്പെടെയുള്ളവർക്ക് ഈ നിയമം അത്രയേറെ പ്രാധാന്യമർഹിക്കുന്നതാണ്.

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരാനും കോടതി വിധികൾ പാർലമെന്റിലെ ഭൂരിപക്ഷ വോട്ട് ഉപയോഗിച്ച് അസാധുവാക്കാനുമുള്ള നിയമനിർമാണത്തിനാണു നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ കൂട്ടുകക്ഷി സർക്കാരിന്റെ നീക്കം. ‌കടുത്ത പ്രതിഷേധത്തെത്തുടർന്നു മാർച്ചിൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതു മരവിപ്പിച്ചെങ്കിലും ഒത്തുതീർപ്പുനീക്കം പരാജയപ്പെട്ടതിനെത്തുടർന്നു പുനരുജ്ജീവിപ്പിക്കുകയായിരുന്നു.

ഫാഷിസ്റ്റ് തീരുമാനം എന്നാണ് പ്രതിപക്ഷ പാർട്ടി നേതാവായ ഓഫെർ കാസിഫ് പ്രതികരിച്ചത്. ‘‘ഈ നിയമം തുടക്കം മാത്രമാണ്. ഇതുപോലുള്ള ബാക്കി നിയമങ്ങൾ ഓരോ ഭാഗത്തുനിന്നായി വന്നുകൊണ്ടിരിക്കും. വൈകാതെ ഇസ്രയേൽ പൂർണമായും ഏകാധിപത്യത്തിലേക്ക് വീഴും’’. കാസിഫ് പറഞ്ഞു.

യുഎസും ഇസ്രയേലിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി. ദൗർഭാഗ്യകരമായ സംഭവം എന്നാണ് യുഎസ് വിശേഷിപ്പിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ച നടത്തുമെന്ന് കരുതുന്നതായും യുഎസ് പ്രസ് സെക്രട്ടറി കാരിൻ ജീൻ പിയറി വ്യക്തമാക്കി.

തീവ്രവലതുപക്ഷക്കാരായി അറിയപ്പെടുന്ന നെതന്യാഹുവിനും അദ്ദേഹത്തിന്റെ പാർട്ടിക്കും സുപ്രീം കോടതി കണ്ണിലെ കരടാണ്. സുപ്രീംകോടതി ജഡ്ജിമാര്‍ ഇടതുപക്ഷ ചിന്താഗതിക്കാരാണെന്നും തങ്ങളുടെ നയപരിപാടികള്‍ നടപ്പാക്കുന്നതിന് ജഡ്ജിമാര്‍ പലപ്പോഴും തടസ്സം നില്‍ക്കുകയാണെന്നും നെതന്യാഹുവും കൂട്ടരും കരുതുന്നു. നെതന്യാഹുവിനെതിരെ ഒട്ടേറെ അഴിമതിക്കേസുകൾ കോടതിയിലുള്ളതു മറികടക്കാനാണു പുതിയ നിയമം കൊണ്ടുവരുന്നതെന്നും ആരോപണമുണ്ട്.

ഗവണ്‍മെന്റും സുപ്രീം കോടതിയും മുൻപ് പല തവണ ഇടഞ്ഞു. കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രധാനമന്ത്രിയായ നെതന്യാഹു, തന്റെ ആഭ്യന്തരമന്ത്രിയായി നിയമിച്ചത് സഖ്യകക്ഷിയായ ഷാസ് പാര്‍ട്ടിയുടെ തലവന്‍ ആര്‍യെ ഡെറിയെയായിരുന്നു. ഡെറി മുന്‍പൊരു അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആളായതിനാല്‍ നിയമനം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. മന്ത്രിയാകാന്‍ ഡെറി യോഗ്യനല്ലെന്ന് കോടതി വിധിക്കുകയായിരുന്നു. നെതന്യാഹുവിന്റെ പാർട്ടിയിലുള്ള പലരും ഇത്തരത്തിൽ അഴിമതി ആരോപണം നേരിടുന്നുണ്ട്.

ജറുസലമിൽ നടന്ന പ്രതിഷേധറാലിയിൽ വിരമിച്ച സൈനിക കമാൻഡർമാർ അടക്കം മുൻസുരക്ഷാമേധാവികളും തെരുവിലിറങ്ങി. സന്നദ്ധസേവകരായ 10,000 സൈനികർ കൂടി ജോലിക്കു ഹാജരാകില്ലെന്നു പ്രഖ്യാപിച്ചു. പ്രതിരോധമന്ത്രി യോവ് ഗല്ലാന്റ് പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും വിവാദ ബില്ലുകള്‍ പാസ്സാക്കുന്നതു നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലിക്കുഡ് പാര്‍ട്ടിയിലെ ഒരു പ്രമുഖ അംഗവും സൈന്യത്തിലെ ഒരു മുന്‍ മേജര്‍ ജനറലുമാണ് ഇദ്ദേഹം. ഗല്ലാന്റ് ബില്ലിനെതിരെ തിരിഞ്ഞതോടെ നെതന്യാഹു അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പുറത്താക്കിയതായി പ്രഖ്യാപിച്ചു. അതിനെതിരെയും പ്രതിഷേധ പ്രകടനങ്ങളുണ്ടായി. മന്ത്രിയെ പുറത്താക്കാനുള്ള തീരുമാനം നെതന്യാഹു പിന്നീട് പിന്‍വലിക്കുകയായിരുന്നു.

സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ ഗവണ്‍മെന്റിനു നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ പങ്ക് നല്‍കുക, അതിനുവേണ്ടി ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന സമിതിയിലെ ഗവണ്‍മെന്റ് പ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിക്കുക, സുപ്രീം കോടതി വിധികളെ ഭൂരിപക്ഷത്തോടെ മറികടക്കാന്‍ പാര്‍ലമെന്റിനു അധികാരം നല്‍കുക, സുപ്രീംകോടതി അസാധുവായി പ്രഖ്യാപിച്ച നിയമം വീണ്ടും കൊണ്ടുവരാന്‍ പാര്‍ലമെന്റിനെ അനുവദിക്കുക, എന്നീ ഉദ്ദേശ്യങ്ങളോടുകൂടിയ ബില്ലുകളും പരിഗണനയിലുണ്ട്.

ഈ ബില്ലുകൾ കൂടി അവതരിപ്പിച്ച് പാസാക്കിയാൽ രാജ്യം പൂർണമായും ഏകാധിപത്യ ഭരണത്തിലാകുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതുകൊണ്ടാണ് ഫാഷിസ്റ്റ് സർക്കാർ സ്ഥാപിക്കാനുള്ള ആദ്യ നടപടിയെന്ന് പ്രതിപക്ഷം ഇതിനെ വിശേഷിപ്പിച്ചത്. ബിൽ പാസാക്കുന്ന ദിവസമായ തിങ്കളാഴ്ചയും ആയിരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ബിൽ പാസായെങ്കിലും പ്രതിപക്ഷവും ജനങ്ങളും െവറുതെയിരിക്കാൻ സാധ്യതയില്ല. ഇസ്രയേലിന്റെ തെരുവുകൾ വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷുബ്ധമാകും.

Top