റഫായിൽ പുതിയ ആക്രമണം നടത്താൻ അനുമതി നൽകി നെതന്യാഹു; കടുത്ത മാനുഷിക പ്രതിസന്ധിയിലേക്ക് ഗാസ

ഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ഗാസയിലെ റഫാ നഗരത്തിലേക്ക് കരയാക്രമണം നടത്താൻ അനുമതി നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫായിലെ ആക്രമണം കാരണം സഹായവിതരണം നടക്കാതിരുന്ന സാഹചര്യത്തിൽ കപ്പൽ മാർഗം ഭക്ഷണം എത്തിക്കാനുള്ള നീക്കം വിജയം കണ്ടുതുടങ്ങിയതിനിടെയാണ് ഇസ്രയേലിന്റെ അടുത്ത നീക്കം. കടുത്ത ഭക്ഷണ ക്ഷാമം നേരിടുന്ന ഗാസയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് നിരവധി ലോകനേതാക്കൾ രംഗത്തുവരുന്നതിനിടെയാണ് വീണ്ടും ആക്രമണത്തിന് നെതന്യാഹു ഉത്തരവിടുന്നത്.

ഏകദേശം 19 ലക്ഷം മനുഷ്യരാണ് ഇസ്രയേൽ ആക്രമണം മൂലം ആഭ്യന്തര പലായനത്തിന് വിധേയരായതെന്നാണ് റിപ്പോർട്ടുകൾ. ഇവർക്ക് കഴിക്കാൻ ആവശ്യമായ ഭക്ഷണം ഈജിപ്ത്- ഗാസ അതിർത്തിയായ റഫാ വഴിയെത്തിക്കാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല. ഇതിന്റെ ഭാഗമായാണ് സൈപ്രസിൽനിന്ന് ഭക്ഷണം നിറച്ച കപ്പൽ വെള്ളിയാഴ്ച ഗാസയിലെത്തിയത്. പലസ്തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന സായുധ സംഘടനയായ ഹമാസ് മുന്നോട്ടുവച്ച വെടിനിർത്തൽ കരാറിനെ സംബന്ധിച്ച് ചർച്ച ചെയ്യാൻ യുദ്ധ കാബിനറ്റ് യോഗം ചേർന്നപ്പോഴാണ് റഫായിൽ പുതിയ ആക്രമണത്തിന് നെതന്യാഹു അനുമതി നൽകിയത്.

റഫായിലുണ്ടാകുന്ന ഓരോ ആക്രമണങ്ങളും കടുത്ത മാനുഷിക പ്രതിസന്ധിയും സാധാരണക്കാരുടെ ജീവഹാനിക്കും കാരണമാകുമെന്ന് അന്താരാഷ്ട്ര സംഘടനകൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടന്നാണ് പുതിയ ഇസ്രയേൽ നടപടി. വെടിനിർത്തലിനുള്ള ഹമാസിന്റെ നിർദേശങ്ങളെ ‘വിഡ്ഢിത്തം’ എന്നാണ് നെതന്യാഹു വിശേഷിപ്പച്ചത്. അതേസമയം, കരാർ ചർച്ചകൾക്കായി ഇസ്രയേൽ സംഘം ഖത്തറിലേക്ക് പോകാനും ക്യാബിനറ്റ് യോഗത്തിൽ തീരുമാനമെടുത്തു.

42 ദിവസം വീതം മൂന്ന് ഘട്ടങ്ങളായുള്ള വെടിനിർത്തൽ പദ്ധതിയാണ് ഹമാസ് മുന്നോട്ടുവച്ചത്. ആദ്യഘട്ടത്തിൽ, ഗാസ മുനമ്പിൻ്റെ നടുവിലൂടെ കടന്നുപോകുന്ന സലാ അൽ-ദിൻ സ്ട്രീറ്റിനപ്പുറത്തേക്ക് സൈന്യത്തെ പിൻവലിക്കാൻ ഹമാസ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഗാസൻ സ്വദേശികളെ അവരുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ഇതനുവദിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. കൂടാതെ ഇസ്രയേൽ മോചിപ്പിക്കുന്ന ഓരോ 50 പലസ്തീൻ തടവുകാർക്കും പകരം ബന്ദികളാക്കിയ ഇസ്രയേലി വനിതാ സൈനികരെ മോചിപ്പിക്കും.

രണ്ടാം ഘട്ടത്തിൽ, സ്ഥിരമായ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഹമാസ് നിർദേശിക്കുന്നു. അങ്ങനെ ഉണ്ടാകുന്ന പക്ഷം ബന്ദികളായ ഇസ്രയേലി സൈനികരെ മോചിപ്പിക്കും. ഏറ്റവും അവസാന ഘട്ടത്തിൽ ഇസ്രയേൽ ഉപരോധം അവസാനിക്കാനും പുനർനിർമാണ ശ്രമങ്ങൾ ആരംഭിക്കാനും നിർദേശിക്കുന്നു. ഒക്‌ടോബർ ഏഴു മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 31,490 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴുമുതൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന ഏകപക്ഷീയമായ ആക്രമണത്താല്‍ നാടും വീടും ഉപേക്ഷിച്ചെത്തിയ 15 ലക്ഷത്തോളം പേരാണ് മുനമ്പിന്റെ തെക്കൻ മേഖലയായ റഫായിൽ കഴിയുന്നത്.

Top