Netaji Subhash Chandra Bose – 25 fail

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട 25 ഫയലുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തുവിടും. ഈ മാസം 23നായിരിക്കും ഫയലുകള്‍ പുറത്തുവിടുക.

കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബോസിന്റെ 119ാം ജന്മദിനമായിരുന്ന ജനുവരി 23ന് 100 രഹസ്യഫയലുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തുവിട്ടിരുന്നു.

തുടര്‍ന്നുള്ള എല്ലാ മാസവും ബാക്കിയുള്ള ഫയലുകള്‍ പുറത്തുവിടുമെന്നും ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിയ്ക്കുമെന്നും നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാമാസവും 23ന് തന്നെയായിരിക്കും ഒരുപക്ഷേ ബാക്കിയുള്ള ഫയലുകള്‍ പുറത്തുവിട്ടേക്കുക. 16,600 പേജുകള്‍ വരുന്ന 100 ഫയലുകളാണ് കഴിഞ്ഞ മാസം പുറത്തുവിട്ടത്.

ഫയലുകള്‍ക്കായി നാഷണല്‍ ആര്‍ക്കൈവ്‌സ് ഒഫ് ഇന്ത്യ പുതിയ വെബ്‌സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ബോസിന്റെ മരണവുമായി ബന്ധപ്പെട്ട രഹസ്യഫയലുകള്‍ പുറത്തുവിട്ടിരുന്നു.

ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള രഹസ്യഫയലുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്‌ടോബറില്‍ ബോസിന്റെ കുടുംബാംഗങ്ങള്‍ ഫയലുകള്‍ പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിയ്ക്കുകയായിരുന്നു.

Top