netaji subash chandra bose wanderer sedan return

നേതാജി ഉപയോഗിച്ചിരുന്ന വാന്‍ഡറര്‍ W24 സെഡാന്‍ 76 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ഭാവത്തില്‍ വീണ്ടും നിരത്തിലെത്തി. നേതാജി ജനിച്ച കൊല്‍ത്തയിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ ബോണറ്റിന് മുന്നില്‍ ഇന്ത്യന്‍ പതാക പതിപ്പിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വാഹനം ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു.

ചടങ്ങില്‍ പ്രണബ് മുഖര്‍ജിക്കൊപ്പം നേതാജിയുടെ സഹോദരപുത്രന്റെ മകന്റെ മകനും ജാദവ്പൂര്‍ എംപിയുമായ സുഗതോ ബോസ് അല്‍പദൂരം വാന്‍ഡറര്‍ ഓടിക്കുകയും ചെയ്തു.

1941 ജനുവരി 16ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയപ്പോള്‍ രക്ഷപ്പെടാന്‍ നേതാജി ഉപയോഗിച്ചത് ഈ വാഹനമായിരുന്നു. അന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് കൊല്‍ക്കത്തയില്‍നിന്ന് ജാര്‍ഖണ്ഡിലെ ഗോമോഹി വരെുള്ള യാത്ര വാന്‍ഡററില്‍ നേതാജിയുടെ അവസാനയാത്രയായി അവശേഷിച്ചു.

മൂത്ത സഹോദരന്‍ ശരച്ചന്ദ്രബോസിന്റെ മകന്‍ സിസിര്‍ കുമാര്‍ ബോസാണ് ഗ്രേറ്റ് എസ്‌കേപ്പ് എന്ന് വിശേഷിപ്പിക്കുന്ന ആ യാത്രയില്‍ കാറോടിച്ചിരുന്നത്.

BOSE

നേതാജിയുടെ തറവാടു വസതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാജി റിസര്‍ച്ച് ബ്യൂറോയുടെ നേതൃത്വത്തില്‍ ആറ് മാസം മുന്‍പാണ് BLA 7169 എന്ന നമ്പറിലുള്ള ചരിത്ര വാഹനത്തിന്റെ അറ്റകുറ്റപണികള്‍ ആരംഭിച്ചത്. റിസര്‍ച്ച് ബ്യൂറോയുടെ അറുപതാം വാര്‍ഷിക വേളയിലാണ് വാഹനം പുറത്തിറങ്ങുന്നത്.

1937ല്‍ ജര്‍മന്‍ ആഢംബര വാഹനനിര്‍മാതാക്കളായ ഔഡി നിര്‍മിച്ച വാന്‍ഡറിനെ മുഖം മിനുക്കാനും ഔഡിയെ തന്നെയാണ് റിസര്‍ച്ച് ബ്യൂറോ ഏല്‍പിച്ചത്. ഏകദേശം 4680 രൂപയാണ് അന്ന് ഈ സെഡാന്റെ വില.

45 വര്‍ഷങ്ങള്‍ക്കു മുമ്പ് 1971ല്‍ ഒരു ജാപ്പനീസ് ഹ്രസ്വ ചിത്രത്തിന്റെ ഭാഗമായാണ് അവസാനമായി വാന്‍ഡറര്‍ നിരത്തിലിറക്കിയത്. അതിനുശേഷം തറവാട് വസതിക്ക് മുന്നില്‍ ഗ്ലാസ് ബോക്‌സില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുകയായിരുന്നു.

ഇനി എല്ലാ ഞായറാഴ്ചകളിലും ഗാരേജില്‍നിന്ന് പുറത്തിറക്കി നേതാജി ഭവനിലെത്തുന്ന സന്ദര്‍ശകര്‍ക്കായി വാന്‍ഡറര്‍ അല്‍പദൂരം ഓടിക്കും. പഴയ വാന്‍ഡറര്‍ രൂപത്തില്‍ യാതൊരു മാറ്റവും വരുത്താതെ പഴമയെ ഓര്‍മപ്പെടുന്ന രൂപത്തിലാണ് സെഡാന്‍ പുതുക്കിപ്പണിതത്.

തുരുമ്പെടുത്ത പഴയ ഭാഗങ്ങള്‍ മാറ്റി പുതിയ പെയിന്റടിച്ചതിനൊപ്പം അകത്തളത്തില്‍ പ്രൗഢി ഒട്ടും ചോരാതെ ചില മിനുക്കുപണികളും നടത്തി. ഡാഷ് ബോര്‍ഡ്, അപ്‌ഹോള്‍സ്ട്രി, വുഡന്‍ ഫ്രയിംസ്, ഫാബ്രിക് റൂഫ് തുടങ്ങി ഭാഗങ്ങളെല്ലാം 80 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന അതേ രൂപത്തില്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്.

ഫോര്‍ ഡോര്‍ സെഡാന് 1.8 ലിറ്റര്‍ എഞ്ചിന്‍ 3500 ആര്‍പിഎമ്മില്‍ 42 എച്ച്പി കരുത്താണ് നല്‍കുക. പരമാവധി വേഗം മണിക്കൂറില്‍ 108 കിലോമീറ്റര്‍. 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 2600 എംഎം വീല്‍ബേസ്, 40 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയും വാന്‍ഡറിനുണ്ട്. 4280 എംഎം നീളവും 1645 എംഎം വീതിയും 1600 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്

Top