നേതാജി അനുസ്മരണത്തില്‍ ജയ് ശ്രീറാം വിളി; പ്രതിഷേധിച്ച് മമത

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുസ്മരണ പരിപാടിയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസംഗിക്കാതെ പ്രതിഷേധിച്ചത് ചര്‍ച്ചയാകുന്നു. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ജയ് ശ്രീരാം വിളി ഉയര്‍ന്നതാണ് മമത പ്രതിഷേധിക്കാന്‍ കാരണം.

സാംസ്‌കാരിക മന്ത്രാലയത്തിന്റെ പരിപാടിയിലേക്ക് കൂടുതല്‍ ക്ഷണക്കത്തുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് നല്‍കിയതെന്നും സദസ്സിലുണ്ടായിരുന്നത് ഭൂരിഭാഗവും ബി.ജെ.പി. പ്രവര്‍ത്തകരായിരുന്നുവെന്നുമാണ് ആരോപണം. പരിപാടിക്ക് രണ്ടു ദിവസം മുമ്പായി നിരവധി എംപിമാര്‍ വിക്ടോറിയ മെമ്മോറിയലില്‍ ഉണ്ടായിരുന്നു. അവരാണ് അതിഥികളുടെ പട്ടിക തയ്യാറാക്കിയതും ക്ഷണക്കത്ത് ആര്‍ക്കൊക്കെ നല്‍കണമെന്ന് തീരുമാനിച്ചതും. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ തയ്യാറായില്ല.

ഓരോ ബി.ജെ.പി. എംപിമാര്‍ക്കും 300 മുതല്‍ 400 വരെ കാര്‍ഡുകള്‍ നല്‍കിയിരുന്നുവെന്നും ഇതെല്ലാം പാര്‍ട്ടി ഓഫീസിലേക്കാണ് പോയതെന്നുമാണ് ആരോപണം. തല്‍ഫലമായി താഴെ നിരയിലുളള പ്രവര്‍ത്തകര്‍ക്കാണ് ക്ഷണക്കത്തുകള്‍ ലഭിച്ചത്. ഇവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുമ്പോള്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് അറിവുളളവരായിരുന്നില്ല.

‘ജയ്ശ്രീറാം മുദ്രാവാക്യം ചിലര്‍ സ്നേഹത്തോടെയും ബഹുമാനത്തോടെയും പ്രതിഷേധത്തോടെയും ഉപയോഗിക്കാറുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ അത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല. അത് സംഭവിച്ചുപോയി’, മുന്‍ എംഎല്‍എയും ബിജെപി വക്താവുമായ ശ്രമിക് ഭട്ടാചാര്യ സംഭവത്തിന് ശേഷം പ്രതികരിച്ചു.

 

Top