വിവാദ ഭൂപട പരിഷ്‌കരണ ബില്‍ നേപ്പാൾ പാർലമെന്‍റ് പാസ്സാക്കി

കാഡ്മണ്ഡു: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പരിഷ്‌ക്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബില്‍ നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ പാസായി. നേപ്പാള്‍ ദേശീയ അസംബ്ലിയില്‍ ഏകകണ്ഠമായാണ് ബില്‍ പാസായത്.

അതിര്‍ത്തിയില്‍ ഇന്ത്യ – ചൈന സംഘര്‍ഷം അതീവസങ്കീര്‍ണ്ണമായി നിലനില്‍ക്കുമ്പോഴാണ് നേപ്പാളിന്റെ ഈ പ്രകോപനപരമായ നീക്കം. പുതിയ ഭൂപടം അനുസരിച്ച് കാലാപാനി, ലിപുലേഖ്, ലിംപിയധുര എന്നീ മേഖലകള്‍ നേപ്പാളിന്റേതാണെന്നാണ് അവകാശവാദം.

നേപ്പാളിലെ ഭരണകക്ഷി ജൂണ്‍ 13ന് ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ഒരു ഭരണഘടനാഭേദഗതി ബില്ലിലൂടെയാണ് ഈ പര്‍വതമേഖലയെ നേപ്പാള്‍ സ്വന്തം ഭൂപടത്തോട് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. പ്രസിഡന്റ് അംഗീകരിക്കുക കൂടി ചെയ്താല്‍ ഭൂപട പരിഷ്‌ക്കരണത്തിന് നിയമപരമായ പ്രാബല്യം ലഭിക്കും.

കാലാപാനിയുള്‍പ്പടെ ഇന്ത്യന്‍ സൈന്യം നിര്‍ണായകമായി കണക്കാക്കുന്ന മേഖലകള്‍ അടക്കം സ്വന്തം അതിര്‍ത്തിയ്ക്കുള്ളിലേക്ക് മാറ്റിവരച്ചിരിക്കുകയാണ് നേപ്പാള്‍. ഈ നീക്കത്തിന് പിന്നില്‍ ചൈനയാണെന്ന ആരോപണം ശക്തമായി ഉയരാന്‍ എല്ലാ സാധ്യതകളുമുണ്ട്.

Top