നേപ്പാൾ ഭരണകൂടത്തെയും ഞെട്ടിച്ച നേപ്പാളികളുടെ ഇന്ത്യൻ വിധേയത്വം !

ന്ത്യയ്‌ക്കെതിരായ നീക്കങ്ങള്‍ക്ക് നേപ്പാള്‍ സര്‍ക്കാറിനെ കൂട്ട് പിടിക്കുന്ന ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. നേപ്പാള്‍ ജനതക്കിടയിലുള്ള വര്‍ധിച്ച ഇന്ത്യാ അനുഭാവമാണ് തിരിച്ചടിക്ക് കാരണമായിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തെ ആരാധനയോടെ കാണുന്ന ജനതയാണ് നേപ്പാളിലുള്ളത്. നേപ്പാളി യുവാക്കളുടെ ഏറ്റവും വലിയ സ്വപ്നം തന്നെ ഇന്ത്യന്‍ സൈന്യത്തില്‍ ചേരുക എന്നതാണ്. ഇന്ത്യന്‍ സൈന്യത്തിലെ ഏഴ് ഗൂര്‍ഖാ റെജിമെന്റുകളില്‍ 28000 സൈനികരാണുള്ളത്.

പ്രതിവര്‍ഷം ശരാശരി 28,000 നേപ്പാളി യുവാക്കളാണ് ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നത്. ഇന്ത്യന്‍ സേനയില്‍ നിന്നും വിരമിച്ച ഒന്നര ലക്ഷത്തോളം പേര്‍ ഇപ്പോള്‍ തന്നെ നേപ്പാളിലുമുണ്ട്. ഇവരെ സംബന്ധിച്ചെല്ലാം പിറന്ന നാടിനേക്കാള്‍ പ്രിയപ്പെട്ടതാണ് ഇന്ത്യയെന്ന വികാരം. ചൈന അനുകൂലികളായ നേപ്പാള്‍ ഭരണകൂടത്തിന്റെ ചങ്കിടിപ്പിക്കുന്നതും ഈ യാഥാര്‍ത്ഥ്യമാണ്.

നേപ്പാള്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടക്കേണ്ട ഒരാവശ്യവും ഇല്ല. ഡല്‍ഹി ഒന്നു മനസ്സു വച്ചാല്‍ തന്നെ കാഠ്മണ്ഡുവിലെ അധികാര കസേര നിമിഷ നേരം കൊണ്ട് തെറിച്ചു പോകും. നേപ്പാളി സൈന്യത്തിന്റെ വികാരവും നിലവില്‍ ഇന്ത്യക്ക് അനുകൂലമാണ്. കേട്ടാല്‍ ആര്‍ക്കും അത്ഭുതം തോന്നുന്ന അടുപ്പമാണിത്.

സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യയും നേപ്പാളും തമ്മിലുണ്ടാക്കിയ സമാധാനകരാര്‍ പ്രകാരം ഏതൊരു ഇന്ത്യക്കാരനും നേപ്പാളില്‍ സ്ഥിരതാമസമാക്കാനും ഏത് ജോലിയും ചെയ്യുവാനും കഴിയും. തിരിച്ചും ഇതുപോലെ നേപ്പാളിലുള്ളവര്‍ക്കും ചെയ്യാം. ഈ കരാര്‍ പ്രകാരമാണ് നേപ്പാളിലെ ജനങ്ങള്‍ ഇന്ത്യന്‍ സേനയിലെത്തിയിരിക്കുന്നത്. ഇന്ത്യന്‍ സേനയുടെ മികച്ച പരിശീലനവും ശബളവും പരിഗണനയുമെല്ലാം ആഗ്രഹിക്കാത്ത ഒറ്റ യുവാക്കള്‍ പോലും നേപ്പാളിലുണ്ടാകില്ല. അതാണ് നേപ്പാളിനോടുള്ള ഇന്ത്യന്‍ കരുതല്‍. ഈ യാഥാര്‍ത്ഥ്യം വൈകിയെങ്കിലും ചൈനയും ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്.

ഇതേ കുറിച്ച് പഠിക്കാന്‍ 12.7 ലക്ഷം നേപ്പാളി കറന്‍സി ചിലവാക്കി പഠനം നടത്താനാണ് ചൈന ഒരുങ്ങുന്നത്. ഇന്ത്യാ വിരുദ്ധ നിലപാടുള്ള നേപ്പാള്‍ സര്‍ക്കാറിനും ഇപ്പോള്‍ മനംമാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. അന്ധമായ ചൈനീസ് അനുകൂല നിലപാട് തുടര്‍ന്നാല്‍ തന്റെ കസേര തെറിക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞിരിക്കുന്നത് നേപ്പാള്‍ പ്രധാനമന്ത്രി ഒലിയാണ്. ഇദ്ദേഹമാണ് ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഭൂപടം പുറത്തിറക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. നേപ്പാളി ജനതയ്ക്ക് ഇന്ത്യയോടുള്ള ആഴത്തിലുള്ള സ്‌നേഹവും വൈകാരികവുമായ അടുപ്പവും തിരിച്ചറിയാതെ ആയിരുന്നു ഈ നടപടി.

ചൈന നല്‍കുന്ന സാമ്പത്തിക സഹായം പറ്റി രാജ്യത്തെ തന്നെ ഒറ്റിക്കൊടുക്കുന്ന നിലപാടായിരുന്നു ഒലി സ്വീകരിച്ചിരുന്നത്. നേപ്പാള്‍ സര്‍ക്കാറിന്റെ ഇന്ത്യാ വിരുദ്ധ നിലപാടിനെതിരെ ശക്തമായ വികാരം നേപ്പാള്‍ സൈന്യത്തിലും ഇപ്പോള്‍ പ്രകടമാണ്. ഇതൊരു അട്ടിമറിയിലെത്തിയാലും അത്ഭുതപ്പെടാനില്ല. നേപ്പാള്‍ ഭരണകൂടത്തെ പിറകോട്ടടിപ്പിച്ചിരിക്കുന്നതും ഈ യാഥാര്‍ത്ഥ്യമാണ്. ശ്രീലങ്കയെ വരുതിയിലാക്കിയ പോലെ എളുപ്പത്തില്‍ നേപ്പാളില്‍ ഇടപെടാന്‍ ചൈനക്കും ആവില്ല. അതിന് അവിടുത്തെ ജനങ്ങള്‍ സമ്മതിക്കുകയുമില്ല. ശ്രീലങ്കയില്‍ പോലും ഇന്ത്യ ഇടപെട്ടാല്‍ ഭരണകൂടത്തെ അട്ടിമറിക്കല്‍ അസാധ്യമല്ല. ഇന്ത്യാ വിരുദ്ധ നിലപാട് ശ്രീലങ്ക കടുപ്പിക്കാത്തതും അതുകൊണ്ട് തന്നെയാണ്.

ഇന്ത്യയെ വളയുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ശ്രീലങ്കയെയും നേപ്പാളിനെയും ചൈന സ്വാധീനിക്കുന്നത്. അതിനാണ് വലിയ സാമ്പത്തിക സഹായങ്ങളും നല്‍കിവരുന്നത്. ഇന്ത്യ നല്‍കുന്ന സഹായങ്ങള്‍ മറന്നാണ് ഈ കൈപറ്റല്‍. ഒറ്റുകാരന്റെ സ്വഭാവമാണിത്. ചൈനയുടെ അജണ്ട നാളെ തങ്ങളുടെ രാജ്യത്തെയും കീഴ്‌പ്പെടുത്തുമെന്ന യാഥാര്‍ത്ഥ്യമാണ് നേപ്പാളും ശ്രീലങ്കയും മറന്നു പോയത്. വൈകിയെങ്കിലും അവിടുത്തെ ജനങ്ങള്‍ക്ക് ഇപ്പോള്‍ എന്തായാലും ഈ ‘ഹിഡന്‍ അജണ്ട’ മനസ്സിലായിട്ടുണ്ട്. നേപ്പാളില്‍ ഉയരുന്ന പ്രതിഷേധക്കൊടിയും അതിന്റെ സൂചനയാണ്.

Top