മരണത്തെ ഭയമില്ലാത്ത നേപ്പാൾ ഗൂർഖകൾ ഇന്ത്യൻ സേനയുടെ കരുത്ത്

രിക്കാൻ ഭയമില്ലന്ന് ഒരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറയുന്നു അതല്ലെങ്കിൽ അയാളൊരു ഗൂർഖയാണ്”. ഗൂർഖ റെജിമെന്റിനെക്കുറിച്ച് ഇന്ത്യൻ സൈന്യത്തിന്റെ ആദ്യത്തെ ഫീൽഡ് മാർഷൽ സാം മനേക് ഷായുടെ വാക്കുകളാണിത്. തീർച്ചയായും ശരിയായ വിലയിരുത്തലാണിത്. നേപ്പാളിലെ ധീരൻമാർക്ക് ഇന്ത്യയെ സേവിക്കുവാനുള്ള അവസരമാണ് രാജ്യം ഇപ്പോഴും നൽകിവരുന്നത്. ഇതിനായാണ് ഗൂർഖാ റെജിമെന്റ് എന്ന പ്രത്യേക വിഭാഗം ഇന്ത്യൻ സൈന്യത്തിൽ പ്രവർത്തിക്കുന്നത്. ചൈനയെ സംബന്ധിച്ച് കണ്ണിലെ പ്രധാന കരടാണിവർ. വിവിധ യുദ്ധങ്ങളിൽ ഇന്ത്യയോടുള്ള കൂറ് തെളിയിച്ച ഗൂർഖാ റെജിമെന്റിൽ അംഗമായിട്ടുള്ള നേപ്പാളികൾ ചൈനയുടെ നേപ്പാൾ സ്വപ്നത്തിനും വിലങ്ങുതടിയാണ്.

ഇന്ത്യയെ വളയാൻ ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ രാജ്യങ്ങളിൽ ആധിപത്യം പുലർത്തുക എന്നതാണ് ചൈനയുടെ പരമ പ്രധാനമായ അജണ്ട. ശ്രീലങ്കയിൽ തുറമുഖം കൈവശപ്പെടുത്തിയതും ഒരു ചൈനീസ് ചാരക്കപ്പൽ അവിടെ എത്തിയതും എല്ലാം ലോകം കണ്ടതാണ്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി തന്നെ ചൈനയുമായി ഉണ്ടാക്കിയ ബന്ധം മൂലം ഉണ്ടായതാണ്. സാമ്പത്തികമായി ബാധ്യത നിലനിൽക്കുന്നതിനാൽ ചൈനയെ അത്ര പെട്ടന്ന് ഒഴിവാക്കാൻ ഏത് ഭരണകൂടം വന്നാലും ശ്രീലങ്കയ്ക്ക് കഴിയുകയില്ല. എന്നാൽ ശ്രീലങ്കയെ താവളമാക്കി ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തുന്ന നടപടിക്കെതിരെ ശക്തമായ പ്രതിരോധമാണ് ഇന്ത്യ ഉയർത്തുന്നത്. ഇന്ത്യൻ പ്രതിരോധ കരുത്ത്, ചൈനീസ് ചാരക്കപ്പലും ശരിക്കും അനുഭവിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രതിരോധ രഹസ്യങ്ങൾ ചോർത്താൻ വന്ന ചാരക്കപ്പലിലെ രഹസ്യങ്ങൾ ഇന്ത്യൻ ഹാക്കർമാർ ചോർത്തിയതായാണ് റിപ്പോർട്ടുകൾ. ചൈനയെ സംബന്ധിച്ച് ഇത് തികച്ചും അപ്രതീക്ഷിതമാണ്.

ശ്രീലങ്കയെ എളുപ്പത്തിൽ വരുതിയിലാക്കിയതു പോലെ ഇന്ത്യയുടെ മറ്റൊരു അയൽ രാജ്യമായ നേപ്പാളിനെ വരുതിയിലാക്കാൻ ചൈനയ്ക്ക് ഒരിക്കലും കഴിയുകയില്ല. ചൈന ചില നീക്കങ്ങളെല്ലാം നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. ചൈനീസ് അനുകൂല നിലപാട് നേപ്പാൾ ഭരണകൂടം പിന്തുടർന്നാൽ ആ ഭരണകൂടം തന്നെയാണ് അട്ടിമറിക്കപ്പെടുക. അവിടെയാണ് ഗൂർഖ റെജിമെന്റിന്റെ പ്രസക്തി. ഇതിനകം തന്നെ ലക്ഷക്കണക്കിന് നേപ്പാളികൾ ഇന്ത്യയുടെ ഈ സേനാ വിഭാഗത്തിന്റെ ഭാഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സർവ്വീസിൽ നിന്നും റിട്ടയർ ചെയ്തവർ ഉൾപ്പെടെ വലിയ ഒരു വിഭാഗം പോരാളികളാണ് നേപ്പാളിൽ നിലവിലുള്ളത്. ചൈനയുമായി കൂട്ട് ചേർന്ന് ഇന്ത്യാ വിരുദ്ധ നീക്കം നേപ്പാൾ ഭരണകൂടം നടത്തിയാൽ അവിടെ കയറി ആദ്യം പ്രതികരിക്കുക ഈ പോരാളികൾ ആയിരിക്കും.

നേപ്പാളിലെ ഇന്ത്യൻ അനുകൂലികളെ മുൻ നിർത്തി എന്തും നടത്താനുള്ള ശേഷി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’ക്ക് ഉണ്ടെന്നാണ് അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ പോലും വിലയിരുത്തുന്നത്. ശ്രീലങ്കയിലെ പ്രക്ഷോഭത്തിന് പിന്നിലും ഇന്ത്യയുടെ ഈ അദൃശ്യ ശക്തിയുടെ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ടാകാം എന്ന നിഗമനവും സി.ഐ.എയ്ക്കുണ്ട്. ശ്രീലങ്കയിലെ ചൈനീസ് സ്വാധീനം തടയിടാൻ ലഭിച്ച അവസരം ഇന്ത്യ ശരിക്കും ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിൽ വസ്തുത എന്തായാലും പഴയ പോലൊരു അടുപ്പം നിലവിലെ സാഹചര്യത്തിൽ ശ്രീലങ്കൻ ഭരണ കൂടത്തിന് ചൈനയോട് സാധ്യമല്ല.

ഇന്ത്യയെ പിണക്കി മുന്നോട്ട് പോകുന്നതും വലിയ റിസ്ക്കായിരിക്കും. ഇന്ത്യ ഒന്നു വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് കയ്യിലിരിക്കുന്ന രാജ്യമാണ് ശ്രീലങ്ക. എന്നാൽ ഇന്ത്യ ഒരിക്കലും അത്തരമൊരു നിലപാടിലേക്ക് മാറിയിട്ടില്ല. യുക്രെയിൻ ആക്രമിക്കാൻ റഷ്യ പറഞ്ഞ കാരണം രാജ്യ സുരക്ഷയാണെങ്കിൽ ഇന്ത്യ ശ്രീലങ്കയെ എപ്പോഴോ കടന്നാക്രമിക്കണമായിരുന്നു. ഇന്ത്യയുടെ സംയമനം ഒന്നുകൊണ്ടു മാത്രമാണ് ചൈന ശ്രീലങ്കയിൽ തുറമുഖം തുറന്നതും അവിടെ ഇപ്പോൾ ചൈനീസ് ചാരക്കപ്പൽ അടുത്തിരിക്കുന്നതും. യുക്രെയിനിൽ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും സൈനിക താവളം നൽകാൻ ശ്രമിച്ച നീക്കമാണ് അയൽ രാജ്യമായ റഷ്യയെ തിരിച്ചടിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കയിൽ ചൈന തുറമുഖം കൈവശപ്പെടുത്തിയതും സൈനിക ആവശ്യം മുൻ നിർത്തി തന്നെയാണ്. റഷ്യയുടെ നയപ്രകാരം തിരിച്ചടിക്കേണ്ട പ്രകോപനം തന്നെയാണിത്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല.

ശ്രീലങ്കക്കു പിന്നാലെ നേപ്പാളാണ് ചൈന താവളമാക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നേപ്പാളിലെ ചൈനീസ് നീക്കം, ശ്രീലങ്കയിലൂടെ ചൈന ഉയർത്തുന്ന ഭീഷണി പോലെയല്ല. നേപ്പാളിനെ മുൻ നിർത്തി മുന്നോട്ട് പോകാൻ ശ്രമിച്ചാൽ നേപ്പാളികളാൽ കൈകാര്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് ചൈനീസ് സൈനികരും മാറുക. ഇക്കാര്യത്തിൽ എന്തായാലും ഇന്ത്യയ്ക്ക് യാതൊരു സംശയവും ഇല്ല. ഇന്ത്യൻ രക്തം ശരീരത്തിൽ അലിഞ്ഞു ചേർന്ന ഇതുപോലൊരു ജനത ഇന്ത്യയ്ക്കു പുറത്ത് നേപ്പാളിലല്ലാതെ മറ്റൊരു രാജ്യത്തും നമുക്ക് കാണാൻ കഴിയുകയുമില്ല. അഗ്നിപഥ് സായുധ സേനാ പദ്ധതിയുമായി ഇന്ത്യൻ സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഗൂർഖ റെജിമെന്റിനെ കുറിച്ച് നിരവധി ചോദ്യങ്ങളും ഉയർന്നിട്ടുണ്ടെങ്കിലും അതിലൊന്നും ഒരു കഴമ്പും ഇല്ലന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള നേപ്പാളികളുടെ അവസരം തുടർന്നും ലഭിക്കുമെന്നതാണ് സൈന്യത്തിന്റെയും നിലപാട്.

1947ലെ – ത്രികക്ഷി ഇന്ത്യ – നേപ്പാൾ – യുകെ കരാറിന്റെ ഭാഗമായിട്ടാണ് നേപ്പാളി യുവാക്കൾക്ക് സേനയിൽ ചേരാനുള്ള അനുമതി തുടർന്നിരുന്നത്. ഇന്ത്യൻ സൈനികർക്ക് ലഭിക്കുന്ന തുല്യ ആനുകൂല്യങ്ങളും പെൻഷൻ സൗകര്യങ്ങളുമാണ് നേപ്പാളികളായ ഇവർക്കും ലഭിക്കുന്നത്. ഒരു വിവേചനവും കാണിക്കാത്ത ഇന്ത്യയുടെ ഈ നിലപാട് നേപ്പാളിന്റെ മനസ്സാണ് കീഴടക്കിയിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിൽ ചേരുക എന്നത് ഇന്ന് നേപ്പാളി യുവാക്കളുടെ ഏറ്റവും വലിയ സ്വപനമാണ്. ഒരു പരമാധികാര രാജ്യം മറ്റൊരു പരമാധികാര രാജ്യത്തിന്റെ സൈന്യത്തിന് വേണ്ടി യുദ്ധം ചെയ്യാൻ ജനങ്ങളെ അയക്കുന്നത് ഉചിതമല്ലെന്ന നിലപാട് മുൻ നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്നുണ്ടെങ്കിലും ഈ വാദമൊന്നും നേപ്പാളിൽ ചിലവായിട്ടില്ല. ഇത്തരം വാദങ്ങളെ ചൈനയുടെ നാവായാണ് നേപ്പാൾ യുവത്വവും നോക്കി കാണുന്നത്. ഇവരുടെയെല്ലാം കുടുംബത്തിൽ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ അനവധി പേരാണുള്ളത്.

ഇന്ത്യൻ സൈന്യത്തിൽ ചേരുന്നതിന്റെ ഒരു നീണ്ട പാരമ്പര്യമാണ് നേപ്പാളിനുള്ളത്. സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യയും നേപ്പാളും തമ്മിലുണ്ടാക്കിയ സമാധാന കരാർ പ്രകാരം ഏതൊരു ഇന്ത്യക്കാരനും നേപ്പാളിൽ സ്ഥിരതാമസമാക്കാനും, ഏത് ജോലിയും ചെയ്യാനും കഴിയും. തിരിച്ചും ഇതുപോലെ നേപ്പാളിലുള്ളവർക്കും ചെയ്യാം. ഈ കരാർ പ്രകാരമാണ് നേപ്പാളിലെ ജനങ്ങൾ ഇന്ത്യൻ സേനയിൽ ജവാനും ഉദ്യോഗസ്ഥരും എല്ലാം ആയി സേവനമനുഷ്ടിച്ചു വരുന്നത്. ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ച് ഏറെ അവിഭാജ്യ ഘടകമാണ് ഗൂര്‍ഖ റെജിമെന്റ്. നിരവധി ധീരതാ പുരസ്കാരങ്ങൾ ഇതിനകം തന്നെ ഈ സേനാ വിഭാഗം നേടിയിട്ടുണ്ട്.

അഫ്‍ഗാന്‍ യുദ്ധം, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, യുഎന്‍ സമാധാന സേന എന്നിവയിലും അവര്‍ ശക്തമായ സാന്നിധ്യമറിയിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം 6റെജിമെന്റുകളാണ് ഇന്ത്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്നിരുന്നത്. പിന്നീട് ഒരു റെജിമെന്റ് കൂടി സൃഷ്ടിക്കപ്പെട്ടു. ഇപ്പോള്‍ 7 റെജിമെന്റുകളിലായി 42 ബറ്റാലിയന്‍ ഗൂര്‍ഖകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാണ്. അരലക്ഷത്തോളം പേരാണ് ഇതിലുള്ളത്. വിശിഷ്ട സേവനത്തിനും ധീരതയ്ക്കുമായി നിരവധി പുരസ്ക്കാരങ്ങളും ഗൂർഖ റെജിമെന്റ് കരസ്ഥമാക്കിയിട്ടുണ്ട്. സിയാച്ചിനില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ മേഘദൂതില്‍, പ്രധാന പങ്കുവഹിച്ചത് ഗൂര്‍ഖ റെജിമെന്റിലെ നാലാമത്തെ ബറ്റാലിയന്‍ ആണ്. സാം മനേക് ഷാ, ദാല്‍ബീര്‍ സിങ് സുഹാഗ് എന്നിവരും ഗൂര്‍ഖ റെജിമെന്റിന്റെ ഭാഗമായിരുന്നു. ഹിമാലയൻ മേഖലയിലെ ഹീറോകളാണ് ഗൂർഖകൾ . കഠിനവും ദുഷ്‌കരവുമായ ഭൂപ്രദേശത്ത്, അനായാസം പോരാടാൻ ഇവർക്ക് കഴിയും. ശക്തമായ മനക്കരുത്തും, പ്രതിരോധശേഷിയും ശാരീരിക ശക്തിയും ഗൂർഖകൾക്കുണ്ട്. ചൈനീസ് സൈനികരെ സംബന്ധിച്ച് ഇന്നും ഇന്ത്യയുടെ ഗൂര്‍ഖ റെജിമെന്റ് ഒരു പേടി സ്വപ്നം തന്നെയാണ്.

EXPRESS KERALA VIEW

 

 

Top