കൊവിഡ് ; ചൈനീസ് വാക്‌സിൻ വാങ്ങാൻ നേപ്പാൾ

കാഠ്‌മണ്ഡു: ചൈനയുടെ സിനോഫാം നിർമിക്കുന്ന നാല് ലക്ഷത്തോളം കൊവിഡ് വാക്‌സിനുകൾ വാങ്ങാൻ തീരുമാനിച്ചതായി നേപ്പാൾ സർക്കാർ. ചില പ്രത്യേക കരാറുകളുടെ അടിസ്ഥാനത്തിലാകും വാക്‌സിൻ വാങ്ങുക. വാക്‌സിനുകളുടെ വില സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഓരോ ഡോസിന്‍റേയും നിരക്ക് പരസ്യമാക്കുന്നതിന് വ്യവസ്ഥയില്ലെന്ന് അധികൃതർ പറഞ്ഞു. ജൂൺ അവസാനത്തോടെ വാക്സിനുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി പറഞ്ഞു.

അതേസമയം വാക്‌സിനുകളുടെ രണ്ട് ഡോസുകളുടെ വില 18 ഡോളർ മുതൽ 21 ഡോളർ വരെയാകുമെന്ന് നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്ത് ചൈന 1.8 ദശലക്ഷം ഡോസ് വെറോ സെൽ വാക്‌സിനുകൾ നേപ്പാളിന് നൽകിയിരുന്നു. ജനുവരിയിൽ ഇന്ത്യയിൽ നിന്ന് ഒരു ദശലക്ഷം കൊവിഷീൽഡ് വാക്സിനുകളും നേപ്പാളിന് ലഭിച്ചിരുന്നു.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് രണ്ട് ദശലക്ഷം വാക്‌സിനുകളുടെ വില മുൻകൂട്ടി നൽകുകയും എന്നാൽ ഒരു ദശലക്ഷം വാക്സിനുകൾ മാത്രമാണ് ലഭിച്ചത്. വാക്‌സിൻ കയറ്റുമതി ഇന്ത്യ നിരോധിച്ചതിനെത്തുടർന്ന് ബാക്കി ഒരു ദശലക്ഷം വാക്സിനുകൾ നേപ്പാളിന് ലഭിച്ചിട്ടില്ല. അതേസമയം 72 ശതമാനത്തോളം ആളുകൾക്കും വാക്‌സിൻ നൽകേണ്ടതുണ്ട്. കൊവിഡ് വാക്‌സിനുകൾ വാങ്ങുന്നതിനായി ലോക ബാങ്ക് ഇതിനകം 75 മില്യൺ ഡോളർ നേപ്പാളിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Top